ADVERTISEMENT

തിരുവനന്തപുരം∙ ഒരു കുടുംബത്തിലെ 4 അംഗങ്ങൾ വർഷങ്ങളുടെ ഇടവേളകളിൽ ഛർദി ബാധിച്ചു മരിക്കുന്നു. കിണറ്റിലെ വെള്ളം കുടിച്ചതാണു മരണകാരണമെന്നായിരുന്നു കുടുംബത്തിൽ അവശേഷിച്ച യുവതി നാട്ടുകാരോടു പറഞ്ഞ്. യുവതിയും ഛർദിയെ തുടർന്ന് ആശുപത്രിയിലായി. പരിശോധനയിൽ ശാരീരിക പ്രശ്നമില്ലെന്നു വ്യക്തമായതോടെ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽ മുൻപുണ്ടാകാത്ത തരത്തിലുള്ള കൊലപാതക പരമ്പരയാണു പിന്നീടുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

പിണറായി പടന്നക്കരയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ ആദ്യ മരണം സംഭവിക്കുന്നത് 2012 സെപ്റ്റംബറിൽ. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ ഒരു വയസ്സുകാരി കീര്‍ത്തനയാണു ഛര്‍ദിയെത്തുടര്‍ന്നു മരിച്ചത്. സൗമ്യയുടെ മൂത്ത മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യയും 2018 ജനുവരി 21നു ഛര്‍ദിയെത്തുടര്‍ന്നു മരിച്ചു. കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല (68) മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും ഛര്‍ദിയെത്തുടര്‍ന്നു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലായി. വീട്ടിൽ അവശേഷിച്ച സൗമ്യയും ഇതിനിടെ ആശുപത്രിയിലായി. വീട്ടുകിണറ്റിലെ വെള്ളത്തില്‍ വിഷമുണ്ടെന്നായിരുന്നു സൗമ്യ നാട്ടുകാരോടു പറഞ്ഞത്. സൗമ്യയുടെ വീട്ടിലെയും സമീപപ്രദേശത്തെയും കിണറുകളിലെ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർ‌ന്നു, കുഞ്ഞിക്കണ്ണന്റെ ബന്ധുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഇതിനു ദിവസങ്ങള്‍ക്കു മുന്‍പ് സൗമ്യയുടെ അമ്മ കമലമ്മയുടെയും അച്ഛന്‍ കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത് പൊലീസില്‍ സംശയമുണ്ടാക്കി. എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അലൂമിനിയം ഫോസ്ഫേറ്റ് ചെറിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും അപകടകരമാണ്. ഏപ്രില്‍ 17നു ഛര്‍ദിയെത്തുടര്‍ന്നു സൗമ്യയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പരിശോധനയില്‍ സൗമ്യയ്ക്ക് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു. ഇതോടെ കുടുംബത്തിൽ അവശേഷിച്ച സൗമ്യ പൊലീസിന്റെ സംശയമുനയിലായി. സൗമ്യയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു.

കസ്റ്റഡിയില്‍ എടുത്തപ്പോഴും കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു സൗമ്യ. ആവശ്യത്തിലധികം മനോബലമുള്ള വ്യക്തിയാണെന്നു മനസ്സിലായതോടെ പൊലീസ് മനഃശാസ്ത്രപരമായി നീങ്ങി. തലശ്ശേരി എഎസ്പിയായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍, അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സിഐ കെ.ഇ.പ്രേമചന്ദ്രനാണു ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്‍, ഡിവൈഎസ്പി പി.പി.സദാനന്ദന്‍, എഎസ്പിയുടെ സ്ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരും മുറിയിലുണ്ടായിരുന്നു. ചോദ്യങ്ങളെ കൂസലില്ലാതെ നേരിട്ട സൗമ്യ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. വിഷം ഉള്ളില്‍ ചെന്നാണു മൂന്നുപേരും മരിച്ചതെന്നും സൗമ്യ വിഷം വാങ്ങിയതിനു തെളിവുണ്ടെന്നും കേസ് തുടക്കം മുതല്‍ അന്വേഷിച്ച സിഐ കെ.ഇ.പ്രേമചന്ദ്രന്‍ ആവര്‍ത്തിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയാറായില്ല. സൗമ്യ ക്ഷോഭിച്ചു സംസാരിച്ചതോടെ അവരെ അടുത്ത മുറിയിലേക്കു മാറ്റി. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ സൗമ്യയോട് സംസാരിച്ചു. കുറ്റവാളിയോട് അനുഭാവം പ്രകടിപ്പിക്കുന്ന രീതിയിൽ വീട്ടുകാര്യങ്ങള്‍ മനസ്സിലാക്കി. സൗമ്യ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചു.

ഭർത്താവിന്റെ ഉപദ്രവങ്ങളെപ്പറ്റി ചോദിച്ചതോടെ സൗമ്യ മറുപടി നൽകി തുടങ്ങി. സ്നേഹിച്ചാണു വിവാഹം കഴിച്ചതെന്നും തന്നെ സംശയമുള്ള ഭർത്താവു നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും സൗമ്യ പറഞ്ഞു. ഇളയ മകൾ തന്റേതല്ലെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഒന്നിച്ചു വിഷം കഴിക്കാൻ തീരുമാനിച്ചെങ്കിലും ഭർത്താവ് കുടിച്ചില്ലെന്നും വിഷം കഴിച്ച താൻ ആശുപത്രിയിലായെന്നും സൗമ്യ പറഞ്ഞു.

ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛനു ജോലിക്കു പോകാന്‍ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കു പോയെങ്കിലും വീട്ടിലെ സ്ഥിതി മെച്ചപ്പെട്ടില്ല. പിന്നീടു താന്‍ ജോലിക്കു പോയിത്തുടങ്ങി. ജോലിസ്ഥലത്തെ സ്ത്രീയാണു ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരു ദിവസം വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ കണ്ട മകൾ അമ്മ കമലയോടു കാര്യങ്ങള്‍ പറഞ്ഞതോടെ മകളോടും അമ്മയോടും സൗമ്യയ്ക്കു ദേഷ്യമായി. വല്ലാത്ത മാനസികാവസ്ഥയിൽ വിഷമം തുറന്നു പറഞ്ഞുകൊണ്ടിരുന്ന സൗമ്യയോടു, മകളെ ഒഴിവാക്കി പ്രശ്നം പരിഹരിക്കാമെന്നു കരുതിയോ എന്നു ഡിവൈഎസ്പി ചോദിച്ചപ്പോൾ അതെയെന്നായിരുന്നു മറുപടി. പിന്നീടുള്ള ചോദ്യങ്ങൾക്കെല്ലാം സൗമ്യ പൊട്ടിക്കര‍ഞ്ഞു കൊണ്ട് മറുപടി പറഞ്ഞു. ഇളയ മകളെയും കൊല്ലുകയായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കരഞ്ഞു കൊണ്ടുള്ള മറുപടി. അടുത്തുള്ള മുറിയില്‍നിന്നു സിഐയും മറ്റു പൊലീസുകാരും മുറിയിലേക്കെത്തിയപ്പോള്‍ സിഐയുടെ കയ്യില്‍ പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടയില്‍ സിഐയില്‍നിന്നു വിവരങ്ങള്‍ മറച്ചുപിടിച്ചതിന്റെ കുറ്റബോധമാണു സൗമ്യയെ കരയിപ്പിച്ചത്.

മരണങ്ങളെ സംബന്ധിച്ചു സഹോദരി സന്ധ്യയോടു പോലും സൗമ്യ ഒന്നും പറഞ്ഞിരുന്നില്ല. ടെസ്റ്റുകൾ ചെയ്യുന്നുണ്ടെന്നും ഡോക്ടർ രോഗം കണ്ടുപിടിച്ചില്ലെന്നുമായിരുന്നു സഹോദരിയോടു പറഞ്ഞിരുന്നത്. ഐശ്വര്യ ഛർദിക്കുന്ന പടങ്ങളും വിഡിയോകളും ഭർത്താവിന്റെ നാടായ വൈക്കത്ത് താമസിക്കുന്ന സന്ധ്യയ്ക്ക് അയയ്ക്കാറുണ്ടായിരുന്നു. അമ്മയുടെ ഛർദിയുടെ കാര്യങ്ങൾ സന്ധ്യ അന്വേഷിച്ചപ്പോൾ കിണറ്റിലെ വെള്ളം പരിശോധിക്കാൻ കൊടുത്തിട്ടുണ്ടെന്നായിരുന്നു മറുപടി. അമ്മ ഛർദിക്കുന്ന ഫോട്ടോയും അയച്ചു കൊടുത്തു. അമ്മ കമലയുടെ മരണത്തിനു പിന്നാലെ, അമോണിയയുടെ അംശം വെള്ളത്തിൽ കൂടുതലുണ്ടെന്നും പരിശോധനാ ഫലം കിട്ടിയെന്നും സൗമ്യ സന്ധ്യയെ അറിയിച്ചു. ഈ വെള്ളം കുടിക്കരുതെന്നും വീട്ടിലുണ്ടാക്കിയ ഭക്ഷണം കളയണമെന്നും സന്ധ്യ സൗമ്യയോടു പറഞ്ഞു. അച്ഛൻ കുഞ്ഞിക്കണ്ണൻ മരിക്കുന്നതിനു മുൻപ് വൈക്കത്തു സന്ധ്യയുടെ വീട്ടിൽ പോയിരുന്നു. അവിടെവച്ചു ഛർദിച്ചതിനെ തുടർന്ന് ഡോക്ടറെ കാണിച്ചു. സുഖമായപ്പോൾ സന്ധ്യ കണ്ണൂരിലെ വീട്ടിൽ കൊണ്ടാക്കി. പിന്നീട് നാട്ടിലെത്തിയപ്പോൾ അച്ഛൻ കുഞ്ഞിക്കണ്ണന് അസുഖം കൂടുതലായതറിഞ്ഞു. 

മാതാപിതാക്കൾ മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത് എന്തിനാണെന്നും വയസ്സായ ആളെ കീറിമുറിച്ച് എന്തറിയാനാണെന്നും സൗമ്യ സഹോദരിയോട് ചോദിച്ചിരുന്നു. സൗമ്യയ്ക്ക് ആരുമില്ലെന്നും ആരെയോ അവൾക്ക് ഇഷ്ടമുണ്ടെന്നും അതിൽ എന്തെങ്കിലും തീരുമാനമെടുക്കണമെന്നും അച്ഛൻ കുഞ്ഞിക്കണ്ണൻ മൂത്തമകൾ സന്ധ്യയോടു പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ സൗമ്യ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണു സന്ധ്യ യാഥാർഥ്യം അറിയുന്നത്. 

സൗമ്യയെ 2018 ഏപ്രിൽ 28 നാണു കണ്ണൂർ വനിതാ ജയിലിലെത്തിച്ചത്. ജയിലിലെ ഡയറിഫാമിൽ പശുക്കളെ നോക്കുന്ന ജോലിയാണു ലഭിച്ചത്. സ്വയംസന്നദ്ധരാവുന്ന റിമാൻഡ് തടവുകാരെ ഇത്തരത്തി‍ൽ ജോലിചെയ്യാൻ അനുവദിക്കാറുണ്ട്. 2018 ഓഗസ്റ്റ് 24നു രാവിലെ തൊഴുത്തു വൃത്തിയാക്കുന്നതിനിടെ പുല്ലരിയാനെന്നു പറഞ്ഞു തൊഴുത്തിനു പിന്നിലേക്കു പോയ സൗമ്യ തിരിച്ചെത്താത്തതിനാൽ തിരഞ്ഞുചെന്ന സഹതടവുകാർ കണ്ടത് ജയില്‍ വളപ്പിലെ കശുമാവില്‍ സൗമ്യ തൂങ്ങി മരിച്ചതാണ്. സഹതടവുകാരിയുടെ സാരി ഉപയോഗിച്ചാണു തൂങ്ങിയത്. 

രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയായിരുന്നു ആത്മഹത്യ. ചെറിയ കടലാസില്‍ ആത്മഹത്യാക്കുറിപ്പും എഴുതിവച്ചിരുന്നു. മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കില്ലെന്നും ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണു മരിക്കുന്നതെന്നും സൗമ്യ എഴുതി. ആരെയും കൊന്നിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ബന്ധുക്കളാരും സൗമ്യയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങാനും ആരും എത്തിയില്ല. ജയിൽ അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 

കേസിലെ ഏക പ്രതിയായ സൗമ്യ ജീവിച്ചിരിക്കരുത് എന്നു മറ്റാർക്കോ നിർബന്ധമുണ്ടായിരുന്നെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിൽ പൊലീസിനു ഗുരുതരവീഴ്ചയുണ്ടായതായും ആരോപണമുണ്ടായി. സൗമ്യയുടെ അഞ്ചു മൊബൈൽ ഫോണുകളും സിംകാർഡുകളും പരിശോധിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ലെന്നാണു പൊലീസ് പറഞ്ഞത്. ജയിലിൽ സൗമ്യയെ സന്ദർശിച്ച കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസ) പ്രവർത്തകരോടു, ചിലരുടെ നിർദേശപ്രകാരമാണു കൊലപാതകങ്ങളെന്നും ഇക്കാര്യം കോടതിയിൽ തുറന്നുപറയുമെന്നും സൗമ്യ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. 

ജയിലിൽ പൊലീസ് നടത്തിയ പരിശോധനയിൽ നോട്ടുപുസ്തകങ്ങളിൽ സൗമ്യ എഴുതിയ കുറിപ്പുകൾ കണ്ടെടുത്തു. സൗമ്യ ജയിലിൽ അത്യന്തം നിരാശയിലായിരുന്നു. തനിച്ചായിപ്പോയെന്നും ഒറ്റപ്പെടൽ സഹിക്കാനാകുന്നില്ലെന്നും ഇതിലുണ്ട്. മൂത്തമകൾ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലും സൗമ്യ കുറിപ്പെഴുതിയിരുന്നു. ‘കിങ്ങിണി, കൊലപാതകത്തിൽ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തിൽ എനിക്കു പങ്കില്ല എന്നു തെളിയിക്കാൻ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’ എന്നാണു കുറിപ്പിലുള്ളത്. സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാർട്ടി പ്രവർത്തകനു സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ, കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്.

English Summary:

Pinarayi Mass murder case story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com