ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ, നാലിടത്തെ ഫലം പുറത്തുവരുമ്പോൾ ആത്മവിശ്വാസത്തിന്റെ നെറുകയിൽ ബിജെപി. പ്രതീക്ഷിച്ചതിലും വലിയ വിജയം സ്വന്തമാക്കി സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അവർ. ഫലം പുറത്തുവന്ന നാലു സംസ്ഥാനങ്ങളിൽ മൂന്നിടത്തും തകർപ്പൻ മുന്നേറ്റം സ്വന്തമാക്കിയ ബിജെപി, അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘മോദി തരംഗം’ ആവർത്തിക്കുമെന്ന മുന്നറിയിപ്പാണു നൽകുന്നത്. മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം മറികടന്ന് ഭരണം നിലനിർത്തിയ ബിജെപി, ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണം തിരിച്ചുപിടിച്ചു.

തിരഞ്ഞെടുപ്പു നടന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നേടിയ തകർപ്പൻ വിജയമാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ കാതൽ. ഹിന്ദി ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നേടിയ തകർപ്പൻ വിജയം രാജ്യം ഭരിക്കാൻ മൂന്നാമൂഴം തേടുന്ന നരേന്ദ്ര മോദിക്കും സംഘത്തിനും വമ്പിച്ച ആത്മവിശ്വാസം നൽകുമെന്നു തീർച്ച. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമായ സീറ്റുകളിൽ ഏറെയുള്ള ഈ രണ്ടു സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതിനെല്ലാം പുറമേയാണ് കോൺഗ്രസ് വിജയമുറപ്പിച്ചിരുന്ന ഛത്തീസ്ഗഡിൽ നേടിയ വിജയം. ഒരു ഘട്ടത്തിൽ കോൺഗ്രസ് വിജയമുറപ്പിച്ചെന്നു കരുതിയ ഇവിടെ, തകർപ്പൻ തിരിച്ചുവരവിലൂടെയാണ് ബിജെപി ഭരണം തിരിച്ചുപിടിച്ചത്.

എക്സിറ്റ് പോളുകളെ പോലും അതിശയിപ്പിക്കുന്ന വിജയമാണ് മൂന്നു സംസ്ഥാനങ്ങളിലും ബിജെപി സ്വന്തമാക്കിയത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ബിജെപിയുടെ വിജയമാണ് എക്സിറ്റ് പോൾ പ്രവചിച്ചിരുന്നതെങ്കിലും മധ്യപ്രദേശിൽ കടുത്ത പോരാട്ടം എന്നതായിരുന്നു ചിത്രം. ഫലം വന്നപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസിനെ തീർത്തും നിഷ്പ്രഭരാക്കിയാണ് ബിജെപി വിജയം പിടിച്ചെടുത്തത്. ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചപ്പോൾ, കോൺഗ്രസിനൊപ്പം എക്സിറ്റ് പോളുകളെയും ബിജെപി ‘എക്സിറ്റടിച്ചു’!

∙ ഉൾപ്പാർട്ടി പോരുണ്ട്, പാർട്ടിക്കുള്ളിൽ ‘ഒതുക്കി’

ഇത്തവണ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സമയത്ത് ‌കോൺഗ്രസിനെക്കാൾ വലിയ തർക്കങ്ങൾ ബിജെപിക്കുള്ളിലുണ്ടായിരുന്നു. പക്ഷേ അതു പരിഹരിക്കാൻ കോൺഗ്രസിനെക്കാൾ മികച്ച സംഘടനാശേഷിയുണ്ട് എന്നതിലായിരുന്നു പാർട്ടിയുടെ ആത്മവിശ്വാസം. ആ ആത്മവിശ്വാസം ഊട്ടിയുറപ്പിച്ച വിജയമാണ് ബിജെപി നേടിയത്. ചമ്പൽ മേഖലയിൽ വലിയ പടലപിണക്കങ്ങൾക്ക് ഇടയാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വരവു പോലും പാർട്ടിക്ക് അനുകൂലമാക്കി മാറ്റാനുള്ള അസാമാന്യ മെയ്‌വഴക്കം ബിജെപി പ്രകടമാക്കി.

സീറ്റു കിട്ടാത്തതിന്റെ അതൃപ്തി സിന്ധ്യയുടെ അനുയായികളിലും സിന്ധ്യയോടൊപ്പം വന്നവർക്ക് സീറ്റു കൊടുത്തതിന്റെ അതൃപ്തി കോൺഗ്രസ് പ്രവർത്തകരിലും പ്രകടമായിരുന്നു. പക്ഷേ, അതൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ജനവിധി മറിച്ചാകുമോ എന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു. ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരിന്റെ നേട്ടങ്ങളെടുത്തു പറയാൻപോലും മുതിരാതെ നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചാരണം നടത്തിയും അതുകൊണ്ടു തന്നെ.

പ്രധാനമന്ത്രിക്ക് മധ്യപ്രദേശിലുള്ള ജനപ്രീതി വോട്ടാകുമെന്ന പ്രതീക്ഷ തെറ്റിയില്ല. കോൺഗ്രസിനു മുൻതൂക്കമുണ്ടായിരുന്നെങ്കിലും അതു മുതലെടുക്കാൻ പറ്റിയ സംഘടനാശേഷിയില്ലെന്നതും ബിജെപിക്കു നേട്ടമായി. ആദ്യ ഘട്ടത്തിൽ വന്ന സർവേ ഫലങ്ങൾ കോൺഗ്രസിന്റെ വൻ തിരിച്ചുവരവ് പ്രവചിച്ചിരുന്നെങ്കിലും, അതും സ്വന്തം അണികളെ ഉണർത്താനുള്ള അവസരമായിട്ടാണ് ബിജെപി വിനിയോഗിച്ചത്. അതിന്റെ ഫലം തിരഞ്ഞെടുപ്പു ഫലത്തിലും കണ്ടു.

വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെയുള്ള ‘തല മൂത്ത’ നേതാക്കളെ ചേർത്തുനിർത്തിയാണ് രാജസ്ഥാനിലും ബിജെപി മികച്ച വിജയം സ്വന്തമാക്കിയത്. ദേശീയ നേതൃത്വത്തിനു പൂർണമായും പിടികൊടുക്കാത്ത വസുന്ധരയെ ചേർത്തുനിർത്താനും അസാമാന്യ മെയ്‌വഴക്കമാണ് ബിജെപി പ്രദർശിപ്പിച്ചത്. ഫലമോ, എല്ലാ തമ്മിലടികളെയും മറികടന്ന് ബിജെപി രാജസ്ഥാനിലും അധികാരം പിടിച്ചു.

∙ വിജയിച്ചത് രണ്ടും കൽപിച്ചുള്ള പരീക്ഷണം

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തിരഞ്ഞെടുപ്പിലെ തോൽവി അചിന്ത്യമായതിനാൽ, രണ്ടും കൽപിച്ചുള്ള നീക്കങ്ങളാണ് ഇത്തവണ ബിജെപി നടത്തിയത്. മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്രമന്ത്രിമാരടക്കം 7 ദേശീയ നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയത്. നരേന്ദ്രസിങ് തോമർ, കൈലാഷ് വിജയ്‌വർഗിയ, പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗ്ഗൻസിങ് കുലസ്തെ എന്നിവരടക്കമുള്ള പ്രമുഖരെ വളരെ നേരത്തേ രംഗത്തിറക്കിയ പരീക്ഷണം വൻ വിജയമായി.

മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രാജസ്ഥാനിലും സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയാണ് ബിജെപി പരീക്ഷണം നടത്തിയത്. മുൻ കേന്ദ്രമന്ത്രിയും ഒളിംപിക് മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പെടെ മത്സരരംഗത്തുണ്ടായിരുന്നു. പ്രമുഖരെല്ലാം ജയിച്ചു കയറിയതും ബിജെപിക്കു നേട്ടമായി. ഛത്തീസ്ഗഡിലും കേന്ദ്രമന്ത്രി രേണുകാ സിങ്ങിനെയും എംപിമാരെയും രംഗത്തിറക്കിയാണ് ബിജെപി അവിശ്വസനീയ ഫലം കൊയ്തത്.

എംഎൽഎമാരുടെയും സംസ്ഥാന നേതാക്കളുടെയും അനിഷ്ടം അവഗണിച്ചു കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും നിയമസഭാ സ്ഥാനാർഥികളാക്കി നടത്തിയ പരീക്ഷണം ഫലം കണ്ടില്ലെങ്കിൽ അതു ദേശീയ നേതൃത്വത്തിനുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ഈ വെല്ലുവിളി കൂടിയാണ് വമ്പൻ വിജയത്തിലൂടെ ബിജെപി മറികടന്നത്. ഒരിക്കൽക്കൂടി ദേശീയ നേതൃത്വം ബിജെപിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടാത്ത ‘ഹൈക്കമാൻഡായി’ മാറുന്നു.

∙ ബിജെപിയുടെ മധ്യപ്രദേശ്

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനോടു തോൽക്കുന്നതു ബിജെപിക്ക് അചിന്ത്യമായിരുന്നു. മധ്യപ്രദേശിൽ ബിജെപിയുടെ കോട്ട തകർക്കുന്നത് 2024 ലെ വിജയത്തിലേക്കുള്ള വിക്ഷേപണത്തറയാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന്, സ്വന്തം അടിത്തറ ഇളകിമാറുന്നത് ഞെട്ടലോടെ നോക്കിനിൽക്കാൻ മാത്രമേ ആയുള്ളൂ.

ഹിന്ദിഹൃദയഭൂമിയിലെ വലിയ രണ്ടു സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള പോരാട്ടം കനത്തതായിരുന്നു. മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരത്തിലായിരുന്നു കോൺഗ്രസ് പ്രതീക്ഷയെങ്കിൽ, രാജസ്ഥാനിൽ ബിജെപിയുടെ പ്രതീക്ഷയും അതുതന്നെയായിരുന്നു. ഫലം വരുമ്പോൾ മധ്യപ്രദേശിലെ ഭരണവിരുദ്ധ വികാരത്തെ വിജയകരമായി അതിജീവിച്ച ബിജെപി, രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരം പരമാവധി മുതലെടുക്കുകയും ചെയ്തു.

മധ്യപ്രദേശിൽ ഇരുപക്ഷത്തേക്കും ചാഞ്ചാടുന്ന നൂറോളം സീറ്റുകളിലേറെയും ഇത്തവണ കോൺഗ്രസിലേക്കു പോയേക്കാനുള്ള സാധ്യത കൂടുതലെന്നായിരുന്നു സർവേ ഫലങ്ങൾ. എന്നാൽ, ഫലം വന്നപ്പോൾ സംഭവിച്ചത് നേരെ തിരിച്ച്. ചാഞ്ചാടി നിന്ന സീറ്റുകളെല്ലാം കൂട്ടത്തോടെ ബിജെപി അക്കൗണ്ടിലേക്കു പോയി.

കഴിഞ്ഞ തവണയും ജനവിധി കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും ഭൂരിപക്ഷം വലുതായിരുന്നില്ല. 22 പേരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കാൻ ബിജെപിയെ സഹായിച്ചതും അതാണ്. ഇത്തവണ അതിന്റെ ആവശ്യമില്ലെന്നു തെളിയിച്ച് ബിജെപി നേടിയത് കോൺഗ്രസ് നേടിയതിനേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ.

∙ ‘ഇന്ത്യ’ ഒന്നിച്ചില്ല, അനായാസം ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ ‘ഇന്ത്യ’ മുന്നണിയാകാൻ തീരുമാനിച്ചെങ്കിലും, മധ്യപ്രദേശിലും രാജസ്ഥാനിലും ‘ഇന്ത്യ’യ്ക്ക് ഒന്നിക്കാനാകാതെ പോയത് ബിജെപിക്കു ഗുണം ചെയ്തു എന്നു വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം. പ്രതിപക്ഷ സഖ്യ രൂപീകരണം വിജയകരമായി നടന്നെങ്കിലും സീറ്റു വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽത്തട്ടി സഖ്യം തകരുമെന്ന പ്രതീക്ഷ ബിജെപിക്കു തുടക്കം മുതലേയുണ്ടായിരുന്നു. ആ വിശ്വാസം ശരിവയ്ക്കുന്ന വിധത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലും സീറ്റു വിഭജന ചർച്ചകൾ പൂർത്തിയായത്.

ദേശീയതലത്തിലുള്ള ഇന്ത്യാ മുന്നണി മധ്യപ്രദേശിലില്ലാത്തതു കാരണം സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമൊക്കെ ഒറ്റയ്ക്കാണു മത്സരിച്ചത്. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സിപിഎമ്മും എഎപിയും ഇവിടെയും മത്സരിച്ചത് വെവ്വേറെ തന്നെയാണ്. ഫലത്തിൽ ‘ഇന്ത്യ’ മുന്നണി കടലാസിൽ മാത്രമായി ഒതുങ്ങിയപ്പോൾ, ബിജെപി ഒരിക്കൽക്കൂടി എതിരില്ലാതെ വൻ വിജയം സ്വന്തമാക്കി.

∙ ബിജെപിക്ക് ‘പിടിയില്ലാത്ത’ ദക്ഷിണേന്ത്യ

ഹിന്ദി ഹൃദയഭൂമിയിൽ ആധിപത്യം അരക്കിട്ടുറപ്പിക്കുമ്പോഴും, ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ചുവടുറപ്പിക്കുന്നത് തെല്ല് ആശങ്കയോടെയാണ് ബിജെപി കാണുന്നത്. കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിലെ തോൽവിയോടെ ദക്ഷിണേന്ത്യയിൽനിന്ന് മൂടോടെ പിഴുതുമാറ്റപ്പെട്ട പാർട്ടിയാണ് ബിജെപി. നിലവിൽ ഇവിടെ അവർക്ക് ഒരു സംസ്ഥാനത്തും ഭരണമില്ല. ഭരണത്തിൽ പങ്കാളിത്തവുമില്ല. തെലങ്കാനയിൽ കാര്യമായ പ്രതീക്ഷയില്ലായിരുന്നെങ്കിലും, ഇന്ത്യ മുഴുവൻ നടത്തുന്ന മുന്നേറ്റത്തിന്റെ യാതൊരു അലയൊലികളും ഇവിടെ സൃഷ്ടിക്കാനായില്ല എന്നത് ബിജെപിക്ക് ക്ഷീണമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനൽ എന്ന നിലയിൽ നോക്കുമ്പോൾ, പാർട്ടി തീർത്തും ദുർബലമായ ഇത്തരമൊരു മേഖലയുണ്ട് എന്നത് മോദിക്കും സംഘത്തിനും അത്ര ആശ്വാസമല്ല. രാജ്യവ്യാപകമായി പൊതുവെ തകർന്നടിഞ്ഞു കിടക്കുന്ന കോൺഗ്രസ് ഇവിടെ ചാരത്തിൽനിന്ന് എന്ന വണ്ണം ഉയർത്തെഴുന്നേറ്റു വരുന്നതും ബിജെപിക്ക് ശുഭസൂചനയല്ല. കോൺഗ്രസ് രഹിത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നേറുന്ന ബിജെപിക്ക്, തെലങ്കാന ഒരു തിരിച്ചടിയാണ് എന്നും വിലയിരുത്താം.

വാൽക്കഷണം: ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം കൂടി വരുമ്പോൾ, ഇന്ത്യയുടെ ഹൃദയഭാഗം പൂർണമായും ബിജെപിയുടെ കൈപ്പിടിയൊതുങ്ങുകയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഗോവ എന്നിവയ്ക്കൊപ്പം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവ കൂടി ചേരുന്നതോടെ ഹിന്ദി ഹൃദയഭൂമിയും അതിന്റെ ചുറ്റുവട്ടവും പൂർണമായും ബിജെപിയുടെ കൈപ്പിടിയിലായിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയെ സംബന്ധിച്ച് ‘ബിജെപി ദ് കോർ’ എന്ന് സുവ്യക്തം.

English Summary:

BJP Solidifies Grip in Hindi Heartland: Election Results Confirm Dominance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com