ADVERTISEMENT

ചെന്നൈ∙ കനത്ത മഴ നേരിടാൻ കടുത്ത ജാഗ്രതയിൽ നഗരം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായി നാളെയും 5നും തീവ്ര മഴയാണു ചെന്നൈയിലും സമീപ ജില്ലകളിലും പ്രതീക്ഷിക്കുന്നത്. 

മഴ ജനജീവിതം താറുമാറാകാൻ സാധ്യതയുള്ളതിനാൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കുകയാണ് സർക്കാർ. 2 ദിവസം അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണു കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ചെന്നൈയിലും സമീപ ജില്ലകളിലും നാളെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും

ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള തീവ്ര ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തുടർന്നു വടക്ക് പടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തെക്ക് ആന്ധ്രയ്ക്കും ഇതിനോടു ചേർന്നുള്ള വടക്കൻ തമിഴ്നാട്ടിലെ കടലോരത്തുമായി സ്ഥിതി ചെയ്യും. പിന്നീടു വടക്കോട്ടു സഞ്ചരിച്ച് ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ 5ന് ഉച്ചയ്ക്ക് കര തൊടുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

2 നാൾ തീവ്രമഴ

ഇന്ന് തിരുവള്ളൂർ മുതൽ കടലൂർ വരെയായി ചെന്നൈ അടക്കമുള്ള വടക്കൻ കടലോര ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചെന്നൈയിൽ നാളെയും 5നുമാണു തീവ്ര മഴ പ്രതീക്ഷിക്കുന്നത്. തിരുവള്ളൂർ ജില്ലകളിൽ റെഡ് അലർട്ടാണു പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രത്തിന്റെ നിലവിലെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ ഇടതടവില്ലാത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു ചുരുക്കം.

പുറത്തിറങ്ങൽ അത്യാവശ്യത്തിന്

നാളെയും 5നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണു കാലാവസ്ഥ കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും വൈദ്യുത ലൈനുകൾ വീഴാനും സാധ്യതയുള്ളതിനാലാണു നിർ‍ദേശം. 

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

∙ ചുഴലിക്കാറ്റിനെ ജാഗ്രതയോടെ നേരിടണം. അനാവശ്യമായ ഭീതി, മറ്റുള്ളവരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണം  എന്നിവ ഒഴിവാക്കാം
∙ മിക്ക സൂപ്പർ മാർക്കറ്റുകളിലും ഇന്നലെ അനുഭവപ്പെട്ടത് വലിയ തിരക്ക്. സാധനങ്ങൾ വാങ്ങുന്നതിനുള്ള തള്ളിക്കയറ്റം ഒഴിവാക്കുക.
∙ നാളെയും മറ്റന്നാളും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ വിതരണം തടസ്സപ്പെട്ടേക്കാം. എന്നാൽ അതുകൊണ്ട് സൂപ്പർ മാർക്കറ്റുകളിലേക്ക് പോകാതെ വീടിനടുത്തുനിന്നും മറ്റുമായി സാധനങ്ങൾ വാങ്ങാം.
∙ സേവനം തടസ്സപ്പെടില്ലെന്ന് മെട്രോ വാട്ടർ അറിയിച്ചിട്ടുണ്ട്. എന്നാലും മുൻകരുതലായി വെള്ളം കരുതി വയ്ക്കാം
∙ കാറ്റിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത മുന്നിൽക്കണ്ട് പവർ ബാങ്ക് അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ തയാറാക്കി വയ്ക്കുക
∙ അവശ്യ സഹായത്തിനായി കോർപറേഷനും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറുകൾ ഉപയോഗപ്പെടുത്തുക. 

ജാഗ്രതയിൽ വിമാനത്താവളം  

അതിശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയതായി അധിക‍ൃതർ അറിയിച്ചു. വിമാനത്താവള ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും റൺവേയുടെ സ്ഥിതിയും മറ്റ് ഘടകങ്ങളും പരിഗണിച്ച്, ജാഗരൂകരായിരിക്കാൻ ജീവനക്കാർ അടക്കമുള്ളവർക്ക് നിർദേശം നൽകിയതായും അധികൃതർ പറഞ്ഞു.

ചെന്നൈ: 044 – 25619204, 044 – 25619206, 044 – 25619207.
ടോൾഫ്രീ നമ്പർ: 1913, വാട്സാപ്: 9445477205 
ജലവിതരണവും മലിനജല നിർമാർജനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ: 044 45674567.
വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ: 9498794987.
ചെങ്കൽപെട്ട്: 044-27427412, 27427414. വാട്‌സാപ്: 9444272345.ടോൾ ഫ്രീ നമ്പർ-1077.
വിഷജീവികൾ ശ്രദ്ധയിൽപെട്ടാൽ: 044-22200335.

സ്കൂളുകൾക്കും കോളജുകൾക്കും അവധി

ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ നാളെ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. അണ്ണാ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. 

English Summary:

Cyclone Michaung: Heavy Rain Alert in Tamilnadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com