ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമനെ (74) ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്നു പൊലീസ്. താന്‍ ഈ ലോകത്തുനിന്നും പോകുന്നുവെന്നും മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍ പറയുന്നു. സുഹൃത്തുക്കളോടു ഞായറാഴ്ച വീട്ടിലെത്താന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് വീടിന്റെ പിൻവശത്തു പോയി നോക്കിയപ്പോഴാണ് ഊണുമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ടു ഭാര്യ മലപ്പുറത്തായതിനാൽ കുഞ്ഞാമൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മകൾ വിദേശത്താണ്. കുഞ്ഞാമന് ശാരീരിക അവശതകൾ ഉണ്ടായിരുന്നതായി പരിചയക്കാർ പറഞ്ഞു.

താൻ നേരിട്ട ജാതിവിവേചനങ്ങൾ പ്രതിപാദിക്കുന്ന ‘എതിർ’ എന്ന ആത്മകഥയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. കേരള സർവകലാശാലയിൽ സാമ്പത്തികവിഭാഗത്തിൽ അധ്യാപകനായിരുന്നു. യുജിസി അംഗമായും സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽനിന്നു 2006ൽ രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായി.​

പാലക്കാട് പട്ടാമ്പി വാടാനാംകുറിശിയാണു സ്വദേശം. 1974ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനു ശേഷം ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് വിദ്യാർഥിയാണ്. തുടർന്നു തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഡോ.കെ.എൻ.രാജിനു കീഴിൽ ഗവേഷണം നടത്തി.

English Summary:

Kerala Police said they got a suicide note from Dr M. Kunhaman's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com