‘ഇന്ത്യയുടെ അന്വേഷണം തീരാൻ കാത്തിരിക്കുന്നു’; പന്നുവിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതികരണവുമായി യുഎസ്

Mail This Article
വാഷിങ്ടൻ ∙ ഖലിസ്ഥാൻ അനുകൂല നേതാവിനെ കൊലപ്പെടുത്താൻ നിർദേശിച്ചെന്ന കേസിൽ ഇന്ത്യയുടെ അന്വേഷണഫലം കാത്തിരിക്കുന്നെന്നു യുഎസ്. ഖലിസ്ഥാൻ നേതാവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയിൽ നിന്നുള്ള നിർദേശാനുസരണം പ്രവർത്തിച്ചെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്ത വിഷയത്തിലാണു പ്രതികരണം.
‘‘വിഷയം ഗൗരവത്തോടെയാണു ഞങ്ങൾ കാണുന്നത്. ഇന്ത്യയെ ഉന്നത തലത്തിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്താമെന്നായിരുന്നു മറുപടി. ഇന്ത്യ പരസ്യമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അന്വേഷണത്തിലെ കണ്ടെത്തൽ എന്താകുമെന്നു നമുക്കു കാത്തിരിക്കാം.’’– യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമങ്ങളോടു പറഞ്ഞു. ഉന്നതതല സമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യയുടെ നടപടിയെ ‘മികച്ചതും ഉചിതവും’ എന്നാണു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമാന വിഷയം കാനഡ ഉന്നയിച്ചപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന വിധം ഇരുഭാഗത്തു നിന്നും നടപടികളുണ്ടായതിൽ കരുതലോടെയാണ് ഇന്ത്യ നീങ്ങുന്നത്. സിഖ് നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ നിയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഗുരുതരമായ ആരോപണങ്ങളാണു മൻഹാറ്റനിലെ യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. ‘ആശങ്കാജനകമായ വസ്തുത’ എന്നും ‘ഇതു സർക്കാർ നയങ്ങൾക്കു വിരുദ്ധമാണെ’ന്നുമാണ് ഇതേക്കുറിച്ചുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം.
കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ: ജൂൺ 18ന് നിഖിൽ ഗുപ്ത ഒരു കനേഡിയൻ സിഖ് ആക്ടിവിസ്റ്റിന്റെ കൊലപാതക വിഡിയോ കണ്ടു. വെടിയേറ്റ സിഖ് ആക്ടിവിസ്റ്റിന്റെ രക്തത്തിൽ കുതിർന്ന മൃതദേഹം കാറിന്റെ സ്റ്റിയറിങ്ങിലേക്കു വീഴുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഈ വിഡിയോ അയാൾ മറ്റൊരു രാജ്യത്തെ കൊലപാതകകേസിൽ പൊലീസ് തിരയുന്ന പ്രതിക്ക് അയച്ചു. പിറ്റേദിവസം അയാളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. നമുക്ക് കൂടുതല്‍ ലക്ഷ്യങ്ങളുണ്ടെന്നും അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും പെട്ടെന്നു തന്നെ ശുഭവാർത്ത കേള്‍ക്കാമെന്നും ഗുപ്ത പറഞ്ഞിരുന്നു.