'നവകേരള സദസ് സമ്പൂർണ പരാജയം, പരാതികളില് നടപടിയില്ല; സർക്കാരിന്റെ മുഖം മിനുക്കാനുള്ള രാഷ്ട്രീയ പ്രചാരണം'
Mail This Article
കാസർകോട് ∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ് സമ്പൂർണ പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. നവകേരള സദസിൽ സാധാരണ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നൽകിയ പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് സർക്കാരിന്റെ മുഖം മിനുക്കാനുള്ള ഒരു രാഷ്ട്രീയ പ്രചാരണം മാത്രമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
‘‘കാസർകോട് ജില്ലയിൽ 198 പരാതികൾ മാത്രമേ ഇതുവരെ തീർപ്പാക്കിയുള്ളൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽതന്നെ വിവിധ വകുപ്പുകൾക്ക് അയച്ചു കൊടുക്കുകയല്ലാതെ പരാതി പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. ചെറിയ ജില്ലയായ കാസർകോടിന്റെ സ്ഥിതി ഇതാണെങ്കിൽ വലിയ ജില്ലകളിലെ പരാതികൾ എന്തു ചെയ്യും? മുഖ്യമന്ത്രി വലിയ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത്. സർക്കാർ ചെലവിൽ ഇടതുമുന്നണിയുടെ പ്രചാരവേല നടത്തുന്നതെന്നു ശരിയാണോയെന്നു പരിശോധിക്കണം. സാധാരണയായി സർക്കാർ പരിപാടിയിൽ രാഷ്ട്രീയം പറയാറില്ല. എന്നാൽ നവകേരള സദസ്സിൽ അങ്ങനെയല്ല കാണുന്നത്. സംസ്ഥാനത്ത് ഒരു വികസവും നടക്കുന്നില്ല. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം പോലും നടക്കുന്നില്ല’’–രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ടെ എ.വി.ഗോപിനാഥ് കുറച്ചു കാലമായി പാർട്ടിയുമായി നിസ്സഹകരണത്തിലായിരുന്നു. നവകേരള സദസ്സിൽ പങ്കെടുക്കാൻ പാടില്ലെന്നു ഫോണിൽ താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തെ എം.വി.ഗോവിന്ദനും പിണറായി വിജയനും ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും ബിജെപിയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് കേരളത്തിൽ സിപിഎം ആണെന്നും ചെന്നിത്തല ആരോപിച്ചു.