ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സാംപിൾ വെടിക്കെട്ട് കലക്കാമെന്ന കോൺഗ്രസിന്റെ സ്വപ്നം നനഞ്ഞ പടക്കമായി. പൊതു തിരഞ്ഞെടുപ്പിനു മുന്നേയുള്ള സെമിഫൈനലിൽ കോൺഗ്രസിനും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടി; വിജയാമിട്ടുകൾ വിരിയിച്ച് ബിജെപിയുടെ കുതിപ്പ്. മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ മേധാവിത്വത്തോടെയാണു ബിജെപി അധികാരം നേടിയത്. ആവേശപ്പോരിൽ ഛത്തീസ്ഗഡും ബിജെപി പിടിച്ചെടുത്തു. തെലങ്കാനയിലെ വിജയം മാത്രമാണു കോൺഗ്രസിന് ആശ്വാസം.

സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറ്റവും മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടവും രാജസ്ഥാനിൽ ബിജെപി ഭരണവുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. 8 എക്സിറ്റ് പോളുകളിൽ നാലെണ്ണം വീതം മധ്യപ്രദേശിൽ കോൺഗ്രസിനും ബിജെപിക്കും മുൻതൂക്കം പ്രവചിച്ചു. രാജസ്ഥാനിൽ ആറെണ്ണം ബിജെപിക്കും രണ്ടെണ്ണം കോൺഗ്രസിനും മേൽക്കൈ നൽകി. ഛത്തീസ്ഗഡിൽ കോൺഗ്രസ് തുടരുമെന്ന് എല്ലാവരും പ്രവചിച്ചു. തെലങ്കാനയിലും ഭൂരിപക്ഷം സർവേകളും കോൺഗ്രസിനൊപ്പമായിരുന്നു. പക്ഷേ, എക്സിറ്റ് പോളുകളിൽ തെലങ്കാന മാത്രമാണു കോൺഗ്രസിനെ തുണച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള കളമൊരുക്കലിൽ ഹിന്ദി ഹൃദയഭൂമിയിൽ ആധിപത്യം സ്ഥാപിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണു ബിജെപി. മധ്യപ്രദേശിൽ തുടർഭരണം നേടിയതും രാജസ്ഥാനിൽ കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്തതും ഛത്തീസ്ഗഡിൽ കനത്ത പോരാട്ടം കാഴ്ചവച്ചതും ബിജെപി ക്യാംപിനെ ആവേശത്തിലാഴ്ത്തുന്നു. തെലങ്കാനയിലെ വൻതിരിച്ചുവരവ് കോൺഗ്രസിനുള്ള പിടിവള്ളിയാണ്. തുടർഭരണം ഉറപ്പിച്ച ബിആർഎസിനെ ബഹുദൂരം പിന്നിലാക്കിയാണു തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിലേറുന്നത്. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ 4 സംസ്ഥാനങ്ങളിലെ ഫലങ്ങളാണു പുറത്തുവന്നത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90, തെലങ്കാനയിൽ 119, രാജസ്ഥാനിൽ 199 സീറ്റുകളിലേക്കായിരുന്നു ജനവിധി.

ഒറ്റയ്ക്കുള്ളതല്ല, കൂട്ടായ ലക്ഷ്യമാണു നേടാനെളുപ്പമെന്നു കോൺഗ്രസിനോടു മറ്റു പ്രതിപക്ഷ പാർട്ടികൾ പറഞ്ഞെങ്കിലും അതു കളഞ്ഞുകുളിച്ചെന്ന് വിമർശനമുണ്ട്. പാർട്ടികൾ‍ തനിച്ചല്ല, മുന്നണിയായാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നു തീരുമാനിച്ചിരുന്നില്ലെന്നതു ശരിയാണ്. എന്നാൽ, ‘ഇന്ത്യ’യുടെ ആദ്യ റാലി ഭോപാലിൽ നടത്താമെന്നു കോൺഗ്രസ് പറഞ്ഞപ്പോൾ, നിയമസഭകളിലേക്കും മുന്നണിയെന്ന പ്രതീതിയായി. ഭോപാലിൽ റാലി വേണ്ടെന്നു തീരുമാനിച്ചതു മുന്നണിയോ കോൺഗ്രസ് നേതൃത്വമോ അല്ല, കമൽനാഥാണ്. ഡിഎംകെയുടെയും മറ്റും നേതാക്കൾക്കൊപ്പം നിൽക്കുന്നത് തന്റെ മൃദുഹിന്ദുത്വ പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കുമെന്നതായിരുന്നു അതിനു പറഞ്ഞ കാരണം. മധ്യപ്രദേശിൽ‍ സമാജ്‌വാദി പാർട്ടിയും ജെഡിയുവും ആം ആദ്മിയും, ഛത്തീസ്ഗഡിലും തെലങ്കാനയിലും ഇടതു പാർട്ടികളും കോൺഗ്രസുമായി സഹകരണം ആഗ്രഹിച്ചു. തെലങ്കാനയിൽ ഒരു സീറ്റ് സിപിഐക്കു ലഭിച്ചതു മാത്രമാണ് അപവാദം.

∙ താമരയ്ക്കു മുന്നിൽ വാടിയ ‘കൈ’ക്കരുത്ത്

തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചപ്പോഴും പ്രചാരണ സമയത്തും ആഹ്ലാദത്തിലായിരുന്നു കോൺഗ്രസ്. പാർട്ടി നേതൃത്വവും അണികളും ഊർജസ്വലരായി രംഗത്തുണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നായിരുന്നു പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ ആത്മവിശ്വാസവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ അപ്രമാദിത്വത്തെ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും മറികടക്കാനായെന്നും വിലയിരുത്തി. അഭിപ്രായ സര്‍വേ ഫലങ്ങളിലും കോൺഗ്രസ് ആശ്വസിച്ചു. എന്നാൽ യാഥാർഥ ജനവിധിക്കു മുന്നിൽ പാർട്ടി പകച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെ, ബിജെപിയെ ഭയപ്പെടുത്തി മേൽക്കൈ നേടാമെന്ന കണക്കുകൂട്ടലാണു തെറ്റിയത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ അടുത്തിടെ രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയുടെ ഭാവിയെ തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. മുന്നണിയായി മത്സരിച്ചില്ലെങ്കിലും കോൺഗ്രസിന്റെ പ്രകടനമാണു മുന്നോട്ടുള്ള യാത്രയിൽ പ്രതിഫലിക്കുക. ഒറ്റയ്ക്കൊറ്റയ്ക്കു മത്സരിച്ചാൽ മോദിയെയോ ബിജെപിയെയോ തോൽപ്പിക്കാൻ കഴിയില്ലെന്നു ബോധ്യമായപ്പോഴാണു പ്രതിപക്ഷ പാർട്ടികൾ ഒരു കുടക്കീഴിൽ നിൽക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ സഖ്യത്തിന്റെ ചുരുക്കപ്പേര് ‘ഇന്ത്യ’ എന്നായപ്പോൾ ബിജെപിയിൽ ആശങ്കയുടെ കാർമേഘം ഉരുണ്ടുകൂടി. ‘ഇന്ത്യ’ എന്ന പേരിലൂടെ പ്രതിപക്ഷം മേൽക്കൈ നേടിയതോടെ, അവഗണിച്ച് ഇല്ലാതാക്കുന്ന രീതി ബിജെപി മാറ്റിവച്ചു. നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.

‘‘പ്രതിപക്ഷ ‘ഘമാണ്ഡിയ’ (അഹങ്കാരം) സഖ്യം സനാതന ധർമത്തെ തകർക്കാൻ ആഗ്രഹിക്കുന്നു. രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാനാണു ചിലരുടെ പ്രവർത്തനം. ഇന്ത്യ മുന്നണി സനാതന ധർമത്തിനും രാജ്യത്തിന്റെ സംസ്കാരത്തിനും പൗരന്മാർക്കും ഭീഷണിയാണ്’’– സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം ഓർമിപ്പിച്ച് മോദി പറഞ്ഞു. ഡിഎംകെയുടെ സനാതന ധർമ വിവാദം വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കാമെന്നു നിരീക്ഷകർ കരുതുന്നു. വികസനമില്ലായ്മയും ഭരണവിരുദ്ധ വികാരവും മറികടക്കാൻ മധ്യപ്രദേശിൽ സഹായിച്ചതു സനാതന ധർമ വിവാദമാണെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. തമിഴ്നാട്ടിൽ വോട്ടുകിട്ടാൻ സഹായിച്ചേക്കാമെങ്കിലും ഇത്തരം വിവാദങ്ങൾ ദേശീയ തലത്തിൽ നഷ്ടമേ വരുത്തൂ. ബിജെപിക്ക് ആയുധങ്ങൾ കയ്യിൽ കൊടുക്കേണ്ടതില്ലെന്നു കോൺ‌ഗ്രസും മുന്നണിയും മനസ്സിലാക്കുന്നുണ്ട്.

മുന്നണിപ്പേരിനെ ചൊല്ലിയുള്ള ഈ വാചകക്കസർത്തൊന്നും ജനങ്ങളെ ബാധിച്ചില്ലെന്നാണു തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. മധ്യപ്രദേശിൽ 161 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 230 സീറ്റുള്ള ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായിരുന്നിട്ടും പ്രതിപക്ഷമായ കോൺഗ്രസിന് 48 സീറ്റാണു നഷ്ടപ്പെട്ടത്. 2018നേക്കാൾ 52 സീറ്റ് അധികം നേടി 161 സീറ്റോടെ ബിജെപിക്ക് ഭരണത്തുടർച്ച. രാജസ്ഥാനിലെ 199 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 39 സീറ്റുകൾ കൂടുതൽ നേടിയ ബിജെപി 112 സീറ്റുകളിൽ മുന്നേറി. 28 സീറ്റുകൾ നഷ്ടപ്പെട്ട ഭരണപക്ഷമായ കോൺഗ്രസിനു 72 സീറ്റ് മാത്രം. 90 നിയമസഭാ മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിലും ദയനീയ തോൽവിയാണു കോൺഗ്രസിന്. ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് 35 സീറ്റുകൾ കൈമോശം വന്നു. 39 സീറ്റുകൾ കൂടുതലായി നേടി ബിജെപി 54 ഇടത്ത് മുന്നേറി ഭരണം ഉറപ്പിച്ചു. അതേസമയം, തെലങ്കാനയിൽ ഗംഭീര വിജയമാണു കോൺഗ്രസിന്റേത്. കഴിഞ്ഞ തവണത്തേക്കാൾ 47 സീറ്റുകൾ അധികം നേടി 66 സീറ്റോടെയാണു ഭരണം പിടിച്ചത്. ഭരണകക്ഷിയായ ബിആർഎസിന് 49 സീറ്റുകൾ നഷ്ടമായി 39 സീറ്റിലൊതുങ്ങി. 7 സീറ്റ് വർ‌ധിപ്പിച്ച് 8 ജയവുമായി ബിജെപി നില മെച്ചപ്പെടുത്തി.

∙ ഹൃദയം കയ്യിലെടുക്കാനാകാതെ കോൺഗ്രസ്

ഹിന്ദിഹൃദയഭൂമിയിലെ വലിയ രണ്ടു സംസ്ഥാനങ്ങളാണു മധ്യപ്രദേശും രാജസ്ഥാനും. രണ്ടിടങ്ങളിലും ഭരണം പിടിക്കാൻ അഭിമാന പോരാട്ടത്തിലായിരുന്നു ബിജെപിയും കോൺഗ്രസും. മധ്യപ്രദേശിൽ ബിജെപിക്ക് എതിരായ ഭരണവിരുദ്ധ വികാരത്തിലായിരുന്നു കോൺഗ്രസ് പ്രതീക്ഷ. രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ഭരണവിരുദ്ധ തരംഗമാണെന്നു ബിജെപിയും കണക്കുകൂട്ടി. രണ്ടിടത്തും ജയിച്ചാണു ബിജെപി മേധാവിത്തം കാട്ടിയത്. ഉൾപാർട്ടി പ്രശ്നങ്ങളാൽ മധ്യപ്രദേശിൽ ബിജെപി പ്രതിസന്ധിയിലായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ കൂടെ വന്ന പലരും കോൺഗ്രസിലേക്കു പോയെങ്കിലും ബാക്കിയുള്ളവർ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടി. ശിവ‌രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ബിജെപി, മുഖ്യമന്ത്രിയായി അദ്ദേഹം തുടരുമെന്നു പറഞ്ഞതേയില്ല. ഭരണ വിരുദ്ധവികാരം നേരിടാൻ 3 കേന്ദ്രമന്ത്രിമാരടക്കം 7 ദേശീയ നേതാക്കളെ രംഗത്തിറക്കി. മോദിയുടെ ജനപ്രീതിയിലും ഓളത്തിലും പ്രതീക്ഷയർപ്പിച്ചു. കമൽനാഥ് സർക്കാർ വരുമെന്നു കോൺഗ്രസ് നേതൃത്വം ഉറച്ചു വിശ്വസിച്ചെങ്കിലും ജനം കേട്ടമട്ട് കാണിച്ചില്ല.

ബിജെപി ഏറ്റവുമധികം വിജയസാധ്യത കണ്ടതു രാജസ്ഥാനിലാണ്. ഭരണവിരുദ്ധ വികാരവും മോദിയുടെ പ്രതിഛായയും വോട്ടാകുമെന്ന പ്രതീക്ഷ തെറ്റിയില്ല. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയടക്കം സജീവമായിരുന്നു. ജാതി വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത്, ജാട്ടുകൾക്കാണ് ഏറ്റവുമധികം സീറ്റുകളിൽ സ്വാധീനം. കർഷകർക്കായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ജാട്ടുകളെ ഒപ്പംനിർത്താൻ ഇരുപാർട്ടികളും ശ്രമിച്ചു. തമ്മിലടി കാരണം കോൺഗ്രസ് ഹൈക്കമാൻഡ് വലഞ്ഞ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് പക്ഷങ്ങളുടെ മുറുമുറുപ്പ് തിരിച്ചടിയായി. പാർട്ടി വീണ്ടും ഭരണത്തിലേറിയാൽ മുഖ്യമന്ത്രി പദത്തിനായി ഇരുവരും പിടിവലിയാകുമെന്നും പ്രചരിച്ചു. രാജ്യത്തെ കോൺഗ്രസ് സർക്കാരുകളിൽ ഇത്രയധികം ക്ഷേമപദ്ധതികൾ നടപ്പാക്കിയ മറ്റൊരു ഭരണകൂടമില്ലെന്നു പറഞ്ഞെങ്കിലും വോട്ടർമാർ താഴെയിറക്കി.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മുൻനിർത്തി ഛത്തീസ്ഗഡിൽ അധികാരത്തുടർച്ച നേടാമെന്നാണു കോൺഗ്രസ് കരുതിയത്. മഹാദേവ് ബെറ്റിങ് ആപ്പിൽനിന്ന് 508 കോടി രൂപ ബാഗേൽ കൈക്കൂലി വാങ്ങിയെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ ബിജെപി മുഖ്യ പ്രചാരണായുധമാക്കി. ഒബിസി വോട്ടുകളിലും ബിജെപി നോട്ടമിട്ടു. ഹിന്ദുവോട്ടുകൾ നേടുന്നതിൽ ബിജെപിയും കോൺഗ്രസും മത്സരിച്ചു. വോട്ടെണ്ണലിന്റെ അവസാനം വരെയും ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിൽ ബിജെപി ജയമുറപ്പിക്കുകയായിരുന്നു. തെലങ്കാനയിൽ ഹാട്രിക് ഭരണമോഹവുമായാണു തെലങ്കാന രാഷ്ട്ര സമിതി (ഭാരതീയ രാഷ്ട്രസമിതി– ബിആർഎസ്) സ്ഥാപകനും അധ്യക്ഷനുമായ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അങ്കത്തിനിറങ്ങിയത്. കോൺഗ്രസും ബിജെപിയും കരുത്താർജിച്ചതോടെ ത്രികോണ മത്സരമായി. ഭരണവിരുദ്ധ വികാരവും ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ കെ.കവിതയെ ഇ.ഡി ചോദ്യം ചെയ്തതും ബിആർഎസിനെ തളർത്തി. ബിആർഎസിനെയും ബിജെപിയെയും മറികടന്ന് തെലങ്കാനയിൽ തിളങ്ങാനായതാണു പറയാനും പിടിച്ചുനിൽക്കാനുമുള്ള കോൺഗ്രസിന്റെ കച്ചിത്തുരുമ്പ്.

∙ ഇന്ത്യ മുന്നണിക്ക് എന്തു സംഭവിക്കും?

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഇന്ത്യ മുന്നണി യോഗം വിളിച്ചിരിക്കുകയാണു കോൺഗ്രസ്. ഡിസംബർ ആറിന് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണു യോഗം. പ്രതിപക്ഷ നേതാക്കളുമായി ചേർന്ന് അടുത്ത നീക്കങ്ങൾ ആലോചിക്കുകയാണ് അജൻഡ. 4 സംസ്ഥാനങ്ങളിലെ ഫലങ്ങളിൽനിന്നു തിരഞ്ഞെടുപ്പ് വിദഗ്ധർ കണ്ടെത്തുന്ന ചില കാര്യങ്ങൾ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ഉപകാരപ്പെട്ടേക്കാം.

ഈ ഫലങ്ങൾ രാഹുൽ ഗാന്ധിക്ക് ഒരുതരത്തിലുള്ള ‘ഉണർവ്’ ആണെന്നാണു നിരീക്ഷകർ പറയുന്നത്. സംസ്ഥാനങ്ങളിലെ പ്രായമായ മുതിർന്ന നേതാക്കളെ പാർട്ടിക്ക് ഇനിയും ആശ്രയിക്കാനാവില്ലെന്നും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നും രാഹുലിനു ധൈര്യമായി വാദിക്കാം. രാഹുൽ പലപ്പോഴും ആവശ്യപ്പെടാറുണ്ടെങ്കിലും അവഗണിക്കപ്പെട്ട നിർദേശത്തിനാണു സാധുതയുണ്ടായിരിക്കുന്നത്. സൗജന്യ വാഗ്ദാനങ്ങൾ കൊണ്ടുമാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്നതിനുള്ള ഉത്തമ പാഠമാണു തെലങ്കാനയിലെ ബിആർഎസിന്റെ തോൽവി. സൗജന്യങ്ങളും ക്ഷേമ പദ്ധതികളും നിസ്സാരമല്ലെങ്കിലും മികച്ച ഭരണത്തിനൊപ്പമേ ഇവ ഫലപ്രദമാകൂവെന്ന് തെലങ്കാനയ്ക്കൊപ്പം രാജസ്ഥാനും ഛത്തീസ്ഗഡും തെളിയിക്കുന്നു. വരും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും മുന്നണിക്കുമുള്ള സന്ദേശവും ഇതിലടങ്ങിയിരിക്കുന്നു.

‘ഇന്ത്യ’ മുന്നണിയെക്കാൾ കോൺഗ്രസിനു താൽപര്യം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണെന്നു ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കുറ്റപ്പെടുത്തിയിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പാർട്ടിക്കായില്ല. മറ്റു പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നെങ്കിലും മുന്നണിയെക്കുറിച്ചു ചിന്തയില്ലെന്ന നിതീഷിന്റെ ആരോപണത്തിന് കോൺഗ്രസ് എന്തു മറുപടിയാകും പറയുക? ബിജെപിയുടെയും മോദിയുടെയും പ്രചാരണ കാഹളത്തെ ഇനി എങ്ങനെയാകും നേരിടുക? കയ്യിലുള്ള ആയുധങ്ങൾക്ക് ഈ മൂർച്ച പോരെന്നു കോൺഗ്രസ് വീണ്ടും തിരിച്ചറിയുന്നു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി സ്ഥിരത പ്രകടിപ്പിക്കുമ്പോൾ കോൺഗ്രസിന് എപ്പോഴും ആശ്രയിക്കാവുന്നതു ദക്ഷിണേന്ത്യയാണെന്നും വ്യക്തമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ, കുറച്ച് സംസ്ഥാനങ്ങളിലൊഴികെ, ബിജെപിയുമായുള്ള നേർക്കുനേർ പോരാട്ടമാകുമ്പോൾ, മോദിയെ നേരിടാൻ കോൺഗ്രസിന് അടവും ചുവടും മാറ്റേണ്ടതുണ്ട്.

English Summary:

2023 Assembly Election Results: Future of Congress and India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com