ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ..എം. കുഞ്ഞാമനെ (74) ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി പിൻവശത്തു പോയി നോക്കിയപ്പോഴാണ് ഊണുമുറിയിലെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലാണ്. ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ കുഞ്ഞാമൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മകൾ വിദേശത്തും. പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ഡോ. കുഞ്ഞാമന് ശാരീരിക അവശതകൾ ഉണ്ടായിരുന്നതായി പരിചയക്കാർ പറഞ്ഞു. താൻ നേരിട്ട ജാതിവിവേചനങ്ങൾ പ്രതിപാദിക്കുന്ന ‘എതിർ’ എന്ന ആത്മകഥയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. കേരള സർവകലാശാലയിൽ സാമ്പത്തികവിഭാഗത്തിൽ അധ്യാപകനായിരുന്നു. യുജിസി അംഗമായും സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽ നിന്നു 2006ൽ  രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായി. 

പാലക്കാട് പട്ടാമ്പി വാടാനാംകുറിശിയാണു സ്വദേശം. 1974ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനു ശേഷം ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് വിദ്യാർഥിയാണ്. തുടർന്നു തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഡോ.കെ.എൻ.രാജിനു കീഴിൽ ഗവേഷണം നടത്തി. 

മുഖ്യമന്ത്രി അനുശോചിച്ചു

പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം.കുഞ്ഞാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന് കേരളത്തിന്റെ വികസന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ, എഴുത്തുകാരൻ, എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനമുള്ളതായി. കേരളത്തിന് വലിയ നഷ്ടമാണ് ഈ വേർപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രി അനുശോചിച്ചു

ഡോ. എം.കുഞ്ഞാമന്റെ നിര്യാണത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ  അനുശോചിച്ചു. മലയാളിയുടെ ധൈഷണിക ലോകത്തെ സമ്പന്നമാക്കിയിരുന്ന പ്രതിഭയായിരുന്നു ഡോ. എം കുഞ്ഞാമൻ. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ മാത്രമല്ല, അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായി കേരള സമൂഹത്തിന് അദ്ദേഹത്തിന്റേതായ സംഭാവനകൾ പകർന്നു നൽകി. കീഴാള വർഗ പരിപ്രേക്ഷം അദ്ദേഹത്തിന്റെ ഗവേഷണത്തിലും എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. കുഞ്ഞാമന്റെ നിര്യാണത്തിൽ എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ ധനമന്ത്രി പറഞ്ഞു.

English Summary:

Prof. Dr. M Kunhaman Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com