ADVERTISEMENT

ജയ്പുർ ∙ രാജസ്ഥാനിൽ കോൺഗ്രസിനെ അട്ടിമറിച്ചു ഭരണം നേടിയതിനു പിന്നാലെ ബിജെപിയിൽ അടുത്ത ചോദ്യമുയർന്നു: ആരാകും മുഖ്യമന്ത്രി? വസുന്ധര രാജെ സിന്ധ്യ എന്ന മുതിർന്ന നേതാവിനു പകരക്കാരിയെന്ന സൂചനയോടെ ബിജെപി അവതരിപ്പിച്ച ദിയ കുമാരിയെയാണ് ഏവരും ഉറ്റുനോക്കുന്നത്. വിദ്യാധർ നഗറിൽനിന്നു വൻ ഭൂരിപക്ഷത്തിൽ ജയിച്ച ദിയയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവം. എല്ലാം പാർട്ടി തീരുമാനിക്കുമെന്ന തന്ത്രപരമായ മറുപടിയാണു ദിയയുടേത്.

‘‘മുഖ്യമന്ത്രി പദവി സ്വീകരിക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. പാർട്ടിയുടെ ഉന്നത നേതൃത്വമാണ് ഇക്കാര്യം തീരുമാനിക്കുക. രാജസ്ഥാൻ മുഖ്യമന്ത്രിയായി എന്നെ കാണണമെന്നു ജനം ആഗ്രഹിക്കുന്നു, അത് അവരുടെ സ്നേഹമാണ്. ആരാണു മുഖ്യമന്ത്രിയാവുക എന്നതു പാർലമെന്ററി ബോർഡാണു തീരുമാനിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഗംഭീരപ്രകടനം കാഴ്ചവയ്ക്കും. 3 സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചു. ഞങ്ങൾ വളരെയേറെ സന്തോഷത്തിലാണ്. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തെ ജനം തൂത്തെറിഞ്ഞു. ബിജെപിയുടെ വികസന ഭരണത്തിനാണ് അവർ വോട്ട് ചെയ്തത്’’– അനുയായികളുടെ മുദ്രാവാക്യങ്ങൾക്കിടെ ദേശീയ മാധ്യമത്തോടു ദിയ പറഞ്ഞു.

ജയ്പുർ രാജകുടുംബത്തിൽനിന്ന് തിരഞ്ഞെടുപ്പിനിറങ്ങിയ രണ്ടാമത്തെ രാജകുമാരിയാണു ദിയ. കോൺഗ്രസിന്റെ സീതാറാം അഗർവാൾ ആയിരുന്നു പ്രധാന എതിർസ്ഥാനാർഥി. 71,368 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയം. 2013ൽ സവായ് മാധോപുർ നിയോജകമണ്ഡലത്തിൽ നിന്നാണ് ആദ്യം ജയിച്ചത്. അന്നു രാജസ്ഥാൻ രാഷ്ട്രീയത്തിലെ അതികായൻ കിരോടി ലാൽ മീണയെ തോൽപിച്ചു. പിന്നീട് 2019ൽ രാജ്‌സ‌മന്ദിൽനിന്ന് 5.51 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക്. ആ കാലാവധി പൂർത്തിയാക്കും മുൻപാണ് വിദ്യാധർനഗറിലെ നിയമസഭാ സീറ്റിലേക്കുള്ള വരവ്. മൂന്നു തവണ ജയിച്ച നർപത് സിങ് രാജ്‌വിയെ ഒഴിവാക്കിയാണു ബിജെപി ദിയയ്ക്കു സീറ്റ് കൊടുത്തതും.

English Summary:

Diya Kumari next Rajasthan Chief Minister? BJP MP said this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com