‘21 മന്ത്രിമാരും സ്റ്റേജിൽ തള്ളിമറിച്ചിട്ടു പോവുന്നു; എ.കെ.ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്ക് താഴരുത്’
Mail This Article
പാലക്കാട് ∙ സിപിഎം നേതാവ് എ.കെ.ബാലൻ സൈബർ കമ്മിയുടെ നിലവാരത്തിലേക്കു താഴരുതെന്നു ഷാഫി പറമ്പിൽ എംഎൽഎ. വില കളയരുതെന്നാണു സ്നേഹത്തോടെയും ബഹുമാനത്തോടെയും ബാലനെ ഓർമിപ്പിക്കാനുള്ളതെന്നും ഷാഫി പറഞ്ഞു. സംസാരിക്കുമ്പോൾ ഇച്ചിരിയെങ്കിലും വസ്തുതയുമായി ബന്ധം വേണ്ടേ? മുഖ്യമന്ത്രിയെ കണ്ടു രഹസ്യമായി പരാതി കൊടുക്കേണ്ട ആവശ്യം തനിക്കില്ല. പാലക്കാടിനുള്ളതു പരസ്യമായി ആവശ്യപ്പെടേണ്ട കാര്യമാണെന്നും ഷാഫി പറഞ്ഞു.
കോണ്‍ഗ്രസ് നവകേരള സദസ്സ് ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍ ഷാഫി പറമ്പില്‍ കാണാമറയത്തുനിന്ന് ഒളിഞ്ഞു നോക്കുകയാണെന്ന ബാലന്റെ പരാമർശത്തോടാണു പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ഷാഫി ഒരു പത്രത്തോടു പറഞ്ഞു. എന്നാല്‍പ്പിന്നെ വേദിയില്‍ വന്നാല്‍ പോരെയെന്നുമായിരുന്നു ബാലന്റെ ചോദ്യം.
‘‘പാവപ്പെട്ട പാലക്കാട്ടെ നെൽകർഷകരുടെ നെല്ലു സംഭരിച്ചതിന്റെ പൈസ കൊടുക്കണമെന്നു പരസ്യമായി മുഖ്യമന്ത്രിയോടും നിയമസഭയ്ക്ക് അകത്തും പുറത്തും ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണ്. രഹസ്യമായി പറയേണ്ട കാര്യമല്ല. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുടങ്ങിക്കിടക്കുന്ന പെൻഷന്റെ കുടിശ്ശിക കൊടുത്തുതീർത്തുകൂടേ?. പരസ്യമായി കേരളത്തിലെ മുഴുവൻ ജനങ്ങളും പറയുന്ന ആവശ്യങ്ങൾ മുഖ്യമന്ത്രി നിറവേറ്റി തന്നാൽ മതി. ഒരു രഹസ്യ ഇടപാടും മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും നടത്താൻ ഉദ്ദേശിക്കുന്നില്ല.
നവകേരള സദസ്സിൽ ഞങ്ങൾ പോവാത്തതു രാഷ്ട്രീയ വിരോധം കൊണ്ടല്ല. ആ സദസ്സു കൊണ്ടു കേരളത്തിലെ ജനങ്ങൾക്ക് ഉപകാരമില്ലാത്തതിനാലാണ്. ഏരിയ സമ്മേളനം സർക്കർ ചെലവിൽ നടത്തുന്നതിനു തുല്യമാണത്. 21 മന്ത്രിമാരും സ്റ്റേജിൽവന്നു 45 മിനിറ്റു തള്ളിമറിച്ചിട്ടു പോവുന്നു എന്നല്ലാതെ ജനങ്ങൾക്ക് നേരിട്ട് ഏത് മന്ത്രിയെയാണു സമീപിക്കാൻ പറ്റുന്നത്’’–ഷാഫി ചോദിച്ചു.