ബീച്ചിലെ മണൽക്കുഴിയിൽ വീണ യുവാവിനെ രക്ഷിച്ചത് സാഹസികമായി; ‘പുറത്തെടുത്തപ്പോൾ പൾസില്ല, ആശങ്ക’
Mail This Article
ബ്രിസ്ബേൻ ∙ ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിനു സമീപത്തുള്ള ബ്രിബി ദ്വീപിലെ ബീച്ചിൽ മണലിനടിയിൽപ്പെട്ട യുവാവിന് അദ്ഭുതകരമായ രക്ഷപ്പെടൽ. 25 വയസ്സുകാരനായ ജോഷ് ടെയ്‌ലറാണ് അപകടത്തിൽപ്പെട്ടത്. കടലോരത്തെ വലിയ കുഴിയിലേക്ക് വീണ ടെയ്‌ലർക്കു മുകളിലേക്ക് മണല്‍ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ടെയ്‌ലറെ സഹായിക്കാൻ എത്തുകയും റെസ്ക്യൂ ഹെലികോപ്റ്റർ ജീവനക്കാരെയും വൈദ്യസംഘത്തേയും വിളിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിനെ പുറത്തെത്തിച്ചത്.
പന്നിയെ പാചകം ചെയ്യാനായി കുഴിച്ച കുഴിയിൽ ടെയ്‌ലർ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ നേഥൻ പറഞ്ഞു. കസേരയിൽ നിന്ന് എഴുന്നേറ്റയുടൻ ടെയ്‌ലർ കുഴിയിലേക്ക് വീണു. രക്ഷപ്പെടാനായി കൈകൾ പുറത്തേക്ക് വച്ചെങ്കിലും ഫലമുണ്ടായില്ല. ടെയ്‌ലര്‍ പൂർണമായും കുഴിയിൽ അകപ്പെട്ടെന്നും പുറത്തെടുക്കുന്നതു വളരെ ശ്രമകരമായിരുന്നുവെന്നും നേഥൻ പറഞ്ഞു.
മണലിനടിയിൽപ്പെട്ട ടെയ്‌ലറെ പാരാമെഡിക് സംഘം പ്രയാസപ്പെട്ടു വലിച്ച് പുറത്തേക്ക് എത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും പരുക്കേറ്റു. പുറത്തെടുത്തപ്പോൾ ടെയ്‌ലർക്ക് പൾസ് ഇല്ലായിരുന്നെന്നും അടിയന്തര ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും അധികൃതർ പറഞ്ഞു. 45 മിനിറ്റോളം സമയമെടുത്താണ് പൾസ് സാധാരണ ഗതിയിലായത്. ആരോഗ്യനില പൂർവ സ്ഥിതിയിലാക്കാൻ ഡോക്ടർമാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു നേഥൻ വ്യക്തമാക്കി.