കോൺഗ്രസിനെ കാലുവാരിയത് ആ 40 എംഎൽഎമാർ; രാജസ്ഥാനിൽ ബിജെപിയെ ജയിപ്പിച്ച് മോദി മാജിക്
Mail This Article
ജയ്‌പുർ∙ രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസിന്റെ മോഹം പൊലിഞ്ഞു. ഒരു പാർട്ടിക്കും അധികാര തുടർച്ച നൽകില്ലെന്ന കാൽ നൂറ്റാണ്ടിലേറെയായുള്ള പതിവ് രാജസ്ഥാൻ തെറ്റിച്ചില്ല. ആദ്യമണിക്കൂറുകളിലെ പോരാട്ടത്തിനപ്പുറം കോൺഗ്രസ് ബിജെപിക്ക് വെല്ലുവിളി ആയതേയില്ല. കേവല ഭൂരിപക്ഷത്തിനുവേണ്ട 100 സീറ്റും കടന്ന് ബിജെപി കുതിച്ചു.
വിജയത്തിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നാണ് പ്രവർത്തകരും നേതാക്കളും പറയുന്നു. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നിൽ പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾക്കിടയിലും കോൺഗ്രസിനെ തോൽപ്പിക്കാനായതിന്റെ ആവേശത്തിലാണ് ബിജെപി. വസുന്ധര രാജെ സിന്ധ്യയുടെ വിശ്വസ്തരെ മാറ്റി നിർത്തി എംപിമാരെ രംഗത്തിറക്കിയ തീരുമാനം ബിജെപിക്ക് തെറ്റിയില്ല.
അധികാരത്തിലെത്തിയെങ്കിലും ബിജെപിക്ക് മുന്നോട്ടുള്ള പാത അത്ര സുഗമമാകില്ല. മുഖ്യമന്ത്രിപദവി മോഹികളുടെ എണ്ണം വളരെക്കൂടുതലാണ് രാജസ്ഥാനിൽ. രാജകുടുംബങ്ങളുടെയും കോട്ടകളുടെയും സംസ്ഥാനത്ത് ബിജെപി വിജയം തികച്ചും ഏകപക്ഷീയമല്ല. ഗെലോട്ട് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ശക്തമായ പ്രതിപക്ഷമായിരിക്കാനെങ്കിലും കോൺഗ്രസിനെ തുണച്ചു.
പക്ഷേ, ഈ പദ്ധതികൾക്ക് മോദി പ്രഭാവത്തെ മറികടക്കാൻ കഴിയാതിരുന്നതാണ് അധികാരം പിടിക്കാൻ കോൺഗ്രസിനു സാധിക്കാതെ പോയത്. സച്ചിൻ പൈലറ്റുമായുള്ള പോരും വിനയായി. എതിർപ്പുള്ള നാൽപതോളം എംഎൽഎമാർക്ക് വീണ്ടും സീറ്റുകൾ നൽകിയതും ജനവികാരം എതിരാക്കി. സ്വന്തം തട്ടകമായ ടോങ്കിൽ സച്ചിൻ പൈലറ്റ് ഏറെ വിയർത്താണ് ജയിച്ചുകയറിയത്.
കോൺഗ്രസിലെയും ബിജെപിയിലെയും സീറ്റ് കിട്ടാത്ത വിമതർ മത്സരിച്ചപ്പോൾ ഏതാനും സീറ്റുകളിൽ മുന്നേറി. ബിഎസ്പിക്ക് കഴിഞ്ഞ തവണത്തെ നേട്ടം നിലനിർത്താനായില്ലെങ്കിലും സാന്നിധ്യമാകാൻ കഴിഞ്ഞു. രണ്ടു സിറ്റിങ് സീറ്റുകളിലും സിപിഎം പിന്നിൽ പോയി.