ADVERTISEMENT

ന്യൂഡൽഹി∙ നാളെ ഡൽഹിയിൽ നടക്കാനിരുന്ന പ്രതിപക്ഷ ഇന്ത്യാ മുന്നണിയുടെ യോഗം മാറ്റിവച്ചു. ചില പ്രമുഖ നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ എന്നിവരാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. അഖിലേഷ് യാദവിന് പകരം മറ്റു പാർട്ടി നേതാക്കള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചത്. 

യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജിയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു. അനന്തരവനും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കൊപ്പം ഇന്ത്യ മുന്നണിയുടെ മുൻ യോഗങ്ങളിൽ മമത പങ്കെടുത്തിരുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കുന്നതിനായി ഇന്ത്യാ മുന്നണിയുടെ നേതാക്കൾ ഡിസംബർ 6ന് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം ചേരാനിരുന്നത്. ഡിസംബർ 6ന് വൈകിട്ട് ചേരുന്നമെന്ന് പ്രതീക്ഷിച്ച യോഗത്തിൽ, ബിജെപിയെ കൂട്ടായി നേരിടാനുള്ള പദ്ധതികളെക്കുറിച്ച് നേതാക്കൾ ആലോചിക്കുമെന്നായിരുന്നു റിപ്പോർട്ട്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോൺഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകൾ ഇല്ലാതെ പോയതും കോൺഗ്രസിനു പറ്റിയ തെറ്റെന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നേതാക്കൾ യോഗത്തിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. 

English Summary:

INDIA Meet Called By Congress Deferred After Top Allies Say Will Skip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com