കൈക്കുഞ്ഞുമായി ഇടതുവശത്തുകൂടി സ്കൂട്ടർ; ചോദ്യം ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം–വിഡിയോ
Mail This Article
ആലുവ∙ ഇടതുവശത്തുകൂടി വാഹനത്തെ മറികടക്കാനുള്ള ശ്രമം ചോദ്യം ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂരമർദ്ദനം. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ മുട്ടത്താണ് സംഭവം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എം.എസ്. ജയകുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. പരുക്കേറ്റ ജയകുമാർ ആശുപത്രിയിൽ ചികിത്സ തേടി.
മൂന്നാറിൽനിന്ന് ആലുവയിലേക്കു സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറാണ് ജയകുമാർ. കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവരുമായി ഇടതുവശത്തുകൂടി കടന്നുവന്ന ഇരുചക്രവാഹനം ബസിനു മുന്നിൽ കയറ്റിനിർത്തിയത് അപകടത്തിനു കാരണമാകില്ലേയെന്നു ചോദിച്ച് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് ജയകുമാർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇതോടെ കുപിതനായ യുവാവ് സ്കൂട്ടർ നിർത്തി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.
ബസ് ഡ്രൈവറെ അദ്ദേഹത്തിന്റെ സീറ്റിനു സമീപമെത്തി സ്കൂട്ടർ യാത്രികൻ മർദ്ദിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. സീറ്റിനു സമീപത്തെ വാതിലിലൂടെ വലിഞ്ഞുകയറി ഡ്രൈവറെ സീറ്റിലിട്ട് അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിലുള്ളിലും പുറത്തുമുള്ളവർ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ ആക്രമണം തുടർന്നു.
ഹെൽമറ്റ് ഉപയോഗിച്ച് കൈയ്ക്കും തലയ്ക്കും അടിച്ചതായും നെഞ്ചിൽ ചവിട്ടിയതായും ജയകുമാർ മൊഴി നൽകി. പരുക്കേറ്റ ഡ്രൈവറെ ഹൈവേ പൊലീസ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.