മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മികച്ച നടൻ സുരേഷ് ഗോപി; സിനിമാതാരമെന്ന നിലയിൽ നൂറു മാർക്ക്: പ്രതാപൻ
Mail This Article
ന്യൂഡൽഹി∙ തൃശൂർ ലോക്സഭാ മണ്ഡലം വേറെയാർക്കും എടുക്കാൻ പറ്റില്ലെന്നു കോൺഗ്രസ് എംപി ടി.എൻ.പ്രതാപൻ. തൃശൂരിന്റെ സാമൂഹിക സാഹചര്യവും രാഷ്ട്രീയ സാഹചര്യവും നന്നായി അറിയാമെന്നും തനിക്കു നല്ല ആത്മവിശ്വാസമുള്ള സ്ഥലമാണതെന്നും പ്രതാപൻ പറഞ്ഞു. സുരേഷ് ഗോപി 80 ശതമാനം സിനിമാ നടനാണെന്നാണു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞത്. സിനിമാ നടനെന്ന നിലയിൽ ഞാൻ അദ്ദേഹത്തിനു നൂറു മാർക്ക് കൊടുക്കുകയാണെന്നും പ്രതാപൻ പറഞ്ഞു.
‘‘കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയെ 1.20 ലക്ഷത്തിലേറെ പരം വോട്ടുകൾക്കു ഞാൻ പരാജയപ്പെടുത്തി. അതുകൊണ്ടാണല്ലോ ചില സർവേകൾ പോലും തൃശൂർ വേറെ ആർക്കും എടുത്തുകൊണ്ടാൻ പോവാൻ പറ്റില്ലെന്നു പറയുന്നത്. സുരേഷ് ഗോപി നല്ല നടനാണ്. സുരേഷ് ഗോപി 80 ശതമാനം ചലച്ചിത്ര താരവും നടനുമാണെന്നാണു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞത്. 100 ശതമാനം അദ്ദേഹ നടനാണെന്നാണു എന്റെ ബോധ്യം.
മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ പ്രഗൽഭ നടന്മാരിൽ പ്രഥമസ്ഥാനത്താണു സുരേഷ് ഗോപിയുള്ളത്. ദേശീയതലത്തിലെയും ഹോളിവുഡിലെയും നടനായി അദ്ദേഹം മാറണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇഷ്ടപ്പെടുന്ന നടനാണ്. അദ്ദേഹത്തെ മലയാള സിനിമയ്ക്കു നഷ്ടപ്പെട്ടുകൂടാ. മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞുനിൽക്കണം. ഞാൻ അദ്ദേഹത്തിന്റെ എല്ലാ സിനിമയും കാണുന്ന ആളാണ്. അദ്ദേഹം എന്റെ ആതമസുഹൃത്തും കൂടിയാണ്’’– പ്രതാപൻ പറഞ്ഞു.