‘ജനവിധി വിനയപൂർവം അംഗീകരിക്കുന്നു, പ്രത്യയശാസ്ത്ര പോരാട്ടം തുടരും’; തോൽവിയിൽ പ്രതികരിച്ച് രാഹുൽ

Mail This Article
ന്യൂഡൽഹി∙ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നോതാവ് രാഹുൽ ഗാന്ധി. ‘ജനവിധി വിനയപൂർവം അംഗീകരിക്കുന്നതായും പ്രത്യയശാസ്ത്ര പോരാട്ടം തുടരു’മെന്നും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. കോൺഗ്രസ് ജയിച്ച തെലങ്കാനയിലെ വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
‘‘മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ജനവിധി വിനയപൂർവം അംഗീകരിക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് വളരെയധികം നന്ദിയുള്ളവനാണ്. തെലങ്കാനയിലെ ജനങ്ങൾക്കു നൽകിയ വാഗ്ദാനം ഞങ്ങൾ തീർച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി’’– രാഹുൽ എക്സിൽ കുറിച്ചു.
2014 മുതൽ കെ.ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാർ ഭരിച്ചിരുന്ന സംസ്ഥാനത്ത് കോൺഗ്രസിന് ഉത്തേജനം നൽകിയത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ പറയുന്നു. നിലവിലെ കണക്കനുസരിച്ച് 119 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 64 സീറ്റു നേടിയാണ് സംസ്ഥാനത്ത് അധികാരത്തിലേറുന്നത്.