ADVERTISEMENT

ന്യൂഡൽഹി ∙ 2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖര്‍ജിക്ക് ആ സ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ചും തുറന്നെഴുതി പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. ‘പ്രണബ്, എന്റെ പിതാവ്: ഒരു മകളുടെ ഓർമകൾ’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് മുന്‍രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും കോൺഗ്രസിന്റെ ഔദ്യോഗിക വക്താവുമായിരുന്ന ശർമിഷ്ഠ മുഖർജി പാര്‍ട്ടിയില്‍ നടന്ന ഉള്‍നാടകങ്ങള്‍ വിവരിക്കുന്നത്.

2004ൽ വൻഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് പൊതുതിരഞ്ഞെടുപ്പ് വിജയിച്ചത്. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നെങ്കിലും അവർ പിന്മാറിയത് പാർട്ടി നേതാക്കളേക്കപ്പോലും അമ്പരപ്പിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു.  ‘ ഇതോടെ ആരാകും പ്രധാനമന്ത്രി എന്ന കാര്യത്തിൽ രാജ്യത്ത് വലിയ ചർച്ചകളുയർന്നു. മൻമോഹൻ സിങ്ങിന്റേയും പ്രണബ് മുഖർജിയുടേയും പേരുകളായിരുന്നു ഏറ്റവുമധികം ഉയര്‍ന്നു വന്നത്. ആ ദിവസങ്ങളിൽ പിതാവ് ഏറെ തിരക്കിലായിരുന്നു. അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്ത വന്നതോടെ ആകാംക്ഷയായി. ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇക്കാര്യം തിരക്കി. ‘‘ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല. മൻമോഹൻ സിങ്ങായിരിക്കും. എന്നാൽ അവർ അത് വേഗത്തിൽ പ്രഖ്യാപിക്കണം. ഈ അനിശ്ചിതാവസ്ഥ രാജ്യത്തിനു നല്ലതല്ല’’ –ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുസ്തകത്തില്‍ പ്രധാനമന്ത്രിയാകുന്നതിൽനിന്ന് സോണിയ ഗാന്ധി പിന്മാറിയതിനേക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണിത്.  2004ൽ മാത്രമല്ല, 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്തും പ്രണബിന് പ്രധാനമന്ത്രിയാകാനുള്ള അവസരമുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

മറ്റേതൊരു രാഷ്ട്ര‌ീയ പ്രവർത്തകനേയും പോലെ തനിക്കും പ്രധാനമന്ത്രി പദത്തിലെത്താൻ ആഗ്രമുണ്ടായിരുന്നുവെന്ന് പ്രണബ് പറഞ്ഞിരുന്നതായി പുസ്തകത്തിൽ പരാമർശമുണ്ട്. എന്നാൽ ആഗ്രഹിച്ചതുകൊണ്ടു മാത്രം ആ പദവിയിലേക്ക് എത്തണമെന്ന് ഇല്ലെന്നും അദ്ദേഹം പറയുന്നു. 

2004 മേയ് 17നാണ് സോണിയ പ്രധാനമന്ത്രിയാകാനില്ലെന്ന നിലപാട് സ്വീകരിച്ചത്. ബിജെപിയുടെ വിഷമയമായ പ്രചാരണങ്ങളാണ് അത്തരത്തിലൊരു തീരുമാനം സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് പ്രണബ് മുഖർജി ഡയറിയില്‍ കുറിച്ചിരുന്നു. അടുത്ത രണ്ടു ദിവസത്തെ കൊണ്ടുപിടിച്ച ചർച്ചകൾക്കൊടുവില്‍ മേയ് 19നാണ് മൻമോഹനെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചതെന്നും പ്രണബ് തന്റെ ഡയറിയിൽ കുറിച്ചു.

സോണിയയുടെ തീരുമാനത്തോട് പ്രണബിന് ഏതെങ്കിലും തരത്തിൽ എതിർപ്പോ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതിൽ അതൃപ്തിയോ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് മുൻ വക്താവു കൂടിയായ ശർമിഷ്ഠ പുസ്തകത്തിൽ പറയുന്നു. 2021ലാണ് ശർമിഷ്ഠ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്.

പ്രധാനമന്ത്രിയാകണമെന്ന പ്രണബിന്റെ നടക്കാതെ പോയ ആഗ്രഹത്തേയും നെഹ്‌റു–ഗാന്ധി കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനായ രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയരംഗത്ത് പരിചയം ഇല്ലാത്തതിനേക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. സോണിയ ഗാന്ധിയേക്കുറിച്ച് തന്റെ പിതാവിന് വലിയ മതിപ്പായിരുന്നുവെന്ന് ശർമിഷ്ഠ പറയുന്നു.

മറ്റ് രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തമായി തന്റെ പരിമിതികളെ മനസ്സിലാക്കാനും അവ മറികടക്കാനായി കഠിനാധ്വാനം ചെയ്യാനും അവർ തയാറായിരുന്നു. തനിക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പരിചയമില്ലെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. അതിനാൽത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റേയും സമൂഹത്തിന്റേയും സങ്കീർണതകൾ മനസ്സിലാക്കാൻ അവർ പ്രത്യേക പ്രയത്നമെടുത്തെന്നും പ്രണബ് പറയുന്നു.

പ്രണബിന്റെ ഡയറിയിൽ രാഹുൽ ഗാന്ധിയേക്കുറിച്ചുള്ള ആദ്യകാല പരാമർശം 2009ലായിരുന്നു. അത്തവണത്തെ പ്രവർത്തക സമിതി യോഗത്തിൽവച്ച് രാഹുലുമായി പ്രണബ് സംസാരിക്കുന്നുണ്ട്. അതിനുശേഷം പലപ്പോഴായി തന്റെ വസതിയിൽ രാഹുൽ സന്ദർശിച്ചതായും പ്രണബ് കുറിച്ചിട്ടുണ്ട്. വളരെ കുലീനമായ പെരുമാറ്റമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതെന്നും നിരവധി കാര്യങ്ങളേക്കുറിച്ച് രാഹുൽ ചോദ്യങ്ങളുന്നയിച്ചുവെന്നും പ്രണബ് പറയുന്നു. കാര്യങ്ങൾ പഠിക്കാൻ രാഹുലിന് താൽപര്യമുണ്ടെങ്കിലും രാഷ്ട്രീയമായ പക്വത കൈവരിക്കാൻ അദ്ദേഹത്തിന് അന്ന് കഴിഞ്ഞിരുന്നില്ല.

രാഷ്ട്രപതി ഭവനിലും ഇടയ്ക്ക് രാഹുൽ സന്ദര്‍ശനത്തിന് എത്തുമായിരുന്നു. കാബിനെറ്റിനൊപ്പം ചേർന്ന് കാര്യങ്ങൾ പഠിക്കാൻ നിർദേശിച്ചെങ്കിലും രാഹുൽ അത് ചെയ്തില്ല. ഒരേസമയം വിവിധ വിഷയങ്ങളിൽ താത്പര്യം കാണിക്കുന്ന രാഹുൽ വളരെ വേഗത്തിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കടക്കുമെന്നും എന്നാൽ എത്രത്തോളം ആഴത്തിൽ അദ്ദേഹത്തിന് കാര്യങ്ങൾ ഗ്രഹിക്കാനായി എന്നത് തനിക്ക് അറിയില്ലെന്നും പ്രണബ് ഡയറിയിൽ കുറിക്കുന്നു.

കേന്ദ്രമന്ത്രിസഭയിൽ പലതവണ അംഗമായിരുന്ന പ്രണബ് മുഖർജി ധനകാര്യം, വിദേശകാര്യം, പ്രതിരോധം, വാണിജ്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2012 മുതൽ 2017 വരെ ഇന്ത്യയുടെ 13–ാം രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിൽ 84–ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

English Summary:

What Pranab Mukherjee Wrote About Sonia and Rahul Gandhi In His Diaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com