ADVERTISEMENT

ന്യൂഡൽഹി ∙ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധർമ’ പരാമർശത്തിനു പിന്നാലെ പാർലമെന്റിൽ പുതിയ വിവാദവുമായി ഡിഎംകെ എംപി എസ്.സെന്തിൽകുമാർ. ഹിന്ദി ഹൃദയഭൂമിയിലുള്ള ‘ഗോമൂത്ര’ സംസ്ഥാനങ്ങളിൽ മാത്രമെ ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയിക്കാനാവൂ എന്നും, പാർട്ടിക്ക് ദക്ഷിണേന്ത്യയില്‍ അധികാരത്തിൽ വരാനാകില്ലെന്നുമാണ് സെന്തിൽ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞത്. പ്രതിഷേധമുയർന്നതോടെ സഭാ രേഖകളിൽനിന്ന് തന്റെ പ്രസ്താവന നീക്കാമെന്നു പറഞ്ഞ് സെന്തിൽകുമാർ തടിയൂരി.

പ്രസ്താവന പിന്നീടു രേഖകളിൽനിന്നു നീക്കി. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപി വൻ വിജയം നേടിയതിനു പിന്നാലെയാണ് സെന്തിൽകുമാറിന്റെ പ്രസ്താവന വന്നത്. എംഡിഎംകെ എംപി വൈക്കോയും പിന്തുണയുമായി രംഗത്തെത്തി. വിമര്‍ശനമുയർന്നതോടെ തന്റെ പരാമർശം നീക്കാമെന്നും അടുത്ത തവണ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കൂടുതൽ ശ്രദ്ധിക്കാമെന്നുമായിരുന്നു സെന്തിലിന്റെ മറുപടി. എന്നാൽ നീക്കംചെയ്യാൻ മാത്രം അതിൽ എന്തെങ്കിലുമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വളർച്ചയിൽ അസൂയയാണെന്ന് ബിജെപി എംപി അന്നപൂർണ ദേവി പറഞ്ഞു. പ്രധാനമന്ത്രിയിൽ വിശ്വാസമുള്ളതുകൊണ്ടാണ് ആ സംസ്ഥാനങ്ങളിലെ ജനം ബിജെപിക്ക് വോട്ടുചെയ്തത്. അതു കാണാനുള്ള വിശാല മനസ്സ് ഇല്ലാത്തവരാണ് ഇത്തരം പരാമർശം നടത്തുന്നതെന്നും അവർ പറഞ്ഞു. ബിജെപി രാജ്യം മൊത്തം അംഗീകരിച്ച പാർട്ടിയാണെന്നും അല്ലെന്നു പറയുന്നത് വിവരമില്ലാത്തവരാണെന്നും ജഗന്നാഥ് സർക്കാർ  എംപി തുറന്നടിച്ചു. സെന്തിൽകുമാറിന്റെ പരാമര്‍ശം സഭയ്ക്ക് ചേർ‌ന്ന ഭാഷയിലുള്ളതല്ലെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും പ്രതികരിച്ചു.

English Summary:

DMK MP's dig at Hindi heartland states, party in new row after 'Sanatana Dharma'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com