‘കനത്ത ആക്രമണം, ഇന്ധനം കിട്ടാനുമില്ല’: വടക്കൻ ഗാസയിലെ അവസാന ആശുപത്രി പ്രവർത്തനം നിർത്തി
Mail This Article
ജറുസലം ∙ സംഘർഷം രൂക്ഷമായ വടക്കൻ ഗാസാ മുനമ്പിലെ അവശേഷിക്കുന്ന ഏക ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. ഇന്ധനക്ഷാമം കഠിനമാവുകയും ഇസ്രയേൽ സൈന്യം ആക്രമണം കനപ്പിക്കുകയും ചെയ്തതോടെയാണ് കമാൽ അദ്‌വാൻ ആശുപത്രി പ്രവർത്തനം നിർത്തിയത്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.
‘‘ഇസ്രയേൽ സൈന്യം തുടർച്ചയായി ആശുപത്രി ലക്ഷ്യമിട്ട് ആക്രമണം തുടരുകയും ജനറേറ്ററുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ഇന്ധനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കമാൽ അദ്‌വാൻ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടു’’– ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ മുനിർ അൽ ബാർഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ബെയ്ത് ലഹിയയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി ഇസ്രയേൽ സൈന്യം വളയുകയും ആശുപത്രിക്കു നേരെ വ്യാപകമായി വ്യോമാക്രമണവും ബോംബാക്രമണവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച രാത്രി മാത്രം നൂറിലധികം മൃതദേഹങ്ങളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇസ്രയേൽ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനാൽ അവയിൽ മിക്കവയും സംസ്കരിക്കാനായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
രണ്ടു ദിവസമായി ആശുപത്രി സ്ഥിതി ചെയ്യുന്ന മേഖലയിൽ കനത്ത ആക്രമണമാണ് ഇസ്രയേൽ സൈന്യം നടത്തുന്നതെന്നാണ് വിവരം. ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം വീടു നഷ്ടമായ 10,000ലധികം ആളുകളാണ് ആശുപത്രിയിലും സമീപത്തുമായി തമ്പടിച്ചിരിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്നതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവരെന്ന് മന്ത്രാലയം അറിയിച്ചു.
യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെ ഗാസയിൽ 16,000 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 250 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 40,900 പേർക്കു പരുക്കേറ്റു. 30 ആരോഗ്യപ്രവർത്തകരെ ഇസ്രയേൽ അറസ്റ്റുചെയ്തു കൊണ്ടുപോയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇതുവരെ 260 പേർ കൊല്ലപ്പെട്ടു. 3200 പേർക്കു പരുക്കേറ്റു.