‘അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു; സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം’
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ‘അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു’ എന്ന് ഡോ.ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ എഴുതി. അവന്റെ സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം ആവശ്യപ്പെടുന്നത് എന്ന ചോദ്യവും കുറിപ്പിലുണ്ടെന്നാണ് വിവരം. അവർക്ക് എന്തിനാണ് ഇനിയും സ്വത്ത്. മനുഷ്യനും സ്നേഹത്തിനും വിലയില്ലേയെന്നും ഷഹ്‌ന കുറിച്ചു. ഒപി ടിക്കറ്റിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.
അതേസമയം, ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് ക്യാംപസിൽ ഡോ.ഷഹ്ന അനുസ്മരണം നടക്കും. ഡോ.ഷഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ സാഹചര്യത്തെളിവുകൾ ഡോ.റുവൈസിന് എതിരാണെന്ന് പൊലീസ് വെളിപ്പെടുത്തി. റുവൈസിനെ ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കും.
‘ഷഹ്‌ന കടുത്ത മനോവിഷമത്തിലായിരുന്നു’
വിവാഹം മുടങ്ങിയതിന്റെ മാനസിക സംഘർഷത്തിലായിരുന്നു ഡോ. ഷഹ്നയെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ. വിവാഹം മുടങ്ങിയത് സ്ത്രീധന പ്രശ്നം മൂലമാണെന്ന് ഷഹ്ന വൈകിയാണ് അറിഞ്ഞത്. ഇതോടെ മാനസികമായി തകർന്ന ഷഹ്ന രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് വീട്ടിൽ പോയി. ഷഹ്നയും റുവൈസുമായുള്ള ബന്ധം കോളജിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
‘‘ഇരുവീട്ടുകാരുമായുള്ള സംസാരത്തിനു പിന്നാലെ ഷഹ്നയെ ആകെ വിഷമത്തോടെയാണ് കണ്ടിരുന്നത്. ലീവെടുത്ത് വീട്ടില്‍ പോയി തിരികെ എത്തിയ ശേഷം വീട്ടുകാരെ എങ്ങനെയും സംസാരിച്ച് സമ്മതിപ്പിക്കാമെന്ന പ്രതീക്ഷ ഷഹ്നയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ വീട്ടുകാരെ എതിര്‍ത്ത് തീരുമാനമെടുക്കാന്‍ പറ്റില്ലെന്ന് റുവൈസിന്‍റെ മറുപടി വന്നതിനു പിന്നാലെ ഷഹ്ന തകര്‍ന്നു പോയി’’ – സുഹൃത്തുക്കളായ ഡോ. ഷോബിനും ഡോ. ഗ്യാനേഷും പറഞ്ഞു.
‘‘ഒരുമാസമായി ഷഹ്നയെ വളരെ വിഷമത്തോടെയാണ് എല്ലാവരും കണ്ടത്. വീട്ടുകാര്‍ തമ്മില്‍ നടന്ന കല്യാണാലോചനയ്ക്കു ശേഷമാണ് ഷഹ്ന വല്ലാതെയായത്. ഷഹ്നയും ഡോ. റുവൈസും റിലേഷന്‍ഷിപ്പിലായിരുന്നു. വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നതാണ്. വീട്ടുകാര്‍ ഇടപെട്ടുള്ള വിവാഹാലോചന നടന്നതിനുശേഷം മുന്നോട്ടു പോകാനാവില്ലെന്ന വാര്‍ത്തയാണ് പിന്നീട് ഞങ്ങളറിഞ്ഞത്.
ഷഹ്‌ന ആകെ വല്ലാതെയായിരുന്നുവെങ്കിലും ബന്ധം തകര്‍ന്നതിന്‍റെ വിഷമത്തിലാണ് ഞങ്ങളതിനെ കണ്ടത്. അവളും അങ്ങനെയാണ് പറഞ്ഞത്. സ്ത്രീധനമെന്ന വലിയ തെറ്റ് അതിനു പിന്നിലുണ്ടെന്ന് ആദ്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കുറച്ച് നാൾ ലീവൊക്കെ എടുത്ത് അവള്‍ വീട്ടില്‍ പോയി സെറ്റിലായിട്ടാണ് തിരികെ വീണ്ടും വന്ന് ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തത്. തിരിച്ചുവന്നതിനു പിന്നാലെ എല്ലാവരോടും നോര്‍മലായാണ് ഷഹ്ന പെരുമാറിയത്. ഞങ്ങള്‍ക്കൊപ്പം പുറത്തൊക്കെ വന്നിരുന്നുവെങ്കിലും അവളുടെ മനസിനെ ആ പ്രശ്നം വല്ലാതെ ഉലച്ചിരുന്നു.
വീട്ടുകാരോടു പിന്നീട് സംസാരിച്ചപ്പോഴാണ് സ്ത്രീധനത്തിന്റെ കാര്യം ഞങ്ങളൊക്കെ അറിഞ്ഞത്. വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാമെന്നായിരുന്നു ഇരുവരുടെയും ആദ്യത്തെ നിലപാട്. പിന്നീട് വീട്ടുകാര്‍ പറയുന്നതിനപ്പുറം പോകാന്‍ പറ്റില്ലെന്ന നിലപാട് റുവൈസ് എടുത്തത് ഷഹ്നയ്ക്ക് താങ്ങാന്‍ പറ്റുന്നതിലും അധികമായിരുന്നു. കല്യാണം മുടങ്ങിയെന്ന് പറഞ്ഞു. ഭയങ്കര വിഷമത്തിലായിരുന്നു.
സംഭവത്തിനു തലേന്ന് ഞങ്ങളുടെ സുഹൃത്തിന്‍റെ വീട്ടിലൊരു ബര്‍ത്ഡേ പാര്‍ട്ടി ഉണ്ടായിരുന്നു. അതിനും ഷഹ്ന ഞങ്ങളുടെ കൂടെ വന്നിരുന്നു. പുറമേയ്ക്ക് വളരെ സന്തോഷവതിയായിരുന്നു. ഉള്ളിലിത്രയും സങ്കടമുണ്ടായിരുന്നുവെന്നുള്ളത് അവള്‍ പുറത്ത് കാണിച്ചില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്’’ – സുഹൃത്തുക്കൾ പറഞ്ഞു.