ADVERTISEMENT

ഭരണവിരുദ്ധ വികാരം അലയടിച്ച മധ്യപ്രദേശിൽ കോൺഗ്രസിനോട് പൊരുതി ജയിച്ച് ബിജെപി. 230 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 161 സീറ്റുകളിലും കോൺഗ്രസ് 67 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 230 സീറ്റുകളിലേക്കും ഇരുപാർട്ടികളും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളായ ആം ആദ്മി പാർട്ടി (എഎപി) ക്കും സമാജ്‌വാദി പാർട്ടി (എസ്പി) ക്കും സീറ്റൊന്നും നേടാനായില്ല. എഎപി  66 എസ്പി 71 സീറ്റിലുമാണ് മത്സരിച്ചത്. എഎപിയുടെ കന്നിയങ്കമായിരുന്നു സംസ്ഥാനത്ത്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) –  ഗോണ്ട്വാന ഗണതന്ത്ര പാർട്ടി സഖ്യത്തിനും സീറ്റൊന്നും നേടാനായില്ല. ഇരുപാർട്ടികളും 218 സീറ്റിലേക്കാണ് (യഥാക്രമം 181, 37) സ്ഥാനാർഥികളെ നിർത്തിയിരുന്നത്. 4 സീറ്റിൽ മത്സരിച്ച സിപിഎമ്മിനും 9 സീറ്റിൽ മത്സരിച്ച സിപിഐയ്ക്കും സീറ്റൊന്നും നേടാനായില്ല. അതേസമയം, ഭാരത് ആദിവാസി പാർട്ടി (ബിഎപി) ഒരു സീറ്റു നേടി. 

∙ ‘ഹൃദയം’ കീഴടക്കി ബിജെപി

ഇന്ത്യയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശിന്റെ ഹൃദയം കീഴടക്കാനുള്ള പോരാട്ടത്തിലായിരുന്നു കോൺഗ്രസും ബിജെപിയും. ആം ആദ്മി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും തമ്മിലായിരുന്നു അങ്കം. ശക്തമായ ഭരണവിരുദ്ധത നിഴലിച്ച സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് േപാൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്ക് നിര്‍ണായകമായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ്. പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസാഥാനങ്ങളിൽ മധ്യപ്രദേശിൽ മാത്രമാണ് ബിജെപി അധികാരത്തിലുണ്ടായിരുന്നത്. 29 ലോക്‌സഭാ സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 29 സീറ്റിലും മത്സരിച്ച ബിജെപി, 28 സീറ്റുകളില്‍ ജയിച്ചിരുന്നു.

ശക്തമായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനപ്രീതിയിടിഞ്ഞതും ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതുണ്ടായില്ല. 3 കേന്ദ്രമന്ത്രിമാരടക്കം 7 സിറ്റിങ് എംപിമാരെയും ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയെയും രംഗത്തിറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ തിരഞ്ഞെടുപ്പുകളിലേതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വോട്ടാക്കാനുള്ള ബിജെപി ശ്രമവും മധ്യപ്രദേശിൽ ഫലം കണ്ടു. സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, സംസ്ഥാന പദ്ധതികളല്ല, മറിച്ച് കേന്ദ്ര പദ്ധതികളാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് ആക്ഷേപമുയർന്നെങ്കിലും വോട്ടിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്വാധീനമുള്ള മേഖലകളിലും പാർട്ടിക്കു നേട്ടമുണ്ടാക്കാനായി. 

വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ പ്രചാരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ, 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കാനും സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഗോതമ്പിനും നെല്ലിനും താങ്ങുവില വർധിപ്പിക്കുക, ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങൾക്ക് വീട്, കേന്ദ്രത്തിന്റെ ഉജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എൽപിജി സിലിണ്ടർ, 100 യൂണിറ്റ് വരെ വൈദ്യുതിക്ക് ഒരു രൂപ മാത്രം, കർഷകർക്ക് പ്രതിവർഷം 12000 രൂപ, ദരിദ്രർക്ക് 5 വർഷത്തേക്ക് സൗജന്യ റേഷൻ, ലാഡ്‌ലി ലക്ഷ്മി പദ്ധതിയിൽ പെൺകുട്ടികൾക്ക് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം, അതിദരിദ്ര കുടുംബങ്ങൾക്ക് കെജി തൊട്ട് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ലാഡ്‌ലി ബെഹ്ന പദ്ധതിയിൽ പ്രതിമാസം 1250 രൂപ കിട്ടുന്ന സ്ത്രീകൾക്ക് വീട്, 6 പുതിയ എക്സ്പ്രസ് വേകൾ, 2 പുതിയ വിമാനത്താവളങ്ങൾ എന്നിവയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. 

2003 മുതല്‍ (2018 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള 15 മാസം ഒഴികെ) മധ്യപ്രദേശില്‍ ബിജെപിയായിരുന്നു അധികാരത്തിൽ. ഈ വര്‍ഷങ്ങളിലെല്ലാം ശിവരാജ് സിങ് ചൗഹാന്‍ പാര്‍ട്ടിയുടെ മുഖമായി തുടര്‍ന്നു. എന്നാല്‍, ഇത്തവണ ബിജെപി സംസ്ഥാനത്ത് മൂന്ന് കേന്ദ്രമന്ത്രിമാരെയും എംപിമാരെയും രംഗത്തിറക്കിയപ്പോൾ, നാലു തവണ മുഖ്യമന്ത്രിയായ ചൗഹാനെ പാർട്ടി തഴയുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. നാലാം സ്ഥാനാര്‍ഥിപ്പട്ടികയിലാണ് അദ്ദേഹത്തിന്റെ തട്ടകമായ ബുധ്നി നല്‍കിയത്. സംസ്ഥാനത്തെ അഴിമതി ആരോപണങ്ങളും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ചൗഹാന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതുണ്ടായില്ല.

∙ നിറം മങ്ങി കോൺഗ്രസ്

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിങ് ചൗഹന്റെ നേതൃത്വത്തിലുള്ള 17 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും, ആ സര്‍ക്കാരിന് 15 മാസം മാത്രമേ ആയുസ്സുണ്ടായുള്ളൂ. 114 സീറ്റ് നേടിയ കോൺഗ്രസ്, ബിഎസ്പി (2), എസ്പി (1), സ്വതന്ത്രർ (4) എന്നിവരുടെ പിന്തുണയോടെയാണ് സഖ്യസർക്കാർ രൂപീകരിച്ചത്. (ബിജെപി നേടിയത് 109 സീറ്റ്). എന്നാൽ, കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമത നീക്കത്തെ തുടര്‍ന്ന് സർക്കാർ വീണു. സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയായി. 

അധികാരം തിരിച്ചുപിടിക്കാൻ പഴുതടച്ച പ്രചാരണമായിരുന്നു കോൺഗ്രസിന്റേത്. ഭരണവിരുദ്ധ വികാരം ആയുധമാക്കിയ കോൺഗ്രസ്, ചൗഹാന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയും സൗജന്യ സ്കൂൾ വിദ്യാഭ്യാസം, പഴയ പെൻഷൻ പദ്ധതി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയുമാണ് പ്രചാരണം നടത്തിയത്. ഉജ്ജയിനിയിലെ മഹാകാല്‍ ലോക് നിര്‍മാണത്തിലെ ക്രമക്കേട്, വ്യാപം റിക്രൂട്ട്മെന്റ്, അഡ്മിഷന്‍ അഴിമതി തുടങ്ങിയവയും കോണ്‍ഗ്രസ് ഉയർത്തിക്കാട്ടി. പക്ഷേ ഇതൊന്നും വോട്ടായില്ല. കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്വാധീനമുള്ള ഗ്വാളിയാർ – ചമ്പൽ മേഖലകളില്‍ നേട്ടമുണ്ടാക്കുന്നതിലും പാർട്ടി പരാജയപ്പെട്ടു. 

ആരോഗ്യകാരണങ്ങളാൽ മുൻ അധ്യക്ഷ സോണിയാ ഗാന്ധി വിട്ടുനിന്ന സാഹചര്യത്തിൽ, പ്രിയങ്കാ ഗാന്ധിയെ മുന്‍നിർത്തിയായിരുന്നു പ്രചാരണം. പ്രിയങ്കയുടെ നേതൃത്വത്തിൽ ഹിമാചല്‍ പ്രദേശിലും തുടർന്ന് കർണാടകയിലും നേടിയ വിജയം സംസ്ഥാനത്തും ആവർത്തിക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. കർണാടകയിലേതുപോലെയായിരുന്നു മധ്യപ്രദേശിലും കോൺഗ്രസിന്റെ പ്രചാരണ രീതി. ജാതി സെൻസസ്, 500 രൂപയ്ക്കു പാചകവാതക സിലിണ്ടർ, എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1500 രൂപ, 100 യൂണിറ്റ് വരെ സൗജന്യവൈദ്യുതി; 200 വരെ പകുതിവില, കാർഷിക വായ്പ എഴുതിത്തള്ളൽ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സൗജന്യ സ്കൂൾ വിദ്യാഭ്യാസം തുടങ്ങി സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടു നടത്തിയ പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

∙ വരവറിയിച്ച് 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ ആം ആദ്മി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും (എസ്പി) സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്, ഇന്ത്യ സഖ്യത്തിലെ ഐക്യത്തെക്കുറിച്ച് ചർച്ചകളുയർത്തിയിരുന്നു. 

ഡല്‍ഹിയും പഞ്ചാബും കീഴടക്കിയ ആത്മവിശ്വാസത്തിലാണ് മധ്യപ്രദേശിലും എഎപി അങ്കത്തിനിറങ്ങിയത്. കന്നിയങ്കത്തിൽത്തന്നെ പാർട്ടി പരാജയപ്പെട്ടു. ദേശീയ തലത്തിലേക്ക് ഉയരാന്‍ പരിശ്രമിക്കുന്ന എഎപിക്ക്, ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാനായത് ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കേജ്‌രിവാളാണ് പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ചത്. 

2081ലെ തിരഞ്ഞെടുപ്പില്‍ 1 സീറ്റ് നേടിയ എസ്പിക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിച്ചില്ല. എങ്കിലും ഉത്തര്‍പ്രദേശിനപ്പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി. സംസ്ഥാനത്ത് സീറ്റ് വിഭജനം പരാജയപ്പെട്ടതിൽ കോൺഗ്രസിനെ പരസ്യമായി വിമർശിച്ച് അഖിലേഷ് രംഗത്തെത്തിയത് വിവാദമായിരുന്നു. 

അതേസമയം, ഭാരത് ആദിവാസി പാർട്ടി (ബിഎപി) രത്‌ലം ജില്ലയിലെ സൈലാന സീറ്റ് നേടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 4,618 വോട്ടുകൾക്ക് സൈലാന മണ്ഡലത്തിൽ ബിഎപിയുടെ കമലേശ്വര് ദോദിയാർ, കോൺഗ്രസ് സ്ഥാനാർഥിയുമായ ഹർഷ് വിജയ് ഗെലോട്ടിനെ പരാജയപ്പെടുത്തി. രാജസ്ഥാൻ ആസ്ഥാനമായ ഭാരത് ആദിവാസി പാർട്ടി സംസ്ഥാനത്ത് ഇതാദ്യമായാണ് വിജയിക്കുന്നത്. 

English Summary:

Why BJP Win In Madhyapradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com