ADVERTISEMENT

ചെന്നൈ ∙ ഡിണ്ടിഗലിൽ കൈക്കൂലിപ്പണവുമായി ഇഡി ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവം കേന്ദ്ര ഏജൻസികളുമായുള്ള പോരിന് ആയുധമാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്യുകയും ഇഡി ഓഫിസിലടക്കം റെയ്ഡ് നടത്തുകയും ചെയ്തതിനു പിന്നാലെ ഇയാളുടെ സഹപ്രവർത്തകർ അടക്കമുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തമിഴ്നാട് വിജിലൻസിന്റെ തീരുമാനം. ഇഡിയുടെ മധുര യൂണിറ്റിൽ ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ വെള്ളിയാഴ്ച പുലർച്ചെയാണ് 20 ലക്ഷം രൂപയുമായി അറസ്റ്റ് ചെയ്തത്. ഡിണ്ടിഗലിലെ ഗവ. ഡോക്ടറിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണമായിരുന്നു ഇത്.

വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ പുനരന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശം ലഭിച്ചതായി ഡോക്ടറെ അറിയിച്ച തിവാരി, കേസിൽനിന്ന് രക്ഷപ്പെടുത്താനായി 3 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ‍ആദ്യം 20 ലക്ഷം രൂപ കൊടുത്തെങ്കിലും മേലുദ്യോഗസ്ഥർക്ക് അടക്കം നൽകാനായി കൂടുതൽ തുക കൈക്കൂലിയായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർ വിജിലൻസിനെ അറിയിക്കുകയായിരുന്നു. 

രാസവസ്തുക്കൾ പുരട്ടി വിജിലൻസ് നൽകിയ പണം ഡോക്ടർ തിവാരിക്കു നൽകി. ഇതുമായി വരുന്നതിനിടെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്. അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി ഓഫിസിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. 

വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഓഫിസിൽ റെയ്ഡ് നടത്താനെത്തിയ വിജിലൻസിനെ ഇഡി ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്ന് ഇവരെ ബലം പ്രയോഗിച്ചു മാറ്റിയ ശേഷമാണു റെയ്ഡ് നടത്തിയത്. തമിഴ്നാട് പൊലീസിന്റെയും ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസിന്റെയും സേനാംഗങ്ങളെ റെയ്ഡിനു സുരക്ഷയൊരുക്കാൻ നിയോഗിച്ചിരുന്നു. 

ഇതിനിടെ പാതിരാത്രിയോടെ സുരക്ഷാ ചുമതലയേറ്റെടുക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥർ എത്തിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇഡിയുടെ അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവുമുണ്ടായി. റെയ്ഡിൽ അങ്കിത് തിവാരിയെ സംബന്ധിച്ച ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. ഇയാൾ കൈകാര്യം ചെയ്യുന്ന കേസുകൾ സംബന്ധിച്ച വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. 

മണൽ ഖനനവുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിൽ പങ്കാളിയായ അങ്കിത് തിവാരി, ഇതിൽ പ്രതിസ്ഥാനത്തുള്ള ആളുകളെ ബന്ധപ്പെട്ടതായി വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ സഹപ്രവർത്തകരും മേലധികാരികളും അടക്കം കൈക്കൂലിപ്പണം കൈപ്പറ്റിയിട്ടുണ്ടെന്നാണു വിജിലൻസിന്റെ നിഗമനം. വിജിലൻസ് അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്കു നീളാനുള്ള സാധ്യത കണക്കിലെടുത്ത് ഇഡിയുടെ ചെന്നൈയിലെ മുഖ്യ കാര്യാലയത്തിന് അടക്കം സിആർപിഎഫ് സുരക്ഷ വർധിപ്പിച്ചു.

ഗുരുതര ആരോപണവുമായി തമിഴ്നാട് സ്പീക്കർ

കേന്ദ്ര സർക്കാരിന്റെ പേരിൽ സിബിഐ, ഇഡി ഉദ്യോഗസ്ഥർ 3 മാസമായി ഇടനിലക്കാർ വഴി ഭീഷണിപ്പെടുത്തുന്നതായി തമിഴ്നാട് നിയമസഭാ സ്പീക്കർ. നഗരം വിട്ടു പോകണമെന്നും ഫോൺ നമ്പർ മാറ്റണമെന്നും കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ടതായാണ് സ്പീക്കർ എം.അപ്പാവുവിന്റെ ആരോപണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒട്ടേറെയാളുകൾ ബന്ധപ്പെട്ടതായും അപ്പാവു പറഞ്ഞു. ഏജൻസികളുടെ ആവശ്യങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ അന്വേഷണങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് അവരെ അറിയിച്ചതായി അപ്പാവു പറഞ്ഞു. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ വ്യവസായികളെ അടക്കം കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുന്നതായും അപ്പാവു ആരോപിച്ചു.

English Summary:

ED Officer Bribe Case: Tamil Nadu to expand investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com