അന്ന് ചൗഹാന്‍ വികാരാധീനനായി; ഇന്ന് മധ്യപ്രദേശിൽ ബിജെപിയുടെ വിജയശിൽപിയായി ‘മാമ’യുടെ തിരിച്ചുവരവ്
Mail This Article
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി മൂന്ന് കേന്ദ്രമന്ത്രിമാരെയും എംപിമാരെയും രംഗത്തിറക്കിയപ്പോൾ, നാലു തവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ പാർട്ടി തഴയുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. നാലാം സ്ഥാനാര്‍ഥിപ്പട്ടികയിലാണ് അദ്ദേഹത്തിന്റെ തട്ടകമായ ബുധ്നിയിൽ സ്ഥാനാർഥിത്വം നല്‍കിയത്. സംസ്ഥാനത്തെ അഴിമതി ആരോപണങ്ങളും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ചൗഹാന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് പാർട്ടി വിലയിരുത്തി.
2003 മുതല്‍ (2018 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള 15 മാസം ഒഴികെ) മധ്യപ്രദേശില്‍ ബിജെപിയായിരുന്നു അധികാരത്തിൽ. ഈ വര്‍ഷങ്ങളിലെല്ലാം ശിവരാജ് സിങ് ചൗഹാന്‍ പാര്‍ട്ടിയുടെ മുഖമായി തുടര്‍ന്നു. എന്നാൽ മൂന്നു സ്ഥാനാർഥിപ്പട്ടികയിലും തന്നെ ഉൾപ്പെടുത്താതിരുന്നപ്പോൾ, ചൗഹാന്‍ വികാരാധീനനായി. പിന്നീട് നടത്തിയ പൊതുസമ്മേളനങ്ങളിലെല്ലാം ‘മാമ’ മുഖ്യമന്ത്രി ആകണോ വേണ്ടയോ എന്ന് അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചു. ചൗഹാന്റെ വിളിപ്പോരാണ് ‘മാമ’.
എന്നാൽ ആരോപണങ്ങളെയും എക്സിറ്റ് പോൾ പ്രവചനങ്ങളെയും തെറ്റിച്ചാണ് ചൗഹാന്റെ തന്നെ നേതൃത്വത്തിൽ പാർട്ടി ഭരണത്തുടർച്ചയ്‌ക്ക് ഒരുങ്ങുന്നത്. ഒബിസി വിഭാഗങ്ങൾക്കിടയിൽ ജനപ്രിയനായ വ്യക്തിയാണ് ചൗഹാൻ. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. (സിധി ജില്ലയില്‍ ഒരാള്‍ ആദിവാസിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തിൽ, ചൗഹാന്‍ ആദിവാസിയുടെ കാല്‍ കഴുകുകയും മാപ്പ് പറയുകയും ചെയ്തത് വാർത്തയായിരുന്നു). സംസ്ഥാനത്ത് ഒബിസി ആധിപത്യമുള്ള മേഖലകളിൽ ബിജെപി ഭൂരിപക്ഷം സീറ്റുകളും നേടി. മഹാകൗശൽ, ചമ്പൽ, ബസ്തർ മേഖലകളിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലും ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി നേട്ടമുണ്ടാക്കി.
അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അത്തരമൊരു വിഷയത്തിൽ ഞാൻ തീരുമാനമെടുക്കില്ല, പാർട്ടിയാണ് ഞങ്ങളുടെ റോളുകൾ തീരുമാനിക്കുന്നത്’’– എന്നാണ് ചൗഹാന്റെ മറുപടി.