ADVERTISEMENT

ന്യൂഡൽഹി∙ യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന ജാമിയ മിലിയ സർവകലാശാല വിദ്യാർഥിക്കു തിഹാറിൽ പരീക്ഷയെഴുതാൻ ഡൽഹി പട്യാല ഹൗസ് കോടതി അനുമതി നൽകി. കഴിഞ്ഞ വർഷം ബട്‌ലഹൗസ് പ്രദേശത്തുനിന്ന് എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് മുഹ്സിൻ അഹമ്മദ് (22) എന്ന ഇലക്ട്രിക്കൽ എൻജീനീയറിങ് വിദ്യാർഥിക്കാണ് സർവകലാശാല നിശ്ചയിച്ച സമയത്തു തിഹാറിൽ ജയിലിൽ ഇരുന്ന് പരീക്ഷ എഴുതാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സഞ്ജയ് ഗാർഗ് അനുമതി നൽകിയത്. 

ഭീകര സംഘടനയ്ക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നു എന്നാരോപിച്ചാണ് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. ജാമിയയിൽ ഏഴാം സെമസ്റ്റർ ബിടെക് വിദ്യാർഥിയായ മുഹമ്മഗ് മുഹ്സിന് പരീക്ഷ എഴുതാൻ തിഹാറിലേക്ക് ജീവനക്കാരെ അയയ്ക്കാമെന്ന് സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രീതിഷ് സബർവാൾ വ്യക്തമാക്കി.

അതനുസരിച്ച് 8, 11, 15, 18, 20 തീയതികളിൽ നടക്കുന്ന പരീക്ഷ മുഹമ്മദ് മുഹ്സിന് വേണ്ടി തിഹാറിൽ വച്ചു നടത്താൻ കോടതി അനുമതി നൽകി. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന അധ്യാപകന്റെ വിവരങ്ങൾ തിഹാർ ജയിൽ അധികൃതർക്കു മുൻകൂട്ടി നൽകണം. ജയിലിനുള്ളിലെ ലൈബ്രറിയിലോ ശാന്തമായ അന്തരീക്ഷമുള്ള മറ്റേതെങ്കിലും മുറിയിൽ വച്ചോ പരീക്ഷ നടത്തണമെന്നും നിർദേശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു കഴിഞ്ഞ വർഷം മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഇയാൾക്കെതിരെ മാത്രമാണ് എൻഐഎ യുഎപിഎ വകുപ്പ് അടക്കം ചുമത്തി കുറ്റപത്രം നൽകിയിരുന്നത്. ഉമ്മിമാര എന്നൊരാളുമായി ഓൺലൈൻ വഴി മുഹമ്മദ് ബന്ധം പുലർത്തിയിരുന്നുവെന്നും ഇയാളുടെ നിർദേശപ്രകാരം ഭീകര സംഘടനയ്ക്കു വേണ്ടി ഫണ്ട് സ്വരൂപിച്ചുവെന്നുമാണ് എൻഐഎ ആരോപിക്കുന്നത്. 

English Summary:

Delhi Court allows Jamia Millia University student who is in jail in UAPA case to appear for examination in Tihar Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com