കോഴിക്കോട് ലോ കോളജിൽ കെഎസ്‍യു പ്രവർത്തകനെ എസ്എഫ്ഐക്കാർ മർദിച്ചു; വിദ്യാർഥി ആശുപത്രിയിൽ
Mail This Article
കോഴിക്കോട്∙ ലോ കോളജിൽ കെഎസ്‍യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ കൂട്ടം ചേർന്നു മർദിച്ചു. രണ്ടാംവർഷ ബിരുദ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണു മർദനമേറ്റത്. ക്ലാസിൽനിന്നും വിളിച്ചിറക്കി സഞ്ജയ് ജസ്റ്റിനെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ശ്യാം കാർത്തിക്, അബിൻ രാജ്, ഹൃത്വിക്, ഇസ്‍മയിൽ, ലോകേഷ്, നിലോഷ് എന്നിവരാണു മർദനത്തിനു പിന്നിലെന്നാണു കെഎസ്‍യു പ്രവർത്തകർ ആരോപിക്കുന്നത്.
രാവിലെ 11 മണിയോടെയാണു സംഭവം. ഒരു പ്രകോപനവും കൂടാതെ വിദ്യാർഥിയെ ക്ലാസ് മുറിയിൽനിന്നും വിളിച്ചിറക്കി കൂട്ടം ചേർന്നു മർദിച്ചതായി കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജയ് ജസ്റ്റിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് കേസെടുത്തിട്ടില്ല. കെഎസ്‍യു പ്രവർത്തകർ പരാതി നൽകും. നവംബർ ഒന്നിനാണു ലോ കോളജിൽ തിരഞ്ഞെടുപ്പു നടന്നത്. ഒരു സീറ്റ് കെഎസ്‍യുവിനു ലഭിച്ചിരുന്നു. പിന്നാലെ കെഎസ്‍യു പ്രവർത്തകരെ തിരഞ്ഞുപിടിച്ച് എസ്എഫ്ഐക്കാർ ആക്രമിക്കുകയാണെന്നാണു കെഎസ്‍യുവിന്റെ ആരോപണം.