ADVERTISEMENT

പാലക്കാട് ∙ ന്യൂനമർദവും ചുഴലിയുടെ സ്വാധീനവും കാരണം തുലാവർഷക്കാലം ഇതുവരെ മഴകെ‍ാണ്ടു സമൃദ്ധമായെങ്കിലും ജനുവരിയിൽ അവസാനത്തേ‍ാടെ ഉഷ്ണം ശക്തമാകാൻ സാധ്യത. പല സംസ്ഥാനങ്ങളിലും ഡിസംബറിൽതന്നെ ഉഷ്ണം കൂടുമെന്നും അടുത്തവർഷം ജൂൺ–ജൂലൈ മാസത്തിൽവരെ കൂടിയ ചൂടിന് സാധ്യതയുണ്ടെന്നുമാണ് ഒരു വിഭാഗം കലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ മേഖലയിൽ കാലാവസ്ഥ എങ്ങനെ പ്രതിഫലിക്കുമെന്നതിനെക്കുറിച്ചു ഇപ്പേ‍ാൾ നിഗമനം സാധ്യമല്ലെങ്കിലും പ്രതികൂല സാഹചര്യം ഉണ്ടാകാം. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തണുപ്പിന്റെ കാലയളവ് കുറയുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ( ഐഎംഡി) ഒടുവിലത്തെ നിഗമനം. അതു കൃഷിയെ സാരമായി ബാധിക്കും. 

ചിലയിടങ്ങളിൽ  തണുപ്പ് ഉണ്ടാകാനുള്ള സാധ്യതയും കമ്മിയുമാണ് യൂറേ‍ാപ്പിൽ കഠിനമായ തണുപ്പ് നേരത്തേ ആരംഭിച്ചിട്ടും സാധാരണപേ‍ാലെ ഇന്ത്യയിൽ തണുത്തക്കാറ്റ് എത്തിയിട്ടില്ല. യൂറേ‍ാപ്പിൽ ഇതുവരെ ജനുവരി ആദ്യമാണ് തണുപ്പ് ശക്തമാകാറെങ്കിലും ഇപ്പേ‍ാൾതന്നെ അത് അനുഭവപ്പെട്ടു തുടങ്ങിയത് കൃത്യമായ മാറ്റത്തിന്റെ സൂചനയാണ്. രണ്ടു സെന്റിമീറ്റർ മഞ്ഞ് വീഴ്ന്നിരുന്നിടത്ത് ഇത്തവണ 15 സെന്റീമീറ്ററായി ഉയർന്നു. 

എന്നാൽ, അടുത്തദിവസം അന്തരീക്ഷം കനത്ത ചൂടിന് വഴിമാറിയേക്കുമെന്നു നിഗമനമുണ്ട്. ചൂട് കൂടുന്നതേ‍ാടെ മഞ്ഞ് ഉരുകിയെ‌ാലിച്ച് വെള്ളപ്പൊക്കമുണ്ടായേക്കാം. മെ‍ാത്തത്തിൽ ഋതുക്കളുടെ നിശ്ചിതസമയം, കുറച്ചുകാലത്തേക്കെങ്കിലും താറുമാറാകുമെന്നും റിപ്പേ‍ാർട്ടുകൾ സൂചിപ്പിക്കുന്നു. ജുൺ മുതൽ സെപ്റ്റംബർ 30 വരെയുളള കാലവർഷക്കാലത്ത് ലഭിക്കേണ്ട മെ‍ാത്തം മഴയിൽ ഇത്തവണ 33% (60 സെന്റീമീറ്റർ) കുറവാണ് ലഭിച്ചത്. എന്നാൽ, തുലാവർഷം ഇതുവരെ 21% കൂടുതലും ലഭിച്ചു. അതിലൂടെ, മൺസൂൺ മഴയിലുണ്ടായ കുറവ് നികത്താൻ കഴിയില്ല. തുലാവർഷത്തിൽ കൂടുതൽ ലഭിച്ച മഴ കുറച്ചാലും 42 സെന്റിമീറ്ററിന്റെ കുറവ് ബാക്കിയാണ്. 

മാത്രമല്ല, കാലവർഷത്തിലുളള മഴയുടെ സ്വാധീനവും ഗുണവും തുലാവർഷ മഴയിൽ നിന്നു ലഭിക്കില്ലെന്നും വിദഗ്ധർ പറയുന്നു. തെ‍ക്കൻ ജില്ലകളിലാണ് തുലാമഴ കൂടുതൽ ലഭിക്കുക. സാധാരണഗതിയിൽ കാലവർഷം വടക്കു കൂടുതൽ ലഭിക്കുമെങ്കിലും ഇത്തവണ അതിൽ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. പത്തനംതിട്ടയിൽ തുലാമഴ 84% കൂടുതൽ പെയ്തു. 

പാലക്കാട് ജില്ലയിൽ 30% കൂടുതൽ പെയ്തപ്പേ‍ാൾ, കണ്ണൂരിൽ ആറും വയനാട്ടിൽ 4% കുറവാണ്. ബാക്കി ജില്ലകളിൽ ശരാശരി നല്ല മഴ കിട്ടിയിട്ടുണ്ട്. കാലവർഷം പിൻവാങ്ങുന്ന സമയത്തുണ്ടായ ന്യൂനമദത്തിൽ മഴ കുറച്ചു ദിവസം ശക്തമായി. തുടർച്ചയെന്നേ‍ാണം തുലാവർഷം മേ‍ാശമില്ലാതെ പെയ്തു തുടങ്ങി. ഡിസംബർ 30 വരെയാണ് തുലാവർഷക്കാലം. ശാന്തസമുദ്രത്തിലെ ഉഷ്ണജലപ്രവാഹത്തിന്റെയും (എൽ നീനേ‍ാ), ഇന്ത്യൻ ഒ‍ാഷ്യൻ ഡിപേ‍‍ാളിന്റെയും (ഒരേ പ്രദേശത്ത് വിപരീത കലാവസ്ഥ തുടർച്ചയായി അനുഭവപ്പെടുന്ന സ്ഥിതി) പ്രത്യാഘാതത്തിൽ അടുത്തദിവസം ന്യൂനമർദവും ചുഴലിയും ഉണ്ടാകാനുളള സാധ്യതയും വിദഗ്ധർ കാണുന്നു.

English Summary:

Heat may intensify by end of January, says some whether experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com