ADVERTISEMENT

ന്യൂഡൽഹി∙ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടിയതോടെ രാജ്യസഭയിലും ശക്തി നിലനിർത്താൻ ബിജെപി. അടുത്ത ഏപ്രിലിൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന സീറ്റുകളിൽ ഏഴെണ്ണം ബിജെപിക്ക് നിലനിർത്താൻ സാധിക്കും. 2024ൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ നിർണായക ബില്ലുകൾ രാജ്യസഭയിൽ സുഗമമായി പാസാക്കിയെടുക്കാൻ സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് ‌എന്നിവിടങ്ങളിൽ നിന്നുള്ള സീറ്റുകളാണ് ബിജെപിക്ക് നിലനിർത്താൻ സാധിക്കുന്നത്. 

രാജ്യസഭയിൽ എൻഡിഎയ്ക്ക് കഷ്ടിച്ച് മാത്രമാണ് ഭൂരിപക്ഷമുള്ളത്. അതിനാൽ പലപ്പോഴും ബില്ലുകൾ പാസാക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്.  239 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 120 വോട്ടുകള്‍ വേണം. ബിജെപിക്ക് 94 ഉം എട്ട് സഖ്യകക്ഷികളുടെ ഓരോ അംഗവും പത്ത് നോമിനേറ്റഡ് അംഗങ്ങളുമുള്‍പ്പെടെ എൻഡിഎയ്ക്ക്‌ 122 എംപിമാരാണ് ഇപ്പോള്‍ രാജ്യസഭയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മികച്ചപ്രകടനത്തിലൂടെ രാജ്യസഭയിലെ അംഗബലം നിലനിർത്താൻ ബിജെപിക്ക് സാധിക്കും. 

മധ്യപ്രദേശില്‍നിന്ന് വിരമിക്കുന്ന അഞ്ച് രാജ്യസഭാംഗങ്ങളില്‍ നാലുപേരും ബിജെപിക്കാരാണ്. ഒരംഗം കോണ്‍ഗ്രസും. സംസ്ഥാനത്തെ 230 സീറ്റുകളില്‍ 163-ഉം നേടിയ ബിജെപിക്ക് നാലുപേരെ വീണ്ടും രാജ്യസഭയിലെത്തിക്കാനാകും. രാജസ്ഥാനില്‍നിന്നുള്ള മൂന്ന് അംഗങ്ങളില്‍ രണ്ടുപേര്‍ ബിജെപിയും ഒരാള്‍ കോണ്‍ഗ്രസുമാണ്. രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ 115 സീറ്റ് നേടിയ ബിജെപിക്ക് രണ്ടുപേരെ തിരിച്ചെത്തിക്കാം.

ഛത്തീസ്ഗഢിലെ 90 അംഗ സഭയില്‍ 54 സീറ്റുകള്‍ നേടിയ ബിജെപിക്ക് അവിടെനിന്ന് ഒഴിവുവരുന്ന ഒരു രാജ്യസഭാസീറ്റ് നിലനിര്‍ത്താം. അതേസമയം, തെലങ്കാനയിലെ തിരഞ്ഞെടുപ്പുഫലം എന്‍ഡിഎയുടെ രാജ്യസഭാ സീറ്റുകളില്‍ മാറ്റംവരുത്തില്ല. അവിടെ ഒഴിവുവരുന്ന മൂന്നുസീറ്റുകളും ബിആര്‍എസിന്റേതാണ്. തെലങ്കാനയിലെ 119 സീറ്റുകളില്‍ 64 ഉം നേടിയ കോണ്‍ഗ്രസിന് രണ്ടുപേരെ രാജ്യസഭയിലെത്തിക്കാം. ഒരാളെ ബിആര്‍എസിനും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന മിസോറമില്‍നിന്ന് രാജ്യസഭയിലേക്ക് ഇനി 2026-ലേ ഒഴിവുണ്ടാകൂ. 

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിൽ ബിജെപിക്ക് രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നത് വലിയ കടമ്പയായിത്തീരുമായിരുന്നു. ഈ സംസ്ഥാനങ്ങളിലെ വിജയം രാജ്യസഭയിലും വലിയ ആശ്വാസമാണ് നൽകുന്നത്. അതേ സമയം തെലങ്കാനയിലെ രണ്ട് സീറ്റുകൾ ലഭിച്ചത് കോൺഗ്രസിന് നേട്ടമാണ്.

English Summary:

BJP's Rajya Sabha seat share after 5 state assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com