ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനത്തിനുള്ള വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ കേരളത്തിനു മാത്രമായി ഇളവു നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. നിലവിൽ 47,762 കോടി രൂപയാണ് കേരളത്തിനുള്ള വായ്പാ പരിധിയായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. കേരള സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നതായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യം.

വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്നതിന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ, കേരള സർക്കാരിന്റെ നിലവിലെ വായ്പാ പരിധി എത്ര, അതനുസരിച്ച് ഇതുവരെ വായ്പയെടുത്ത തുകയെത്ര, ഈ പ്രതിസന്ധി നേരിടാൻ മറ്റു മാർഗങ്ങൾ ആലോചിക്കുന്നുണ്ടോ, കേരള സർക്കാർ സാമ്പത്തിക ഞെരുക്കം നേരിടുന്ന വിവരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ കേരള സർക്കാരിനെ സഹായിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളും പ്രേമചന്ദ്രൻ ഉന്നയിച്ചിരുന്നു.

കേരള സർക്കാർ ഉൾപ്പെടെയുള്ളവരുടെ വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാരിനായി ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി. അതേസമയം, വായ്പാ പരിധി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചതായി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധി നിശ്ചയിക്കുന്നതിന് ഭരണഘടന പ്രകാരവും സാമ്പത്തിക കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും കേന്ദ്രസർക്കാരിന് പൊതു മാനദണ്ഡമുണ്ട്. നിലവിൽ കേരള സർക്കാരിന്റെ വായ്പാ പരിധി 47,762.58 കോടി രൂപയാണ്. ഇതിൽ ഓപ്പൺ മാർക്കറ്റ് ബോറോവിങ് (ഒഎംബി) പ്രകാരമുള്ള പരിധി 29,136.71 കോടി രൂപയാണ്. ഇതുപ്രകാരം 23,852 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടിയിലുണ്ട്.

English Summary:

Central Government Responds to N.K. Premachandran, Rejects Kerala's Elevated Credit Request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com