അമ്മയുടെ ഫോണിൽ ഫോട്ടോ കണ്ടു, യുവാവിന് ഇഷ്ടമായി, വിവാഹം ഉറപ്പിച്ചു; ഒടുവിൽ അതിർത്തി കടന്നെത്തി പാക്ക് യുവതി

Mail This Article
ചണ്ഡിഗഡ്∙ കൊൽക്കത്ത സ്വദേശിയുമായി വിവാഹം നിശ്ചയിച്ച പാക്കിസ്ഥാന്‍ യുവതി വാഗ–അട്ടാരി അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. കറാച്ചി സ്വദേശി ജവേരിയ ഖാനും ആണ് ഇന്ത്യയിലെത്തിയത്. 2024 ജനുവരിയിലാണ് ജവേരിയയുടെയും സമീർഖാന്റെയും വിവാഹം.
ജവേരിയയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നതിനായി പ്രതിശ്രുത വരൻ സമീർ ഖാനും കുടുംബവും അമൃത്‌സറിൽ എത്തിയിരുന്നു. 45 ദിവസത്തെ വീസാ കാലാവധിയാണ് യുവതിക്ക് അനുവദിച്ചിരിക്കുന്നത്. നേരത്തെ രണ്ടുതവണ വീസ നിഷേധിച്ചിരുന്നു. അഞ്ചുവർഷമായി ഇന്ത്യയിലേക്കു വരാൻ ജവേരിയ ശ്രമിക്കുന്നുണ്ട്. എന്നാൽ കോവിഡും വീസ നിഷേധിച്ചതും ജവേരിയക്കു വെല്ലുവിളിയായി.
ഇന്ത്യയിലെത്തിയതിന്റെ സന്തോഷം ജവേരിയ മാധ്യമപ്രവർത്തകരോട് പങ്കുവച്ചു. ‘‘45ദിവസത്തെ വീസയാണ് എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തിയതിൽ വളരെ സന്തോഷം. വന്നപ്പോൾ തന്നെ വലിയ സ്നേഹമാണ് എന്നെ സ്വാഗതം ചെയ്തത്. ജനുവരി ആദ്യ ആഴ്ച തന്നെ വിവാഹം നടക്കും.’’– ജവേരിയ പറഞ്ഞു.
അമ്മയുടെ ഫോണിൽ യാദൃച്ഛികമായി ഫോട്ടോ കണ്ട ശേഷമാണ് ജവേരിയയോട് വിവാഹാഭ്യർഥന നടത്തിയതെന്നു സമീർഖാൻ പ്രതികരിച്ചു. ‘‘2018ലായിരുന്നു അത്. ജർമനിയിൽനിന്ന് പഠനം പൂർത്തിയാക്കി തിരികെ എത്തിയ ഞാൻ അമ്മയുടെ ഫോണിലാണ് ജവേരിയയുടെ ഫോട്ടോ ആദ്യമായി കാണുന്നത്. ജവേരിയയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അമ്മയോട് പറഞ്ഞു. ജവേരിയയ്ക്ക് വീസ അനുവദിച്ചതിൽ ഇന്ത്യൻ സർക്കാരിനോടു നന്ദിപറയുകയാണ്. അടുത്തമാസം ഞങ്ങൾ വിവാഹം കഴിക്കുന്നതിൽ ഏറ്റവും സന്തോഷം എന്റെ അമ്മയ്ക്കാണ്’’– സമീർ ഖാൻ പറഞ്ഞു.