സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം – വിഡിയോ
Mail This Article
ആലപ്പുഴ∙ ദേശീയപാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം പ്രാദേശികനേതാവിന്റെ കാർ യാത്ര. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവർത്തകരും ചേർന്നു മർദിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരനെയും കയ്യേറ്റം ചെയ്യാൻ ശ്രമം.
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണു സംഭവം.
പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ് ആലപ്പുഴ പറവൂരിലെത്തിയപ്പോഴാണു പ്രശ്നങ്ങളുടെ തുടക്കം. ബസ് കടന്നുപോകാൻ അനുവദിക്കാതെ പ്രശാന്ത് കാറോടിച്ചെന്നു ബസ് ജീവനക്കാർ പറയുന്നു. വണ്ടാനം മെഡിക്കൽ കോളജിനു സമീപം വാഹനം നിർത്തിയപ്പോൾ ബസ് ഡ്രൈവർ ഇതു ചോദ്യം ചെയ്തു. തുടർന്ന് ബസ് മുന്നിൽ കയറി. പിന്തുടർന്നെത്തിയ പ്രശാന്ത് പായൽക്കുളങ്ങര വച്ച് ബസ് തടഞ്ഞു ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പ്രശാന്ത് വിളിച്ചറിയിച്ചതനുസരിച്ചെത്തിയ സിപിഎം പ്രവർത്തകരും ഡ്രൈവറെ മർദിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
ബസ് സിപിഎം പ്രവർത്തകർ തടഞ്ഞതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. പരുക്കേറ്റ ബസ് ഡ്രൈവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തതെന്നും കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടെന്നും ആരോപണമുണ്ട്.