‘21–ാം നൂറ്റാണ്ട് ഏഷ്യയുടേത്; അമേരിക്കയും ചൈനയും പരസ്പരം കൊമ്പുകോർക്കുന്ന ലോകക്രമം ഉണ്ടാകും’
Mail This Article
തിരുവനന്തപുരം ∙ ഏഷ്യൻ രാജ്യങ്ങളാകും പുതിയ നൂറ്റാണ്ടിൽ ലോകത്തെ നയിക്കുകയെന്ന് ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ എമിറേറ്റ്സ് പ്രഫസറുമായ ദീപക് നയ്യാർ. ചൈനയാണ് മാറ്റത്തിനു മുന്നിലുണ്ടാവുക. ഈ പുതിയ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യം അമേരിക്ക മേധാവിത്വം പുലർത്തുന്ന ഏകധ്രുവ ലോകത്തുനിന്നു കാര്യമായ മാറ്റത്തിന് വഴി തുറക്കും. ചൈനയുടെ നേതൃത്വത്തിൽ ഒരു ബഹുധ്രുവ ലോകക്രമം നിർമിതമാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്തരമൊരു സാധ്യത ഉറപ്പാക്കാനും നമുക്ക് കഴിയില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) സംഘടിപ്പിച്ച ഏഴാമത് ഐ.എസ്.ഗുലാത്തി അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു ദീപക് നയ്യാർ.
ചൈന, ഇന്ത്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ അടുത്ത കാൽ നൂറ്റാണ്ടിനിടയിൽ സാമ്പത്തിക ശക്തികളായി മാറുന്നതിനുള്ള സാധ്യതകൾ ശക്തമാണ്. അമേരിക്കയും ചൈനയും പരസ്പരം കൊമ്പുകോർക്കുന്ന പുതിയ ലോകക്രമമാണ് ഭാവിയിൽ ലോകത്തെ നയിക്കുക. ശീതയുദ്ധ കാലത്തേതു പോലെ ഈ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു ഇരുധ്രുവ ലോകസൃഷ്ടിക്കുള്ള സാധ്യത വിരളമാണ്. അടുത്ത 25 വർഷത്തിനകം ആഗോള തലത്തിൽ രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള വലിയ മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേതായിരിക്കും. 48 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ശക്തമായ ഒരു മേഖലയാണ് ഏഷ്യ. മാനവരാശിയുടെ നിലനിൽപ്പും വികസനവും പുതിയ ലോകക്രമത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഇന്ത്യ, അർജന്റീന, ബ്രസീൽ, വിയറ്റ്നാം തുടങ്ങിയവ ശക്തമായ സാമ്പത്തിക മുന്നേറ്റത്തിന് കഴിവുള്ള രാജ്യങ്ങളാണ്. ചൈനയുടെ മുന്നേറ്റം ഉത്പാദനക്ഷമത ഉയർത്തുന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കാരണം, തൊഴിലില്ലായ്‌മ എന്ന പ്രതിസന്ധിയെ മറികടക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. ഉത്‌പാദനക്ഷമതയുടെ കാര്യത്തിൽ പ്രതിവർഷം 3 ശതമാനം വളർച്ച അവർ നേടുന്നുണ്ട്. ഇത് അഭികാമ്യമായ വളർച്ചയാണെന്ന് വിലയിരുത്തേണ്ടതായി വരും. 2035ഓടെ ചൈനയുടെ ജിഡിപി, അമേരിക്കയുടെ 90 ശതമാനത്തോളമാകുമെന്ന് വിദഗ്ദർ പ്രവചിക്കുന്നു.
അമേരിക്കയും ചൈനയും നേതൃത്വം നൽകുന്ന പുതിയ ലോകക്രമമായിരിക്കും നാളത്തെ ലോകത്തെ നയിക്കുക എന്നതിൽ സംശയമില്ല. എന്നാൽ ചരിത്രപരമായി സംഭവിച്ചത് പോലുള്ള 25ൽപരം വികസ്വര രാജ്യങ്ങൾ ഈ മാറ്റത്തിൽ വളരെ നിർണായകമായ പങ്ക് വഹിക്കുന്നവയാണ്. ലോക ജനസംഖ്യയുടെ 45 ശതമാനത്തോളം ഈ രാജ്യങ്ങളിലാണ്. എന്നാൽ ഈ മാറ്റം ഒരു ബഹുധ്രുവ ലോകക്രമമായി പരിണമിക്കുമോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. കാരണം വലിയ വികസന പാതയിലേക്ക് നീങ്ങുന്ന വികസ്വര രാജ്യങ്ങൾ ഏതെങ്കിലും ചേരിയിലേക്ക് ചേർന്ന് നിൽക്കുന്നതിൽ തൽപരരല്ല എന്നതാണ്.
ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള നിലവിലെ ആഗോളക്രമം ഇന്നത്തെ ലോക സാഹചര്യങ്ങൾ നേരിടുന്ന കാര്യത്തിൽ പരാജയമായി മാറിയിരിക്കുന്ന സാഹചര്യമാണ്. റഷ്യ -യുക്രെയ്ൻ യുദ്ധവും ഇസ്രയേൽ– ഹമാസ് യുദ്ധവും ആശങ്ക ഉണർത്തുന്ന വിധത്തിൽ തുടരുമ്പോഴും ഐക്യരാഷ്ട്ര സംഘടനയെ കുറിച്ചു നാം കേൾക്കുന്നേയില്ല എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ചടങ്ങിൽ മോഡറേറ്ററായിരുന്നു. ഗിഫ്റ്റ് ഡയറക്ടർ പ്രഫസർ കെ.ജെ.ജോസഫ് സ്വാഗതവും അസിസ്റ്റന്റ് പ്രഫസർ ഡോ. അശ്വതി റേച്ചൽ വർഗീസ് നന്ദിയും പറഞ്ഞു.