‘ആവശ്യപ്പെട്ടത് താങ്ങാൻ സാധിക്കാത്ത തുക; വിവാഹം റജിസ്റ്റർ ചെയ്യാൻ തയാറായിരുന്നു, റുവൈസ് സ്ത്രീധനത്തിലുറച്ചുനിന്നു’
Mail This Article
തിരുവനന്തപുരം∙ റുവൈസ് പ്രാധാന്യം നൽകിയത് പണത്തിനായിരുന്നുവെന്നും താങ്ങാൻ കഴിയാത്ത അത്ര വലിയ തുകയാണ് സ്ത്രീധനമായി ചോദിച്ചതെന്നും ആത്മഹത്യ ചെയ്ത ഡോക്ടർ ഷഹ്നയുടെ സഹോദരൻ ജാസിം നാസ്. ഡോ.ഇ.എ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തിയത്.
റുവൈസിനെ ഷഹ്ന ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു. ‘‘വിവാഹം മുടങ്ങിയതിന്റെ മാനസിക വിഷമം മൂലമാണ് ഷഹ്ന അത്മഹത്യ ചെയ്തത്. ഷഹ്നയെ ഇങ്ങോട്ട് വന്ന് റുവൈസ് വിവാഹം ആലോചിച്ചതാണ്. വിവാഹത്തിന് സമ്മതിക്കുകയും നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. റുവൈസിന്റെ വീട്ടിലും വിവാഹാലോചനയുടെ ഭാഗമായി പോയി. ഇരുവരും തമ്മില്‍ അടുപ്പത്തിലായതുകൊണ്ട് കല്യാണം നടത്താന്‍ തീരുമാനിച്ചു. എന്നാൽ, സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ ഷഹ്ന ഡിപ്രഷനിലായി.
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങുമെന്ന് കണ്ടതോടെ റജിസ്റ്റര്‍ വിവാഹം ചെയ്ത് നല്‍കാന്‍ വരെ തയാറാണെന്ന് അറിയിച്ചിരുന്നു. പക്ഷേ, സ്ത്രീധനം വേണമെന്ന നിലപാടിൽ റുവൈസ് ഉറച്ചു നിന്നു. റുവൈസിന്റെ പിതാവാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. പറ്റുന്ന തരത്തില്‍ സ്ത്രീധനം നല്‍കാമെന്ന് അറിയിച്ചിരുന്നതാണ്. പക്ഷേ, ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത തരത്തിലുള്ളതാണ് അവര്‍ ആവശ്യപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹ്നയെ വിളിച്ച് പറഞ്ഞത്. എനിക്ക് പണമാണ് പ്രധാനം എന്ന് അവന്‍ പറഞ്ഞതോടെ അവള്‍ തകര്‍ന്നുപോയി.
റുവൈസിനെ പറ്റി അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ഇതിനു മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്. ഇതറിഞ്ഞതോടെ അനിയത്തിയെ വിവാഹത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇതെല്ലാം കേട്ടതോടെ ഷഹ്നയ്ക്ക് കൂടുതൽ വിഷമമായി. റുവൈസിനെപ്പറ്റി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞുകേട്ട അറിവില്‍നിന്നാണ് അയാളോട് അവള്‍ക്കു മതിപ്പ് തോന്നിയത്. അസോസിയേഷന്‍ പ്രസിഡന്റും ആയിരുന്നു. അങ്ങനെ പരിചയപ്പെട്ടാണ് ഇഷ്ടത്തിലായത്. സ്ത്രീധനം വാങ്ങിക്കുന്ന കുടുംബത്തിലേക്കു വിടാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അനിയത്തിയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാൻ കഴിഞ്ഞില്ല. 50 പവനും 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്നു പറഞ്ഞിട്ടും പറ്റില്ലെന്നു പറഞ്ഞു. സാധാരണ ഒരു കുടുംബത്തിന് പറ്റുന്നതിനെക്കാളും കൊടുക്കാമെന്നു പറഞ്ഞിട്ടും അവർ തയാറായില്ല. അവർക്ക് അതൊന്നും പോരായിരുന്നു. അവർ 150 പവനും 15 ഏക്കർ ഭൂമിയും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി ചോദിച്ചു’’ – ജാസിം പറഞ്ഞു.
യുവ ഡോക്ടർ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസ് പൊലീസ് കസ്റ്റഡിയിെലടുത്തിരുന്നു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനുശേഷമാണ് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.