വിചാരണയ്ക്കിടെ അഭിഭാഷകയെ അപമാനിക്കാൻ ശ്രമം: ലഹരിക്കേസ് പ്രതികളെ മർദിച്ച് സഹ അഭിഭാഷകർ
Mail This Article
തിരുവനന്തപുരം∙ നാലു കോടി രൂപയുടെ ലഹരിക്കേസിലെ പ്രതികൾ വിചാരണ നടപടികൾ കണ്ടുകൊണ്ടിരുന്ന അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചു. ഇതു കണ്ട സഹ അഭിഭാഷകരെത്തി പ്രതികളെ മർദിച്ചു. സംഭവത്തെ തുടർന്ന് കോടതി വിചാരണ നിർത്തിവച്ചു. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് കോടതിയിലാണ് സംഭവം.
ഫൈസൽ, നിയാസ്, ജെ.എം.ജസീൽ, റിയാസ് എന്നീ പ്രതികൾ വിചാരണ സമയത്ത് കോടതി മുറിയിൽ ഇരുന്ന വനിതാ അഭിഭാഷകയോട് മോശമായി സംസാരിക്കുകയും, ദേഹത്ത് സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനോട് അഭിഭാഷക കോടതി മുറിയിൽ വച്ച് പ്രതികരിച്ചു. അഭിഭാഷക പരാതി എഴുതി വഞ്ചിയൂർ പൊലീസിന് നൽകി.
വിചാരണ കഴിഞ്ഞ സമയത്ത് സംഭവം അറിഞ്ഞെത്തിയ അഭിഭാഷകർ സംഘമായി എത്തി പ്രതികളെ മർദിച്ചു. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ഇറച്ചി കോഴികളെ കൊണ്ടു വരുന്ന വാഹനത്തിലാണ് പ്രതികൾ 3 കിലോ ഹാഷിഷ് ഓയിലും കഞ്ചാവും കൊണ്ടുവന്നത്. ഈ കേസിന്റെ വിചാരണയാണ് കോടതി പരിഗണിക്കുന്നത്.