ADVERTISEMENT

കോഴിക്കോട്∙ സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ നിലത്തുനിന്ന് എടുത്ത് പൊലീസിനു നേരെ തിരിച്ചെറിഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആദിൽ അലി. കഴിഞ്ഞ മാസം 29നു കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് ആദിൽ അലി ടിയർ ഗ്യാസ് തിരിച്ചെറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നിരവധിപ്പേർ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ആദിലിന്റെ പ്രതികരണം. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസിന്റെ നീക്കമെന്നും നടപടിക്രമങ്ങൾ പാലിക്കാതെ അവർ എറിഞ്ഞ ടിയർ ഗ്യാസ് തിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും ആദിൽ പറഞ്ഞു. വളരെ അപകടകരമായ പ്രവൃത്തിയാണ് താൻ ചെയ്തതെന്നും ആരും അനുകരിക്കാൻ ശ്രമിക്കരുതെന്നും ആദിൽ കൂട്ടിച്ചേർത്തു.

‘‘ഞാനും സഹപ്രവർത്തകരും ബാരിക്കേഡിന് ഇപ്പുറം‌നിന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ടിയർ ഗ്യാസ് എറിയുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ടി.എം.നിമേഷിന്റെ ദേഹത്തേയ്ക്കാണ് ഇതു വന്നു വീഴുന്നത്. നിമേഷിന്റെ ദേഹത്തുതട്ടി നിലത്തു വീണു. ഇതു ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ടിയർ ഗ്യാസ് ഉപയോഗിക്കേണ്ടതിന്റെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പ്രയോഗിച്ച ടിയർ ഗ്യാസ് ഞാൻ അവർക്ക് തിരിച്ചുകൊടുത്തു.

അതുമാത്രമാണ് അവിടെ ഉണ്ടായത്. എന്റെ സഹപ്രവർത്തകരുടെ ജീവൻരക്ഷാർഥം ഒരു പ്രത്യേക ആക്‌ഷൻ എടുത്ത് ചെയ്ത സംഗതിയാണ്. സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. മുൻ‌കൂട്ടി തീരുമാനിച്ച് ചെയ്തതല്ല. അപ്പോൾ അങ്ങനെ ചെയ്യാൻ തോന്നിയതിനാൽ ചെയ്തതാണ്. അസംഘടിതമായ ജനങ്ങളുടെ പ്രതിഷേധമാണ് ട്രോളായും കമന്റുകളായും സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അവർക്ക് പ്രതിഷേധിക്കാനുള്ള ഒരേ ഒരു മാർഗം സമൂഹമാധ്യമമാണ്. ഈ വിഷയത്തിൽ അവരത് കൃത്യമായി ഉപയോഗിച്ചു.

ഈ സംഭവത്തിൽ 99 ശതമാനം പേരും എന്നെ പിന്തുണച്ചാണ് രംഗത്തെത്തിയത്. അതെന്തുകൊണ്ടാണെന്ന് പൊലീസ് മനസ്സിലാക്കി അവരുടെ ഭാഗത്തെ തെറ്റു തിരുത്തണം. സർക്കാരിന്റെ നിർദേശപ്രകാരമാണ് കേരളത്തിലൂടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിക്കുന്നത്. പൊലീസ് കാവലിൽ ഡ‍ിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണ്. അതിനെതിരെയുള്ള പ്രതിഷേധമാണ് ഇത്.’’– ആദിൽ പറഞ്ഞു.

താൻ ചെയ്ത കാര്യം അനുകരിക്കരുതെന്നും ആദിൽ അഭ്യർഥിച്ചു. വന്നു വീണത് ടിയർ ഗ്യാസ് ആണോ ഗ്രനേഡാണോ എന്നറിയാതെയാണ് തിരിച്ചെറിഞ്ഞത്. പിന്നീടാണ് ടിയർ ഗ്യാസ് ആണെന്നു വ്യക്തമായത്. ഗ്രനേഡും വരാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള ഇക്കാര്യം ആരും അനുകരിക്കരുതെന്നും ആദിൽ അലി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ മാറ്റുന്നതിനിടയിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനുപിടിച്ചു ഞെരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ഇതിനിടെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലാണ്, ആദിൽ നിലത്തുനിന്നെടുത്ത് തിരിച്ചെറിഞ്ഞത്. ഇതോടെ പൊലീസ് സംഘം ചിതറിയോടി. സമരത്തെ നേരിടുന്നതിനായി എത്തിച്ച ജലപീരങ്കിയുമായെത്തിയ വാഹനവും പിന്നിലേക്കു മാറ്റി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് സംഘം കണ്ണീർ വാതകത്തെ ‘മെരുക്കിയത്’.

English Summary:

Youth Congress Activist Aadil Ali on Throwing Tear Gas Back to Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com