ADVERTISEMENT

ഹൈദരാബാദ് ∙ നിയമസഭയിൽ ഹാട്രിക് വിജയമെന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യുടെ മോഹങ്ങൾ തല്ലിക്കെടുത്തി തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം. 119 അംഗ നിയമസഭയിൽ 63 സീറ്റിൽ മുന്നിലെത്തിയാണ് കോൺഗ്രസിന്റെ വിജയക്കുതിപ്പ്. 2018 ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റിന്റെ വൻഭൂരിപക്ഷമുണ്ടായിരുന്ന ബിആർഎസ് ഇത്തവണ 40 എണ്ണത്തിൽ ഒതുങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഏഴു  സീറ്റിലും ബിജെപി എട്ടു സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഒൻപതു സീറ്റുകളിൽ മത്സരിച്ച എഐഎംഐഎം മറ്റു മണ്ഡലങ്ങളിൽ ബിആർഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൂന്നാമൂഴത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നു തവണ തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ നേതാവെന്ന റെക്കോർഡാണ് കെസിആർ എന്ന കെ. ചന്ദ്രശേഖർ റാവുവിന് നഷ്ടമാകുന്നത്.

ഡിസംബർ 9ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് മുൻ ദേശീയാധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബർ 9ന് കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. പാർട്ടിയെ വിജയത്തിലേക്കു നയിച്ച രേവന്ത് റെഡ്ഡിയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.

2014 ജൂൺ രണ്ടിന് നിലവിൽവന്ന തെലങ്കാനയിൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 63 എണ്ണമാണ് തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരത് രാഷ്ട്രസമിതി) നേടിയത്. 21 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് മുഖ്യപ്രതിപക്ഷമായി. തെലുങ്കുദേശം പാർട്ടി (ടിഡിപി) – 15, എഐഎംഐഎം – 7, ബിജെപി – 5, വൈ.എസ്.ആർ കോൺഗ്രസ് – 3, ബിഎസ്പി – 2, സിപിഎം – 1, സിപിഐ – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയായിരുന്നു സീറ്റെണ്ണം.

കാലാവധി അവസാനിക്കാൻ ഒൻപതു മാസം ശേഷിക്കെ നിയമസഭ പിരിച്ചുവിട്ടാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു 2018ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2018 ഡിസംബറിൽ നടന്ന രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ തിരഞ്ഞെടുപ്പിനെക്കാൾ 25 സീറ്റുകൾ കൂടി വർധിപ്പിച്ച് 88 സീറ്റുകളുമായി തെലങ്കാന രാഷ്ട്ര സമിതി തുടർഭരണം ഉറപ്പാക്കി. 21 അംഗങ്ങൾ ഉണ്ടായിരുന്ന കോൺഗ്രസ് 2 സീറ്റുകൾ കുറഞ്ഞ് 19 ൽ ഒതുങ്ങി. എഐഎംഐഎം മുൻ തിരഞ്ഞെടുപ്പിലെ 7 എന്ന സീറ്റെണ്ണം നിലനിർത്തി. ടിഡിപി 15 സീറ്റിൽ നിന്ന് രണ്ടിലേക്ക് ഒതുങ്ങി. ബിജെപിയും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കും സ്വതന്ത്രനും ഓരോ സീറ്റു വീതം നേടി.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ 115 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് ഭാരത് രാഷ്ട്ര സമിതി പ്രചാരണത്തിന് തുടക്കംകുറിച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന ബിആർഎസ് കോൺഗ്രസിന്റെ ചിട്ടയായ പ്രചാരണത്തിൽ പിന്നോട്ടുപോകുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ, പുറത്തുവന്ന സർവേഫലങ്ങൾ കോൺഗ്രസിന് അനുകൂലമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സഖ്യശ്രമങ്ങളെ സ്വാധീനിക്കും.

English Summary:

2023 Telangana Assembly Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com