‘നാസര്‍ ഫൈസിയുടേത് പരിഷ്കൃത സമൂഹത്തിനു ചേരാത്ത വര്‍ത്തമാനം, വിവാഹം വ്യക്തിയുടെ ഇഷ്ടം’

Mail This Article
കണ്ണൂർ∙ സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ ശ്രമിക്കുന്നുവെന്ന എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഇത്തരം പ്രസ്താവനകളോടു യോജിപ്പില്ലെന്ന് സനോജ് വ്യക്തമാക്കി. മതം, വിവാഹം തുടങ്ങിയ കാര്യങ്ങൾ വ്യക്തിയുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് എതിരു നിൽക്കാൻ ആരും വരേണ്ടതില്ലെന്നും സനോജ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് സനോജ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘അതിനോട് ഒന്നും യോജിപ്പില്ല. അതൊന്നും പരിഷ്കൃത സമൂഹത്തിനു ചേർന്ന വർത്തമാനമല്ല. മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് ഇത്തരം പ്രസ്താവനകളും ഇടപെടലുകളും ഗുണം ചെയ്യില്ല. വർഗീയതയ്‌ക്കെതിരായ പോരാട്ടം എല്ലാ വിഭാഗം ആളുകളെയും ചേർത്തു മുന്നോട്ടു പോകേണ്ട സന്ദർഭമാണിത്. ആ മുന്നേറ്റത്തെ ദുർബലപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളായിട്ടു മാത്രമേ ഇതിനെയെല്ലാം കാണാനാകൂ.
മതം, വിവാഹം എന്നെല്ലാം പറയുന്നത് നമ്മുടെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പാണ്. അതു നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. അതുകൊണ്ട് ആരെ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം എന്നതെല്ലാം വ്യക്തികളുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് എതിരു നിൽക്കാൻ ആരും മുന്നോട്ടു വരേണ്ടതില്ല. അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന അഭിപ്രായമാണ് ഡിവൈഎഫ്ഐയ്‌ക്ക് ഉള്ളത്.’’ – സനോജ് പറഞ്ഞു.
അതേസമയം, മിശ്രവിവാഹം സംബന്ധിച്ച് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചു. അത് അദ്ദേഹം തന്നെ വേഗത്തിൽ മനസ്സിലാക്കി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു.
കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ ആരോപണം.ഹിന്ദു മുസ്‌ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നതെന്നും, ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.