‘മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്’: നവകേരള വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു, പിടികൂടി പൊലീസ്
Mail This Article
തൃശൂർ∙ വടക്കാഞ്ചേരി മണ്ഡലത്തിൽ നവകേരള സദസ്സിന്റെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാല മൈതാനത്ത് നടന്ന നവകേരള സദസ്സിനിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകർ ഇരിക്കുന്ന ഭാഗത്തു കൂടിയാണ് ഇയാൾ ഓടിക്കയറാൻ ശ്രമിച്ചത്.
‘‘മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്’’ എന്ന് ഉച്ചത്തിൽ പറഞ്ഞാണ് ഇയാൾ വേദിയിലേക്ക് കയറാൻ ശ്രമിച്ചത്. എന്നാൽ ബാരിക്കേഡ് മറികടക്കാൻ സാധിച്ചില്ല. ഉടൻ പൊലീസെത്തി ഇവിടെനിന്നു മാറ്റി. വടക്കാഞ്ചേരിയിൽ താൻ നിർമിച്ച വീടിന് നഗരസഭ അനുമതി നൽകുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നുമായിരുന്നു ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിൽ മുൻപു പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് ആരോപിച്ചാണ് വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് പറയുന്നു.