ADVERTISEMENT

ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും  അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ചെന്നൈയിൽ കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയപ്പോൾ.
ചെന്നൈയിൽ കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയപ്പോൾ.

മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ചെന്നൈയില്‍ അടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്​ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം.

ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 60-70 കി.മീ. വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വില്ലുപുരം കൂഡല്ലൂര്‍ എന്നിവിടങ്ങളും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളജിനു സമീപം കെട്ടിടം തകര്‍ന്നുവീണ് 10 ജീവനക്കാര്‍ കുടുങ്ങി. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകള്‍ റദ്ദാക്കി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോ, സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.‌

∙ അതീവ ജാഗ്രത


ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. മറീനയിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചു. സമീപത്തുള്ള സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കി. ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന ചെന്നൈയിൽ നിന്നുള്ള ദൃശ്യം (PTI Photo/R Senthil Kumar)
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന ചെന്നൈയിൽ നിന്നുള്ള ദൃശ്യം (PTI Photo/R Senthil Kumar)

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ഇന്നലെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായുള്ള കനത്ത മഴയാണു നഗരത്തിലും സമീപ ജില്ലകളിലും ഇന്നും പ്രതീക്ഷിക്കുന്നത്. തിരുവള്ളൂർ ജില്ലയിൽ നേരത്തേ തന്നെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. 4 ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. റാണിപ്പെട്ട്, വെല്ലൂർ, വില്ലുപുരം, തിരുവണ്ണാമലൈ, കാവേരി നദീതട ജില്ലകൾ എന്നിവിടങ്ങളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

∙ അവശ്യ സർവീസുകൾ മാത്രം

ജനത്തിനു കൂടുതൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പൊതു അവധി നൽകിയത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർ‍ഡുകൾ, ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കഴിഞ്ഞ ദിവസം തന്നെ അവധി നൽകിയിരുന്നു.

∙ വിവിധ ട്രെയിനുകൾ റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്നു വിവിധ ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട 07120 കോട്ടയം – നരസാപുർ സ്പെഷൽ , 12625 തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 13351 ധൻബാദ് ജംക്‌ഷൻ – ആലപ്പുഴ എക്സ്പ്രസ്, 17230 സെക്കന്തരാബാദ് ജംക്‌ഷൻ– തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (ഇന്നും നാളെയും), 22643 എറണാകുളം ജംക്‌ഷൻ – പട്ന ജംക്‌ഷൻ ബൈ വീക്ക്‌ലി എക്സ്പ്രസ്, 22648 കൊച്ചുവേളി – കോർബ ബൈ–വീക്ക്‌ലി എക്സ്പ്രസ്, 22815 ബിലാസ്പുർ ജംക്‌ഷൻ – എറണാകുളം ജംക്‌ഷൻ വീക്ക്‌ലി എക്സ്പ്രസ്, 22837 ഹാട്യ– എറണാകുളം ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12007 ചെന്നൈ-മൈസുരു ശതാബ്ദി എക്‌സ്പ്രസ്, 12675 ചെന്നൈ-കോയമ്പത്തൂര്‍ കോവൈ എക്‌സ്പ്രസ്, 12243 ചെന്നൈ-കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്, 22625 ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ്, 12639 ചെന്നൈ- ബെംഗളൂരു വൃന്ദാവന്‍ എക്‌സ്പ്രസ്, 16057 ചെന്നൈ- തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ്, 16204 തിരുപ്പതി-ചെന്നൈ എക്‌സ്പ്രസ്, 12028 ബെംഗളൂരു- ചെന്നൈ എക്‌സ്പ്രസ്, 20644 കോയമ്പത്തൂര്‍-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ്, 12608 ബെംഗളൂരു-ചെന്നൈ ലാല്‍ബാഗ് എക്‌സ്പ്രസ്, 16054 തിരുപ്പതി-ചെന്നൈ എക്‌സ്പ്രസ്, 12680 കോയമ്പത്തൂര്‍-ചെന്നൈ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ സ്ട്രീറ്റിൽ വെള്ളം കയറിയപ്പോൾ (Photo by R. Satish BABU / AFP)
കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ സ്ട്രീറ്റിൽ വെള്ളം കയറിയപ്പോൾ (Photo by R. Satish BABU / AFP)

∙ റദ്ദാക്കിയ മറ്റു ട്രെയിനുകൾ (ബ്രാക്കറ്റിൽ പുറപ്പെടേണ്ട തീയതി)

07130 കൊല്ലം ജംക്‌ഷൻ – സെക്കന്തരാബാദ് ജംക്‌ഷൻ സ്പെഷൽ (നാളെ), 22619 ബിലാസ്പുർ ജംക്‌ഷൻ– തിരുനെൽവേലി ജംക്‌ഷൻ വീക്ക്‌ലി എക്സ്പ്രസ് (നാളെ), 18190 എറണാകുളം ജംക്‌ഷൻ – ടാറ്റാ നഗർ ജംക്‌ഷൻ ബൈ–വീക്ക്‌ലി എക്സ്പ്രസ് (നാളെ), 22670 പട്ന ജംക്‌ഷൻ – എറണാകുളം ജംക്‌ഷൻ വീക്ക്‌ലി എക്സ്പ്രസ് (നാളെ), 12512 കൊച്ചുവേളി – ഗോരഖ്പുർ ജംക്‌ഷൻ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (6 ന്), 12626 ന്യൂഡൽഹി– തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (5, 6), 12660 ഷാലിമാർ – നാഗർകോവിൽ ജംക്‌ഷൻ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (6 ന്), 13352 ആലപ്പുഴ – ധൻബാദ് ജംക്‌ഷൻ എക്സ്പ്രസ് (6,7), 17229 തിരുവനന്തപുരം സെൻട്രൽ– സെക്കന്തരാബാദ് ജംക്‌ഷൻ ശബരി എക്സ്പ്രസ് (5, 6, 7), 22503 കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (6,7) 22644 പട്ന ജംക്‌ഷൻ – എറണാകുളം ജംക്‌ഷൻ ബൈ–വീക്ക്‌ലി എക്സ്പ്രസ് (7 ന്), 22647 കോർബ – കൊച്ചുവേളി ബൈ വീക്ക്‌ലി എക്സ്പ്രസ് (6 ന്), 22816 എറണാകുളം ജംക്‌ഷൻ – ബിലാസ്പുർ ജംക്‌ഷൻ വീക്ക്‌ലി എക്സ്പ്രസ് (6 ന്), 22838 എറണാകുളം ജംക്‌ഷൻ – ഹാട്യ ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (6 ന്)

അടിയന്തര സഹായത്തിന് ബന്ധപ്പെടാം

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ - 1070
വാട്സാപ്– 94458 69848
ജില്ലാ ഓപ്പറേഷൻ സെന്റർ - 1077
അവശ്യ സഹായത്തിനായി കോർപറേഷനും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറുകൾ
ചെന്നൈ: 044 25619204, 044 25619206, 044 25619207
ടോൾഫ്രീ നമ്പർ: 1913
വാട്സാപ്: 9445477205‌
ജല വിതരണവും മലിനജല നിർമാർജനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ: 044 45674567
വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ: 9498794987
∙ ചെങ്കൽപെട്ട്: 044 27427412, 27427414
വാട്‌സാപ്: 9444272345
ടോൾ ഫ്രീ നമ്പർ: 1077
വിഷജീവികൾ ശ്രദ്ധയിൽപെട്ടാൽ: 044-22200335

English Summary:

Cyclone Michaung, Chennai Rains Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com