ADVERTISEMENT

കൊച്ചി∙ എളമക്കരയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അമ്മയുടെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയതയാണെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നുമാണ് വിവരം. കാൽമുട്ടുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.  കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയായ അശ്വതിക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ അശ്വതിയും സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഷാനിഫും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നു തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കുഞ്ഞിന്റെ വാരിയെല്ലിന് പരുക്കുപറ്റിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ മുൻപും ഇയാൾ ശ്രമിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് തടയാൻ അമ്മ ശ്രമിച്ചില്ലെന്നും പൊലീസ് പറയുന്നു. മാത്രമല്ല കൊലപാതകം മറച്ചുവയ്ക്കാനും ശ്രമങ്ങളുണ്ടായി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവർ ആശുപത്രിയിൽ എത്തിച്ചത്. 

കുഞ്ഞ് ജനിച്ച് അന്നുമുതൽ കൊല്ലാൻ തീരുമാനിച്ചിരുന്നെന്നും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അതിനാണ് ലോഡ്ജിൽ മുറിയെടുത്തതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകി. സ്വാഭാവിക മരണത്തിലേക്ക് കുഞ്ഞിനെ തള്ളിവിടാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ജനിച്ച ശേഷം പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചു, വാരിയെല്ലിനുൾപ്പെടെ ക്ഷതമുണ്ടാക്കി. കട്ടിലിൽനിന്നു വീണ് പരുക്കുപറ്റി എന്ന തരത്തിൽ ആശുപത്രിയിൽ എത്തിച്ച് പിന്നീട് ന്യൂമോണിയ ഉൾപ്പെടെ ബാധിച്ച് മരിച്ചു എന്ന തരത്തിൽ ചിത്രീകരിക്കാനായിരുന്നു ശ്രമം.

തുടർന്നാണ് കഴിഞ്ഞ ദിവസം കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇവർ എറണാകുളം ജനറൽ‌ ആശുപത്രിയിൽ എത്തി. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയിൽ കൊണ്ടുവന്നതാണെന്നും ഡോക്ടർമാരോട് പറഞ്ഞു. പിന്നീട് കുഞ്ഞ് കട്ടിലിൽനിന്ന് വീണതാണെന്നും പറഞ്ഞു. എന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അശ്വതിയും ഷാനിഫുംപിന്നീട് പ്രണയത്തിലായി. നേരത്തെ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന അശ്വതി ഇയാളെ പരിചയപ്പെടുമ്പോൾ നാലു മാസം ഗർഭിണിയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും പറയുന്നു.  ഇരുവരും ഒന്നര വർഷമായി കൊച്ചിയിൽ പലയിടത്തും ഒരുമിച്ചു കഴിയുകയായിരുന്നു.

English Summary:

Involvement of mother and boyfriend in Kochi child death- updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com