ADVERTISEMENT

ശ്രീനഗർ ∙ സോജില ചുരത്തിൽ അപകടത്തിൽ പെട്ട ചിറ്റൂരിൽ നിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്.

സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്കീയിങ് നടത്തി മടങ്ങുമ്പോൾ ചുരത്തിൽ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേർബാൽ എസ്പി നിഖിൽ ബോർക്കർ പറഞ്ഞു. ഡ്രൈവർ വാഹനത്തിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.

കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീർ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. പരുക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗർ–ലേ ഹൈവേയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സുഹൃത്തുക്കളും അയൽക്കാരുമായ, ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.

കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണു മരിച്ചവർ (വൃത്തത്തിനുള്ളിൽ). സംഘം താജ് മഹലിനു മുന്നിൽനിന്നെടുത്ത ചിത്രം. (Special Arrrangement)
കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണു മരിച്ചവർ (വൃത്തത്തിനുള്ളിൽ). സംഘം താജ് മഹലിനു മുന്നിൽനിന്നെടുത്ത ചിത്രം. (Special Arrrangement)

മനോജ് എം.മഹാദേവ് (25), അരുൺ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണൻ (30) എന്നിവർക്കാണു പരുക്ക്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു പേരും സോനാമാർഗ് സർക്കാർ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ്.

നിർമാണത്തൊഴിലാളിയാണ് അനിൽ. ദൈവാനയാണ് അമ്മ. ഭാര്യ സൗമ്യ. സർവേ ജോലി ചെയ്യുന്നയാളാണു സുധീഷ്. പ്രേമയാണ് അമ്മ. ഭാര്യ മാലിനി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുൽ. ചന്ദ്രികയാണ് അമ്മ. ഭാര്യ നീതു. കടയിലെ ജീവനക്കാരനാണു വിഘ്നേഷ്. അമ്മ: പാർവതി. മൃതദേഹങ്ങൾ വൈകാതെ വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. തുടർനടപടികൾ ഏകോപിപ്പിക്കാൻ നോർക്ക ഓഫിസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചു.

English Summary:

Four Keralites among five killed in accident at Kashmir's Zoji La Pas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com