ഭീകരൻ സജിദ് മിർ പാക്ക് ജയിലിൽ വിഷം കഴിച്ചെന്ന് റിപ്പോർട്ട്; മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ
Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്. കുറച്ചു മാസം മുൻപാണ് സജിദിനെ ലഹോർ സെൻട്രൽ ജയിലിൽനിന്ന് ഇവിടേയ്ക്കു മാറ്റിയത്. റിപ്പോർട്ടുകൾപ്രകാരം സജിദിനെ ബെഹവൽപുരിലെ സിഎംഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പാക്കിസ്ഥാൻ സൈന്യം എയർലിഫ്റ്റ് ചെയ്തു.
ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാക്കിസ്ഥാനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചു. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് സജിദ് മിർ പിടിയിലാകുന്നത്. ഇതിൽനിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റ് നാടകമെന്ന് ആരോപണമുണ്ടായിരുന്നു.
ഇയാൾ ജീവിച്ചിരിപ്പില്ലെന്നു നേരത്തെ പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് എഫ്എടിഎഫ് തെളിവ് ആവശ്യപ്പെട്ടു. യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മിറിനെതിരെ നടപടി വൈകുന്നതിൽ യുഎസ് പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈ ഭീകരാക്രമണം പാക്കിസ്ഥാനിലിരുന്ന് നിയന്ത്രിച്ചത് മിർ ആണെന്നായിരുന്നു കണ്ടെത്തൽ. ഇന്റർപോൾ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പാക്കിസ്‌ഥാൻ അവഗണിച്ചു.
ഐഎസ്ഐ സംരക്ഷണയിൽ കഴിയുന്നതായി അന്നുതൊട്ടേ ആരോപണമുണ്ട്. ആഗോള ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിയതു സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവന്നിരുന്നു. ഈ വർഷം ജൂണിൽ സജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കം ചൈനയാണു തടഞ്ഞത്.