ബിജെപി സഖ്യം അജിത്തിന്റെ തീരുമാനമെന്ന് ശരദ് പവാർ; ‘പാടില്ലെന്ന് പറഞ്ഞിരുന്നു’
Mail This Article
മുംബൈ ∙ ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം അജിത് പവാറും അദ്ദേഹത്തിനൊപ്പമുള്ളവരും ചേർന്നെടുത്തതാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. ശരദ് പവാറിന്റെ അറിവോടെയാണ് ബിജെപിയുമായി സഖ്യം ചേർന്നതെന്ന് കഴിഞ്ഞ ദിവസം അജിത് പവാർ പറഞ്ഞതിനോടാണ് പ്രതികരണം.
‘അജിത് പവാർ എന്നെ സന്ദർശിച്ചിരുന്നു എന്നതു ശരി തന്നെ. എന്നാൽ, എൻസിപിയുടെ തിരഞ്ഞെടുപ്പു ചിഹ്നത്തിൽ മത്സരിച്ച്, ബിജെപിക്കെതിരെ പ്രചാരണം നടത്തിയ ശേഷം അവരുമായി കൈകോർക്കാൻ പാടില്ലെന്നാണ് ഞാൻ പറഞ്ഞത്. അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. എൻസിപിയുടെ ആശയത്തിനും എതിരാകും. പോകേണ്ടവർക്ക് സ്വന്തം നിലയ്ക്ക് പോകാമെന്നും എൻസിപി എന്ന പേരിൽ അതു ബിജെപിയുമായി സഖ്യം പാടില്ലെന്നുമാണ് ഞാൻ പറഞ്ഞത്’ – ശരദ് പവാർ വ്യക്തമാക്കി.
ബിജെപിയുമായി കൈകോർക്കാൻ ശരദ് പവാർ ആദ്യം തയാറായിരുന്നെന്നും പിന്നീട് നിലപാട് മാറ്റുകയായിരുന്നെന്നുമാണ് അജിത് പവാർ കഴിഞ്ഞ ദിവസം ആരോപിച്ചത്. എൻസിപി അധ്യക്ഷസ്ഥാനത്തു നിന്ന് ഏതാനും മാസം മുൻപ് ശരദ് പവാർ രാജി പ്രഖ്യാപിച്ചത് നാടകമായിരുന്നെന്നും അജിത് അവകാശപ്പെട്ടിരുന്നു. ഇതും ശരദ് പവാർ നിഷേധിച്ചു.
തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണിയെ ബാധിക്കില്ല
മുംബൈ ∙ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിന്റെ നേതൃത്വത്തിൽ 26 പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യ മുന്നണിയെ ബാധിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ അടുത്ത ദിവസം യോഗം ചേരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശകലനം ചെയ്യും. അതിനു ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനുള്ളൂവെന്ന് ശരദ് പവാർ പറഞ്ഞു.