‘കോണ്‍ഗ്രസിന് അങ്കലാപ്പ്; തോറ്റാല്‍ കുറ്റം വോട്ടിങ് യന്ത്രത്തിന്’; ഛത്തീസ്ഗഡ് പിടിക്കുമെന്ന് ബിജെപി

Mail This Article
റായ്പുർ∙ അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള സെമി ഫൈനല്‍ എന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പോരില്‍ ഇരുമുന്നണികളും പ്രതീക്ഷയിലാണ്. എന്നാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി ജയം പിടിക്കുമെന്ന് ഛത്തീസ്ഗഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവോ.
‘‘കോണ്‍ഗ്രസ് തോറ്റാല്‍ വോട്ടിങ് യന്ത്രത്തിലാവും ആരോപണം ഉന്നയിക്കുക. ചിലപ്പോള്‍ ഭരണഘടനയെ കുറ്റപ്പെടുത്തും. കോണ്‍ഗ്രസ് പാര്‍ട്ടി ഭയത്തിലാണ്. അവര്‍ പരിഭ്രാന്തിയിലാണ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പോകുന്നു. ഛത്തീസ്ഗഡിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു’’ – അരുണ്‍ സാവോ പറയുന്നു.
ഛത്തീസ്ഗഡിലെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. 15 വര്‍ഷം ഭരിച്ച ഛത്തീസ്ഗഡില്‍ ഇത്തവണ തിരിച്ചുവരാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. 2003 മുതല്‍ 2018 വരെയായിരുന്നു ബിജെപി ഛത്തീസ്ഗഡില്‍ അധികാരത്തില്‍ തുടര്‍ന്നത്. എന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഗേലും സംഘവും.