ADVERTISEMENT

ചെന്നൈ / ഹൈദരാബാദ്∙ മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ കനത്ത ജാഗ്രതയിൽ ആന്ധ്രാപ്രദേശ്. സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. നെല്ലൂരിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. 9000ൽ അധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയിൽ 50 വിമാനങ്ങളും 100 ട്രെയിനുകളും റദ്ദാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള അടിയന്തരസഹായമായി സംസ്ഥാനസർക്കാർ 22 കോടി രൂപ പ്രഖ്യാപിച്ചു. 

നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിലാണ് മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടത് . മണിക്കൂറിൽ 110 കിലോമീറ്ററാണ് വേഗം. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. 

ചെന്നൈയിൽ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി വ്യോമസേനയും എത്തി. ചേതക് ഹെലികോപ്ടര്‍ വഴി ഭക്ഷണം എത്തിച്ചു. ശക്തമായകാറ്റിലും മഴയിലും ഉണ്ടായ അപകടങ്ങളിൽ 12 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ട്രെയിന്‍ സർവീസുകൾ റദ്ദാക്കി. മെട്രോ ട്രെയിൻ സർവീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾ റദ്ദാക്കി. കൊല്ലം – സെക്കന്തരാബാദ് സ്പെഷൽ, തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം – പട്ന എക്സ്പ്രസ്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ്, ഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com