ADVERTISEMENT

റായ്പുര്‍ ∙ ആകാംക്ഷാഭരിതമായൊരു ത്രില്ലറായിരുന്നു ഛത്തീസ്ഗഡിൽ ബാലറ്റ് യന്ത്രങ്ങൾ സമ്മാനിച്ചത്.  ഓരോ മിനിറ്റിലും മാറിമറിഞ്ഞ ഫലത്തിനൊടുവിൽ ഛത്തീസ്‌ഗഡിൽ ബിജെപിയുടെ പ്രതികാരം. സംസ്ഥാനം രൂപീകൃതമായതു മുതൽ നീണ്ട 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് 2019ൽ അധികാരം പിടിച്ച കോൺഗ്രസിനെ വീഴ്ത്തിയാണ് എക്സിറ്റ് പോൾ പ്രവചനങ്ങളെ പോലും തെറ്റിച്ച് ബിജെപിയുടെ വിജയം.

മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാനത്തു പ്രചാരണം നടത്തിയത്. കഴിഞ്ഞ തവണ കോൺഗ്രസ് നേടിയ പല സീറ്റുകളിലും അവരെ വിറപ്പിച്ചാണ് ബിജെപി മുന്നേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിനാണ് ഛത്തീസ്ഗഡ് സാക്ഷിയായത്. മഹാദേവ് വാതുവയ്പ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ ബാഗെലിന് 508 കോടി രൂപ നല്‍കിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ ബിജെപി ആയുധമാക്കി. നിരവധി ക്ഷേമപദ്ധതികൾ ഭൂപേഷ് ബാഗെൽ സർക്കാർ നടപ്പാക്കിയിരുന്നെങ്കിലും മിക്കതിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രചാരണം വോട്ടർമാർ മുഖവിലയ്ക്കെടുത്തു എന്നാണു ഫലം തെളിയിക്കുന്നത്. ആ അടിയൊഴുക്കിൽ പല നിർണായക മേഖലകളും കോൺഗ്രസിനെ കൈവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ബിജെപി പ്രചാരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.

നേര്‍ക്കുനേര്‍ ഭൂപേഷ് ബാഗെലും നരേന്ദ്ര മോദിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും തമ്മില്‍ നേര്‍ക്കുനേർ പോരാട്ടമായിരുന്നു ഛത്തീസ്ഗഡില്‍ അരങ്ങേറിയത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരേയും ഉയര്‍ത്തിക്കാട്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയായിരുന്നു പ്രചാരണം. 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. മോദിയെ മുന്‍നിർത്തിയാണ് പ്രചാരണഗാനം പോലും ബിജെപി പുറത്തിറക്കിയത്. ഭരണതലത്തിലെ അഴിമതികളും മഹാദേവ് വാതുവയ്പ് ആപ് അഴിമതി അടക്കമുള്ള കാര്യങ്ങളുമാണ് പ്രധാനമന്ത്രിയും അമിത് ഷാ അടക്കമുള്ള നേതാക്കളും പ്രചാരണത്തില്‍ ആരോപിച്ചിരുന്നത്. ബാഗെലായിരുന്നു ആക്രമണലക്ഷ്യം. കോൺഗ്രസിനെ ആക്രമിക്കാതെ ഭൂപേഷ് ബാഗെലിനെ ആക്രമിക്കുകയായിരുന്നു നേതാക്കൾ.

ബിജെപി കാര്യമായി പരിഗണിക്കാതിരുന്ന മുൻമുഖ്യമന്ത്രി രമൺ സിങ്ങിനും ഛത്തീസ്ഗഡിലെ വിജയം ആശ്വാസമാണ്. എന്നാൽ, അദ്ദേഹത്തെ ഇനിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നതും കണ്ടറിയേണ്ടതാണ്. 

കോൺഗ്രസ് ഭൂപേഷ് ബാഗെലിന്റെ ജനപ്രീതി മുൻനിർത്തിയായിരുന്നു പ്രചാരണത്തിനിറങ്ങിയത്. ബാഗെലായിരുന്നു കോണ്‍ഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. ‘പ്രതീക്ഷയുടെ സര്‍ക്കാര്‍ ബാഗെല്‍ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയ കോണ്‍ഗ്രസ്, ‘കര്‍ഷകന്റെ മകനു കര്‍ഷകരുടെ മനസ്സറിയാം’ എന്ന അവകാശവാദത്തോടെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി. ഇഡ‍ിയെ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. പക്ഷേ സര്‍ക്കാരിന്റെ പദ്ധതികളില്‍ അഴിമതിയുണ്ടെന്ന ബിജെപി ആരോപണവും മോദി പ്രഭാവവും കോൺഗ്രസിനെ വീഴ്ത്തി.

കര്‍ഷകനാണ് 'താരം'

കര്‍ഷകരായിരുന്നു ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിലെ മിന്നുംതാരം. വിജയിച്ചു കയറാനായി ബിജെപിയും കോണ്‍ഗ്രസും മല്‍സരിച്ചാണ് കര്‍ഷകക്ഷേമ പ്രഖ്യാപനങ്ങൾ നടത്തിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം തന്നെയായിരുന്നു ഇത്തവണയും കോണ്‍ഗ്രസിന്റെ വജ്രായുധം. കഴിഞ്ഞ തവണ ഇതേ വാഗ്ദാനമായിരുന്നു കോണ്‍ഗ്രസിനെ തുണച്ചത്. ജാതി സെന്‍സസ് നടപ്പാക്കും, കര്‍ഷകരില്‍നിന്നു നെല്ല് സംഭരിക്കുന്നത് ഉയര്‍ത്തും, 17.5 ലക്ഷം ദരിദ്രര്‍ക്കു വീട് നിര്‍മിച്ചു നല്‍കും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്‍കെജി മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, വനിതകള്‍ക്ക് ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്‌സിഡി, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യസഹായ പദ്ധതിയിലൂടെ സൗജന്യ ചികിത്സ തുടങ്ങിയവയായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍. പ്രിയങ്ക, രാഹുല്‍ തുടങ്ങിയ നേതാക്കള്‍ ഓരോ പൊതുജനറാലിയിലും വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

ഡല്‍ഹി വികസന മാതൃകയില്‍ സംസ്ഥാന വികസനം. കൃഷി ഉന്നതി യോജന പദ്ധതിയില്‍ ഒരേക്കറില്‍നിന്ന് 21 ക്വിന്റല്‍ നെല്ല് 3,100 രൂപ വീതം നല്‍കി സംഭരിക്കും, കാര്‍ഷികക്ഷേമ പദ്ധതികള്‍, ഭൂരഹിതരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതം, വിവാഹിതകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ വീതം, പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ 18 ലക്ഷം ഗുണഭോക്താക്കള്‍ക്കു വീട് നിര്‍മിക്കാന്‍ പണം, ബിപിഎല്‍ കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 1.50 ലക്ഷം നല്‍കുന്ന പദ്ധതി, അയോധ്യാ സന്ദര്‍ശനം തുടങ്ങിയവയായിരുന്നു ബിജെപിയുടെ പ്രഖ്യാപനങ്ങൾ. കൃഷിയെയും കാര്‍ഷികമേഖലയെയും ആശ്രയിച്ചു കഴിയുന്നവരാണ് സംസ്ഥാനത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം. ക്ഷേമപദ്ധതികളിലൂടെ അവരെ കൂട്ടുപിടിച്ച് വിജയം ഉറപ്പാക്കാനായിരുന്നു ഇരുപാര്‍ട്ടികളുടേയും ശ്രമം. വനിതകൾക്ക് സഹായകമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ബിജെപിയെ തുണച്ചതെന്ന് വിലയിരുത്താം. 

സമുദായ സമവാക്യങ്ങള്‍

ഒബിസി- 37%, എസ്ടി- 34%, എസ്.സി- 15%, മറ്റു ന്യൂനപക്ഷങ്ങള്‍- 9%, ജനറല്‍- 5% എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജനസംഖ്യാ കണക്ക്. ആദിവാസി വോട്ടുകളിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന പിന്നാക്ക മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ നിലതെറ്റിക്കാൻ ബിജെപിക്കായി.  ബിജെപി ഒബിസി വോട്ടുകൾ ലക്ഷ്യമിട്ടപ്പോൾ, അവരുടെ ഒബിസി വിരോധം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയടക്കം തിരഞ്ഞെടുപ്പു പ്രചാരണറാലികളിൽ ആഞ്ഞടിച്ചത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് / വോട്ടുശതമാനം

കോണ്‍ഗ്രസ്-68 (43.04%)

ബിജെപി-15 (32.97%)

ജെസിസിജെ- 5 (7.61)

ബിഎസ്പി-2 (3.9%)

English Summary:

2023 Chhattisgarh Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com