‘വിസി നിയമനത്തിന് ഇടപെട്ടത് 9 തവണ; മാധ്യമങ്ങളിൽ സംസാരിക്കാതെ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് നേരിട്ട് വരൂ’

Mail This Article
തിരുവനന്തപുരം ∙ കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലറുടെ (വിസി) പുനര്‍നിയമന വിവാദത്തില്‍ സർക്കാരിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡോ. ഗോപിനാഥ് രവീന്ദ്രനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പലതവണ ഇടപെട്ടു. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ:
‘‘രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്ക് ആവശ്യപ്പെട്ടത് എനിക്ക് വ്യക്തിപരമായുള്ളതാണോ? രാജ്ഭവനിലെ എല്ലാ ജീവനക്കാർക്കുമുള്ളതാണ്. അതിൽ എന്താണിത്ര പ്രത്യേകത കാണാനുള്ളത്? ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. രാജ്ഭവന് എതിരായി നിങ്ങൾക്ക് ഒന്നും കണ്ടെത്താനാവില്ല. അതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. ഞാൻ കോടതിയിൽ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, നിങ്ങളോടാണ് (മാധ്യമങ്ങൾ) സംസാരിച്ചിട്ടുള്ളത്.
എനിക്കു നിയമപരമായി സംശയമുണ്ടെങ്കിൽ ആരുടെ അടുത്താണു പോവുക. ഉയർന്ന നിയമ ഉദ്യോഗസ്ഥനായ അഡ്വക്കറ്റ് ജനറലിനെ (എജി) സമീപിക്കും. എജി അദ്ദേഹത്തിന്റെ അഭിപ്രായം പറയും. കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് 9 തവണയാണു പ്രതിനിധി എത്തിയത്. ഇക്കാര്യത്തിൽ എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്ന പലതും ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്.
സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽനിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷെ സമ്മർദങ്ങൾക്ക് വഴങ്ങില്ല. ഓർഡിനന്‍സും ബില്ലും ഒപ്പിടുന്നില്ല എന്ന തരത്തിൽ ചില വാർത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസോ ബില്ലോ ആണെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിൽ വന്നു വിശദീകരിക്കട്ടെ. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നു.’’