ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായിരുന്ന ഷഹാനയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഡോക്ടറുടെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വനിതാ കമ്മിഷനോട് വെളിപ്പെടുത്തി. ഷഹാനയുടെ ഉമ്മയുടെ മൊഴി മെഡിക്കൽ കോളജ് പൊലീസ് ഉടനെ രേഖപ്പെടുത്തുമെന്നും, കമ്മിഷനോട് പറഞ്ഞ കാര്യങ്ങൾ പൊലീസിനു മൊഴിയായി നൽകിയാൽ കേസുമായി മുന്നോട്ടു പോകാനാകുമെന്നും വെഞ്ഞാറമൂട്ടിലെ വീടു സന്ദർശിച്ചശേഷം കമ്മിഷൻ അധികൃതർ വ്യക്തമാക്കി. സഹോദരന്റെ മൊഴി മാത്രമാണ് നിലവിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധന വിഷയത്തിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് താമസ സ്ഥലത്ത് ഷഹാനയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്.

‘‘വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചിട്ടുണ്ടെന്നു കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനു സാഹചര്യമുണ്ട്. പൊലീസില്‍നിന്നു വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിനു നിര്‍ദേശം നല്‍കും. സ്ത്രീധന പ്രശ്നമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്താനാകും’’ – വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

മുൻപ് പല വിവാഹ ആലോചനകളും വന്നെങ്കിലും പഠിക്കുന്നതിനാൽ ഷഹാനയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയറുമായ കൊല്ലം സ്വദേശിയുടെ വിവാഹാലോചന വരുന്നത് മാസങ്ങൾക്കു മുൻപാണ്. ഒരേ പ്രഫഷൻ ആയതിനാൽ ഷഹാനയ്ക്കും താൽപര്യം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായി. വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വനിതാ കമ്മിഷനോട് പറഞ്ഞു. വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തിൽ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായി.

ഷഹാനയും മലപ്പുറം സ്വദേശിയുമായുള്ള വിവാഹക്കാര്യം അധ്യാപകർക്കും കൂട്ടുകാർക്കും അറിയാമായിരുന്നു. വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ വിഷമത്തിലായിരുന്നു ഷഹാന.  പണം സമാഹരിക്കാൻ കഴിയാത്ത വിഷമം ഉമ്മയോട് പറഞ്ഞിരുന്നു. ഉമ്മയുടെ മൊഴിയിൽ കേസ് എടുക്കാനുള്ള സാഹചര്യമുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലാണ് ഇപ്പോള്‍ സ്ത്രീധന പ്രശ്നം കൂടുതലായി കാണുന്നത്. സ്ത്രീധനം ചോദിച്ചാൽ ആ ബന്ധം വേണ്ടെന്നു വയ്ക്കാനുള്ള ആർജവം പെൺകുട്ടികള്‍ കാണിക്കണമെന്നും പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍.മഹിളാമണിയും എലിസബത്ത് മാമ്മന്‍ മത്തായിയും അധ്യക്ഷയ്‌ക്കൊപ്പമുണ്ടായിരുന്നു.

English Summary:

Shahana's mother speaks to Women Commission about her daughter's suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com