‘ഈ മനുസൻ തളരില്ല, തിരിച്ച് വരും!; യുദ്ധം നയിക്കേണ്ടത് വയനാട്ടിൽ വന്നിരുന്നല്ല’: രാഹുലിനെ കളിയാക്കി അൻവർ

Mail This Article
നിലമ്പൂർ (മലപ്പുറം)∙ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ‘പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധ ഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ചിത്രവും കുറിപ്പിനൊപ്പം ചേർത്തിരുന്നു.
അൻവറിന്റെ ഫെയ്സ്ബുക് കുറിപ്പിൽ നിന്ന്:
‘ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും’. കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.
വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ റീകൗണ്ടിങ്ങിന് സാധ്യത. കേരളത്തിൽ നിന്നുള്ള പ്രഗത്ഭനായ ഒരു വക്കീൽ ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് സൂചനകൾ. ഇനി കളി മാറും. തീ പാറും.
കടുത്ത പോരാട്ടം: സംഘപരിവാറിന്റെ രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായ സുൽത്താൻ ബത്തേരിയിൽനിന്ന്. എങ്ങനെ കോൺഗ്രസ് ഈ നിലയിലായി? ബിജെപിക്ക് അധികാരം തങ്കത്തളികയിൽ വച്ച് നീട്ടി കൊടുത്തത് പി.വി.അൻവറാണോ. വിശദമായി നമ്മൾക്ക് ഇതൊക്കെ ചർച്ച ചെയ്യാം. വൈകിട്ട് 8 മണിക്ക് ലൈവിൽ വരാം. Stay Tuned’’– പല കുറിപ്പുകളിലായി അൻവൻ പറഞ്ഞു.