ADVERTISEMENT

ആലപ്പുഴ∙ ‘ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളി’ കണിച്ചുകുളങ്ങര കൊലപാതകക്കേസ് പ്രതി സജിത്തിനെ സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ ഇന്ന്  വിശേഷിപ്പിച്ചത് ഇങ്ങനെ. കാലമേറെ കഴിഞ്ഞിട്ടും സജിത്തം സംഘവും ചെയ്ത ക്രൂരതയുടെ  മുറിവുണങ്ങിയിട്ടില്ല. മൂന്നു പേരുടെ ജീവൻ നടുറോഡിൽ‌ ഇല്ലാതാക്കിയതിനു പിന്നാലെ ഇഞ്ചിഞ്ചായി തകർന്നത് നിരവധി ജീവിതങ്ങളാണ്. അടുത്ത മാസം സജിത്തിന്റെ ഹർജി പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുമോ എന്നാണ് നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്നത്.

സുപ്രീം കോടതിയിൽ ജാമ്യം തേടിയ സജിത്ത് നൽകിയ ജാമ്യ ഹർജിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സജിത്തിനെ ഹൃദയമില്ലാത്ത കുറ്റവാളി എന്ന് വിശേഷിപ്പിച്ചത്. ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച്, ദിവസവും കോടിക്കണക്കിനു രൂപയുടെ ഇടപാട് നടത്തുന്ന ഹിമാലയ ചിട്ടിക്കമ്പനിയുടെ ഉടമയായി മാറിയ സജിത്ത് എതിരാളിയെ ഉൻമൂലനം ചെയ്യാൻ നടത്തിയ പദ്ധതിയിൽ താറുമാറായത് ആയിരക്കണക്കിനാളുകളുടെ ജീവിതങ്ങളാണ്. 

വാഹനാപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു; പാളി

ഒരു ലക്ഷത്തിലേറെ ചിട്ടി നിക്ഷേപകരും 100 കോടി രൂപയുടെ സ്വത്തു വകകളുമുണ്ടായിരുന്ന ഹിമാലയ ഗ്രൂപ് കമ്പനികളുടെ ജനറൽ മാനേജർ സ്ഥാനം രാജിവച്ച് എവറസ്‌റ്റ് ചിട്ടി ഫണ്ട് തുടങ്ങിയ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ടതു 2005 ജൂലൈ ഇരുപതിനാണ്. ഹിമാലയയുടെ നിലനിൽപിനു രമേഷ്  ഭീഷണിയാകുമെന്ന ചിന്തയായിരുന്നു കൊലയ്ക്കു കാരണം. 

കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു രമേഷ് കൊച്ചിയിലേക്കു പോകുമ്പോൾ ദേശീയപാതയിൽ കണിച്ചുകുളങ്ങരയിലാണ് അരുംകൊല നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിപ്പിക്കുകയായിരുന്നു. കേസിലെ കുറ്റക്കാരെന്നു വിചാരണക്കോടതി കണ്ടെത്തിയ ഹിമാലയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ ചെറായി നൊച്ചിക്കാട്ടു സജിത് (45), ചെറായി കളത്തിൽ ബിനീഷ് (46) എന്നിവരടക്കം അ‍ഞ്ചു പ്രതികൾക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലോറി ഡ്രൈവർ ഉണ്ണിക്കു വധശിക്ഷയും വിധിച്ചു. 2008 മേയ് 17 നാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. 2010 ഡിസംബർ രണ്ടിനു ഹിമാലയ ചിട്ടിക്കമ്പനി അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. 

ramesh-latha-shamsudheen
രമേഷ്, ലത, ഷംസുദ്ദീൻ.

എവറസ്‌റ്റ്, ഹിമാലയയെക്കാൾ വളരുന്നത് സജിത്തിനും സംഘത്തിനും സഹിക്കാനായില്ല. ഇതോടെ എവറസ്‌റ്റ് ഉടമ രമേഷിനെ ഇല്ലാതാക്കാൻ ഇവർ തീരുമാനിച്ചു. കൃത്യം നടത്താൻ വാടകക്കൊലയാളികളെ നിയോഗിച്ചു. കൊലപാതകം വാഹനാപകടമാക്കിത്തീർക്കാനുള്ള വ്യഗ്രതയ്‌ക്കിടയിൽ ചില പിഴവുകൾ പറ്റി. വാഹനാപകടം എന്നു ലോക്കൽ പൊലീസ് കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പിന്നീടു തെളിഞ്ഞു. ദൃക്‌സാക്ഷികൾ കൂറുമാറാതിരുന്നതും കൊലപാതകത്തിനു ശേഷം ലോറി മാറ്റാൻ കഴിയാതിരുന്നതും മൊബൈൽ ഫോണുകളുടെ കോൾ വിവരങ്ങളും ടവറുകളും സാങ്കേതിക തെളിവുകളായി മാറിയതും ശാസ്‌ത്രീയ മാർഗത്തിലൂടെ പ്രതികളുടെ കയ്യക്ഷരം തെളിയിക്കാനായതും കേസിന് ബലം നൽകി. ഇതോടെയാണ് കൊടുംകുറ്റകൃത്യം തെളിയിക്കപ്പെട്ടത്.

വധശിക്ഷ ജീവപര്യന്തമായി

കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിൽ ഒന്നാംപ്രതി, ലോറി ഡ്രൈവർ പള്ളുരുത്തി സ്വദേശി ഉണ്ണിക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ 25 വർഷം ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷയാക്കി പിന്നീട് ഹൈക്കോടതി കുറച്ചു. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറാം പ്രതി ഹിമാലയ എംഡി സജിത്തിനും 25 വർഷം കഴിയാതെ ഇളവനുവദിക്കരുതെന്നു നിർദേശിച്ചു.

എന്നാൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഏഴാം പ്രതി ഹിമാലയ എംഡി കെ.എം. ബിനീഷ്, നാലാംപ്രതി ചീഫ് എന്ന ഷിബി എന്നിവരുൾപ്പെടെ അഞ്ചു പ്രതികളെ കോടതി വിട്ടയച്ചു. രണ്ടാം പ്രതി പള്ളുരുത്തി സ്വദേശി അജിത്കുമാർ, മൂന്നാം പ്രതി ചെറായി പള്ളിപ്പുറം സ്വദേശി ‘മൃഗം’ സാജു എന്നിവരുടെ ജീവപര്യന്തം ശിക്ഷ ശരിവച്ചിട്ടുണ്ട്. 

പുറത്തിറങ്ങുമോ അടുത്തമാസം?

കണിച്ചുകുളങ്ങര സംഭവത്തോടെ രണ്ടു ചിട്ടിക്കമ്പനികളാണ് പൊട്ടിയത്. മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ നൂറുകണക്കിനാളുകൾ തുച്ഛമായ വരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടിയ പണം ഹിമപാതത്തിൽ ഒലിച്ചുപോയതുപോലെയായി. ആരുടെയൊക്കെ, എത്ര പണം നഷ്ടപ്പെട്ടുവന്നുപോലും കൃത്യമായ കണക്കു ലഭ്യമായില്ല. 

അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് സജിത്ത് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വാദം കേട്ട കോടതി ഹർജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. അടുത്ത മാസം കേസിൽ അനുകൂല വിധിയുണ്ടായി സജിത്ത് പുറത്തിറങ്ങുമോ എന്നാണ് നിക്ഷേപകർ കാത്തിരിക്കുന്നത്.  

English Summary:

Kanichukulangara Chitti owner murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com