ADVERTISEMENT

ഹൈദരാബാദ് ∙ ഒന്നുമില്ലായ്മയിൽനിന്ന് കരുത്താർജിച്ച് നായകനാകുക... തെലങ്കാനയിലെ കോൺഗ്രസ് വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ 2004ലും 2009ലും കോൺ‌ഗ്രസ് ഭരണംപിടിച്ച ആന്ധ്രപ്രദേശ് 2014ൽ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പട്ടതോടെ, ആന്ധ്രപ്രദേശിൽ പൂർണമായും തെലങ്കാനയിൽ വലിയൊരളവുവരെയും തുടച്ചുനീക്കപ്പെട്ട കോൺഗ്രസ് അവയിലൊന്നിൽ ഭരണത്തിലേക്ക്. അവിഭക്ത ആന്ധ്രപ്രദേശിൽ തെലങ്കാന മേഖലയിൽ പാർട്ടിക്കുണ്ടായിരുന്ന കരുത്താണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്.

മാസങ്ങൾക്കു മുൻപുവരെ ഭാരത് രാഷ്ട്രസമിതിക്കും (ബിആർഎസ്) മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനും (കെസിആർ)  മൂന്നാമൂഴം പ്രവചിക്കപ്പെട്ടിടത്തു നിന്നാണ് കേവല ഭൂരിപക്ഷത്തോടെ കോൺഗ്രസിന്റെ തിരിച്ചുവരവ്. സംസ്ഥാനത്തിന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 21 എണ്ണത്തിൽ മാത്രം ജയിച്ച കോൺഗ്രസിന് 2018ൽ വീണ്ടും അടിപതറി. ഉണ്ടായിരുന്ന 21 സീറ്റുകളിൽ രണ്ടെണ്ണം നഷ്ടപ്പെട്ട് 19ലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി 12 എംഎൽഎമാർ ബിആർഎസിനൊപ്പം ചേർന്നു. ഒരു തോൽവി കൂടി താങ്ങാനുള്ള ശേഷി ഇല്ലാതിരുന്നിടത്താണ് ചിട്ടയായ പ്രവർത്തനത്തിലൂടെ പാർട്ടി സംസ്ഥാന ഭരണം പിടിച്ചത്.

തുടർച്ചയായി രണ്ടുതവണ ഭരണത്തിലിരുന്ന സർക്കാരിനെതിരെ സ്വാഭാവികമായുണ്ടാകാവുന്ന ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നപ്പോഴും താഴേത്തട്ടിലുള്ള അതിശക്തമായ സംഘടനാശേഷിയുടെ കരുത്തിൽ ദുർബലമായ കോൺഗ്രസിനെ അനായാസം മറികടന്ന് മൂന്നാമൂഴം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ചന്ദ്രശേഖർ റാവു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപു തന്നെ ആകെയുള്ള 119 സീറ്റുകളിൽ 115 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കെസിആർ പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടർച്ചയായി രണ്ടു തവണ എംഎൽഎമാരായി തുടർന്ന 90 ശതമാനം പേർക്കും വീണ്ടും സ്ഥാനാർഥിത്വം നൽകി. എംഎൽഎമാർക്കെതിരെയുള്ള ജനവികാരത്തെ മറികടക്കാൻ, 119 മണ്ഡലങ്ങളിലും താനാണ് മത്സരിക്കുന്നതെന്ന് ചിന്തിച്ചുവേണം വോട്ടു ചെയ്യാൻ എന്നായിരുന്നു സ്വന്തം ജനപ്രീതിയിൽ അത്രമേൽ പ്രതീക്ഷയർപ്പിച്ച കെസിആർ ജനങ്ങളോട് ആഹ്വാനം ചെയ്തത്.

അതേസമയം, ഒന്നുമില്ലായ്മയിൽനിന്ന് പടിപടിയായി കരുത്താർജിച്ചാണ് കോൺഗ്രസ്, ബിആർഎസിനെ വെല്ലുവിളിക്കാവുന്ന നിലയിലേക്കുയർന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഒരു വർഷം മുൻപുതന്നെ സംസ്ഥാനത്ത് കോൺഗ്രസിന് നിലമൊരുക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. പദയാത്രകളും സമരപരിപാടികളുമായി പാർട്ടിയെ താഴേത്തട്ടു മുതൽ സജീവമാക്കാനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. വിവിധ സർവേകളുടെ അടിസ്ഥാനത്തിൽ സുനിൽ കനഗോലുവിന്റെ നിർദേശങ്ങൾ അവഗണിച്ച് മധ്യപ്രദേശിൽ കമൽനാഥിന്റെയും രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെയും നേതൃത്വത്തിൽ സ്ഥാനാർഥി നിർണയം നടത്തിയപ്പോൾ തെലങ്കാനയിൽ 95 ശതമാനം സീറ്റുകളിലും സുനിലിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പോലും കോൺഗ്രസിന് ആരും സാധ്യത കൽപ്പിക്കാതിരുന്നെങ്കിൽ പ്രചാരണം ആവസാന ലാപ്പുകളിലേക്കു കടന്നതോടെ കരുത്താർജിച്ച കോൺഗ്രസിനെയാണ് ബിആർഎസിന് നേരിടേണ്ടിവന്നത്. പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ രേവന്ത് റെഡ്ഡിയുടെ ‘ബൈ ബൈ കെസിആർ’ പ്രചാരണവും ജനങ്ങളെ സ്വാധീനിച്ചു. ബിആർഎസിനും ചന്ദ്രശേഖർ റാവുവിനുമെതിരെ കോൺഗ്രസും രേവന്ത് റെഡ്ഡിയും ശക്തരായ എതിരാളിയായി പ്രതിഷ്ഠിക്കപ്പെട്ടതോടെ, ചന്ദ്രശേഖർ റാവു സർക്കാരിനെതിരായ വോട്ടുകൾ അനുകൂലമാക്കാനും അതിലൂടെ സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാനും കോൺഗ്രസിനായി. 

English Summary:

Nine-and-a-half year wait ends for Congress in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com